തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം തകർന്നടിഞ്ഞ തന്റെ കരിയറിലേക്ക് വിസ്മയകരമായ തിരിച്ചുവരവാണ് നടൻ നിവിൻ പോളി നടത്തിയിരിക്കുന്നത്. ‘സർവ്വം മായ’യിലൂടെ ആദ്യമായി നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ച താരം, ഇപ്പോഴിതാ ‘ബെത്‌ലേഹം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസിൽ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ്. ചിത്രത്തിന്റെ ആഗോള കളക്ഷൻ 203 കോടി കവിഞ്ഞതോടെ, നിവിന്റെ കരിയറിലെ ആദ്യ 200 കോടി ചിത്രമായി ഇത് മാറി. മലയാള സിനിമയിൽ 200 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന ഏഴാമത്തെ ചിത്രമാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ്. ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. അതേസമയം, നായികയായ മമിത ബൈജുവിന്റെ തുടർച്ചയായ മൂന്നാമത്തെ 200 കോടി ചിത്രമെന്ന അപൂർവ്വ നേട്ടവും ഇതിലൂടെ സ്വന്തമായി. ജന നായകൻ, വിശ്വനാഥ് ആൻഡ് സൺസ് എന്നീ തമിഴ് ചിത്രങ്ങൾക്ക് ശേഷമാണ് മമിത വീണ്ടും മലയാളത്തിലും ഈ നേട്ടം ആവർത്തിക്കുന്നത്. റിലീസ് ചെയ്തതുമുതൽ തിയേറ്ററുകളിൽ വലിയ മുന്നേറ്റം നടത്തുന്ന ചിത്രം, വെറും 11 ദിവസം കൊണ്ടാണ് 200 കോടി ക്ലബ്ബിൽ കയറിയത്. ഇതിലൂടെ 13 ദിവസം കൊണ്ട് ഈ നേട്ടം കൈവരിച്ച ‘ലോക’യുടെ റെക്കോർഡാണ് ചിത്രം തകർത്തത്. അഞ്ച് ദിവസം കൊണ്ട് 200 കോടി പിടിച്ച ‘എമ്പുരാനും’, ഒമ്പത് ദിവസം കൊണ്ട് എത്തിയ ‘ദൃശ്യം 3’ യുമാണ് ഈ പട്ടികയിൽ ബെത്‌ലേഹേമിന് മുന്നിലുള്ളത്. ഭാവന സ്റ്റുഡിയോസിന്റെ നിർമ്മാണത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ സെപ്റ്റംബർ നാലിന് തിയേറ്ററുകളിലെത്തുന്നുണ്ട്. സെപ്റ്റംബർ മൂന്നിന് റിലീസ് ചെയ്യുന്ന ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’ മാത്രമാണ് നിലവിൽ ബോക്സ് ഓഫീസിൽ ബെത്‌ലേഹേമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. തിയേറ്ററുകളിൽ ഇനിയും മികച്ച തിരക്ക് അനുഭവപ്പെടുന്നതിനാൽ ചിത്രം ഇൻഡസ്ട്രി ഹിറ്റിലേക്ക് കുതിക്കുമെന്നാണ് വ്യാപകമായ വിലയിരുത്തൽ. Post navigation നേപ്പാളിൽ നിന്ന് മീനുകൾ ഒഴുകിയെത്തുന്നു, കഴിച്ചാൽ അപകടം; സർക്കാരിന്റെ മുന്നറിയിപ്പ് ലഹരിവേട്ട: രേവന്ത് റെഡ്ഡിക്ക് കഴിയാത്തത് കേരള പൊലീസ് ചെയ്തു; സ്വന്തം ആളുകൾ കുടുങ്ങിയപ്പോൾ അന്വേഷണം അട്ടിമറിച്ചു: ചെന്നിത്തലയ്ക്ക് പിണറായിയുടെ മറുപടി