AN Shamseer, Kanthapuram

കണ്ണൂർ: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്കെതിരെ പരോക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ നിയമസഭാ സ്പീക്കറുമായ എ.എൻ. ഷംസീർ രംഗത്ത്. മതപണ്ഡിതന്മാർ സമൂഹത്തെ പുറകോട്ട് നയിക്കരുതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇസ്ലാമിക ആഘോഷവേദികളിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന കാന്തപുരം എ.പി. വിഭാഗത്തിന്റെ വിവാദ സർക്കുലറിനെതിരായ പ്രതിഷേധം ശക്തമായിരിക്കുന്നതിനിടയിലാണ് ഷംസീറിന്റെ പ്രതികരണം. ഒറ്റവരിയിലുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ഏതെങ്കിലും സംഘടനയെയോ വ്യക്തിയെയോ പേരെടുത്ത് പരാമർശിച്ചിട്ടില്ല.

നബിദിനാഘോഷ റാലികളിൽ പെൺകുട്ടികളെയും സ്ത്രീകളെയും പങ്കെടുപ്പിച്ചതിന് പിന്നാലെയാണ്, സ്ത്രീകൾ പൊതുനിരത്തിലും പൊതുവേദിയിലും അന്യപുരുഷന്മാർക്കൊപ്പം പ്രത്യക്ഷപ്പെടരുതെന്ന നിർദേശവുമായി കാന്തപുരം വിഭാഗം സർക്കുലർ പുറത്തിറക്കിയത്. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു.

പിന്നീട് കൊച്ചിയിൽ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിലും ഈ നിലപാട് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ആവർത്തിച്ചു. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും അവർ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശത്തിന് കാരണമാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും, നാശമുണ്ടാകുമെന്നതിനാലാണ് ഇസ്‌ലാം അവർക്ക് പർദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

By Editor

Leave a Reply

Your email address will not be published. Required fields are marked *