pinarayi ramesh chennithala

തിരുവനന്തപുരം: ‘മുൻ സർക്കാർ പത്ത് വർഷം ഭരിച്ചിട്ടും 500 ഗ്രാം എംഡിഎംഎ പോലും പിടിച്ചില്ല’ എന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് കണക്കുകൾ നിരത്തി മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുറഞ്ഞപക്ഷം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോടെങ്കിലും ചോദിച്ചിരുന്നെങ്കിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ കേരള പൊലീസിന്റെ ലഹരിവേട്ട മനസ്സിലാക്കാമായിരുന്നുവെന്ന് പിണറായി സമൂഹമാധ്യമത്തിൽ കുറിച്ചു.

2024 ജൂലൈയിൽ തൃശൂരിൽ 2.4 കിലോ എംഡിഎംഎ പിടികൂടിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കേരള പൊലീസ് ഹൈദരാബാദിലെ രാജ്യാന്തര ലഹരിനിർമാണ ലാബിലെത്തിയതെന്നാണ് പിണറായി പറയുന്നത്. സിനിമാ നിർമാതാവ് നടത്തിയിരുന്ന ലാബ് കണ്ടെത്തി പൊലീസ് പൂട്ടിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. രേവന്ത് റെഡ്ഡിക്ക് പോലും ചെയ്യാൻ കഴിയാത്ത കാര്യമാണ് കേരള പൊലീസ് ഹൈദരാബാദിൽ നടത്തിയതെന്നും പിണറായി അവകാശപ്പെട്ടു.

ലഹരിവിരുദ്ധ നടപടികളുടെ പേരിൽ ഇപ്പോൾ ‘ഓപ്പറേഷൻ തൂഫാൻ’ വഴി വലിയ പ്രചാരണം നടത്തുകയാണെന്നും, എന്നാൽ സ്വന്തം ആളുകൾ ഉൾപ്പെട്ടപ്പോൾ അന്വേഷണം അട്ടിമറിച്ചവരാണ് ഇപ്പോൾ രംഗത്തുള്ളതെന്നും പിണറായി ആരോപിച്ചു. നിലവിലെ സർക്കാരിന്റെ ലഹരിവേട്ടയെയും അദ്ദേഹം വിമർശിച്ചു.

ലഹരിക്കെതിരായ മുൻ സർക്കാരിന്റെ നടപടികൾ സംബന്ധിച്ച രാഷ്ട്രീയ വാദപ്രതിവാദമാണ് ഇതോടെ ശക്തമായത്. ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയായി പഴയ കേസുകളും കേരള പൊലീസ് നടത്തിയ അന്വേഷണവും ഉയർത്തിക്കാട്ടിയ പിണറായി, ലഹരിവേട്ടയുടെ കണക്കുകൾ പരിശോധിക്കണമെന്നാണ് വ്യക്തമാക്കുന്നത്.

By Editor

Leave a Reply

Your email address will not be published. Required fields are marked *