binoy viswam

ന്യൂഡൽഹി: എൽ.ഡി.എഫ് തങ്ങളുടെ സ്വന്തം മുന്നണിയാണെന്നും അതിനെ ദുർബലപ്പെടുത്തുന്ന ഒരു നിലപാടും സിപിഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടത് ഐക്യം തകർക്കില്ലെന്നും മുന്നണിയുടെ സ്ഥാപക പാർട്ടി എന്ന നിലയിൽ എല്ലാ ചുമതലകളും അച്ചടക്കത്തോടെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

കേരളത്തിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട വിഷയം പൊതുവേദിയിൽ ചർച്ച ചെയ്യാൻ സിപിഐ ആഗ്രഹിച്ചിരുന്നില്ലെന്നും മേയ് ഏഴിന് നടന്ന സിപിഐ-സിപിഎം ചർച്ചയിലാണ് വിഷയം ആദ്യമായി ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കീഴ്വഴക്കം അനുസരിച്ച് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഎമ്മിനാണെന്ന എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ പ്രസ്താവന മുന്നണിയുടെ തീരുമാനമല്ലെന്നും സിപിഎമ്മിന്റെ അഭിപ്രായം മാത്രമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എൽഡിഎഫിനകത്ത് ചർച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനമുണ്ടാകൂവെന്നും, സ്ഥാനം സിപിഐക്ക് ലഭിക്കുമെന്നത് പ്രതീക്ഷയല്ല, പൂർണമായ രാഷ്ട്രീയ ബോധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐക്ക് പല മണ്ഡലങ്ങളിലും അയ്യായിരം വോട്ട് പോലും ഇല്ലെന്ന തരത്തിലുള്ള വിമർശനങ്ങളോടും ബിനോയ് വിശ്വം പ്രതികരിച്ചു. എം.എ. ബേബിയോ എം.വി. ഗോവിന്ദനോ അത്തരമൊരു അഭിപ്രായം പറഞ്ഞാൽ മാത്രമേ താൻ മറുപടി പറയൂവെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐയുടെ കരുത്ത് തെളിയിക്കാൻ ആരുടെയും മുന്നിൽ കണക്കുകൾ കാണിക്കേണ്ടതില്ലെന്നും ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടി അല്ലെങ്കിലും ദേശീയ സാന്നിധ്യമുള്ള ഏറ്റവും വലിയ ഇടതുപക്ഷ പാർട്ടിയാണ് സിപിഐയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സിപിഐക്ക് സാന്നിധ്യമുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. സിപിഐ വലിയ പാർട്ടിയാകാൻ സിപിഎം ചെറുതാകണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും, ഇരുപാർട്ടികളും ശക്തമായി നിലനിൽക്കുന്നതാണ് ഇടത് ഐക്യത്തിന് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള സിപിഐയുടെ ആവശ്യം മുന്നണിക്കുള്ളിലെ ചർച്ചയിൽ നിർണായക വിഷയമായി തുടരുകയാണ്.

By Editor

Leave a Reply

Your email address will not be published. Required fields are marked *