sahodaran ayyappan, sreenarayana guru, shivagiri

✍️ ലിബി. സിഎസ്

നാരായണഗുരുവിനെ കുറിച്ച് ഇന്ന് അപദാനങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്തതുകൊണ്ട് അപദാന പോസ്റ്റിനൊന്നും മുതിരാതെ എല്ലാവർക്കും അറിയാവുന്നതെങ്കിലും ഒരുപക്ഷേ നിസാരങ്ങളായി കരുതിയോ അതല്ലെങ്കിൽ തങ്ങളുടെ താത്പര്യത്തിന് യോജിക്കാത്ത ചിലകാര്യങ്ങൾ ആയതിനാലോ ഗൗനിക്കാതെ വിട്ട ചില കാര്യങ്ങളിൽ പോസ്റ്റ് നീണ്ടുപോകുമെന്നതിനാൽ ഒരു മൂന്നെണ്ണം മാത്രം ഓർമ്മിപ്പിക്കാം!

ശ്രീനാരയണീയന്മാർ എന്നുപറഞ്ഞു നടക്കുന്നവർ തങ്ങൾക്ക് താത്പര്യം ഇല്ലാത്തതൊന്നും അദ്ദേഹം പറഞ്ഞാൽ പണ്ടും കേൾക്കില്ല എന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്ന ഒരാൾ നാരയണഗുരു തന്നെ ആയിരുന്നു.

1) മിശ്രഭോജനത്തെ തുടർന്ന് അയ്യപ്പനെ ജാതി ഭ്രഷ്ട് കൽപ്പിച്ച് സമുദായത്തിൽ നിന്നും പുറത്താക്കുക മാത്രമല്ല ചെയ്തത്. അയ്യപ്പനെ കൊച്ചിയിൽ നിന്നും നാടുകടത്താൻ അപേക്ഷയുമായി കൊച്ചി രാജാവിനെ കാണാനും അവർ പോയിരുന്നു. അവിടെ ചെന്നപ്പോൾ രാജാവ് അയ്യപ്പൻറെ ഒരു ഫാൻ ആണെന്നു മനസിലായതുകൊണ്ട് തങ്ങളുടെ കയ്യിലുള്ള അപേക്ഷ കൊടുത്താൽ പണി പാളും എന്ന് മനസിലാക്കി തങ്ങൾ ഒരു സ്‌കൂൾ ആരംഭിക്കാൻ പോകുകയാണെന്നും അതിന് സഹായം അഭ്യർത്ഥിക്കാനും വന്നതാണെന്ന് പറഞ്ഞു രാജാവ് കൊടുത്ത തടികളും വാങ്ങി പോന്നതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ? നാരായണ ഗുരുവിൻറെ രണ്ട് തല്ലുകൊള്ളി ശിഷ്യന്മാർ ആയിരുന്നു സഹോദരൻ അയ്യപ്പനും ആനന്ദ തീർത്ഥനും, രണ്ടുപേർക്കും നല്ല തല്ലുകിട്ടിയിട്ടുണ്ട്, ആനന്ദതീർത്ഥരെ സവർണ്ണരും എസ്എന്ഡിപിക്കാരും തല്ലിയിട്ടുണ്ടെങ്കിലും സഹോദരൻ അയ്യപ്പനെ തല്ലിയിട്ടുള്ളതൊക്കെ ഈഴവരും അപൂർവം ചില മറ്റു സമുദായങ്ങളിൽ പെട്ട അവർണ്ണരുമാണ്. അയ്യപ്പൻറെ തലയിൽ മീൻ വെള്ളം ഒഴിച്ചതും മിശറിൻ കൂട് കുടഞ്ഞതും അടികൊടുത്തതും ഈഴവരാണ്. പിന്നെ കൊടുങ്ങല്ലൂർ ഭരണിക്കെതിരെ പ്രതികരിച്ചതിന് തല്ലിയതും സവർണ്ണർ അല്ല. അവിടുത്തെ തെറിപ്പാട്ട്,  കോഴിവെട്ട്, ആടുവെട്ട്, വെളിച്ചപ്പാട് തുള്ളൽ, ടീമായ അവർണ്ണന്മാർ തന്നെയാണ്.

ചെറായിയിലെ സമുദായക്കാരോട് ‘ഗുരു കല്പിച്ചാൽ ഇതെല്ലാം അവസാനിക്കു’മെന്ന് അയ്യപ്പൻ പറയുമ്പോൾ ഗുരു പറയുന്ന ഒരു മറുപടി ഗുരുവൈഖരിയിൽ ഉണ്ട്. “നിനക്കിവരെ അറിയില്ല, നാം കല്പിച്ചാൽ അവർ കേൾക്കില്ല, അവർക്കിഷ്ടമുള്ളത് കൽപ്പിച്ചാൽ അവർ കേൾക്കും!” എന്നായിരുന്നു അത്.

2) ഗുരു ശിഷ്യ സംവാദത്തിൽ നിന്നാണ് അറിവ് നിർമ്മിക്കുന്നത്. ഗുരു നിലവിലെ അറിവിനെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്, അതിനെ പരിവർത്തിപ്പിക്കുകയും പുതിയത് നിർമ്മിക്കുകയും ചെയ്യുന്നത് ശിഷ്യന്റെ ജോലിയാണ്. അങ്ങിനെ നേടിയ സാമ്പ്രദായികമായ അറിവുകളെ അദ്ദേഹം പരിവർത്തിപ്പിച്ചതാണ് ശ്രീനാരയണഗുരുവിൻറെ ദർശനങ്ങൾ എന്നും പറയാം. നാരയണഗുരുവിൽ നിന്ന് നേടിയ അറിവുകളെ സഹോദരൻ പരിവർത്തിപ്പിക്കുകയായിരുന്നു “ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്ന്.

ശിഷ്യൻ ശരിയായ ചോദ്യം ചോദിക്കാതെ വരുമ്പോൾ ഗുരു മരിക്കുന്നു’ എന്നൊരു പരികല്പന ബുദ്ധസങ്കല്പത്തിൽ ഉണ്ട്. ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃത പാഠശാല ഉദ്ഘാടനം ചെയ്തത് വൈക്കം ക്ഷേത്രപ്രവേശന കമ്മറ്റി റിപ്പോർട്ടിൽ നാരായണഗുരുവിനെ ചണ്ഡാള പ്രമുഖനായി സ്ഥാനക്കയറ്റം നൽകിയ പുന്നശ്ശേരി നമ്പി നീലകണ്‌ഠ ശർമ്മ ആണ്.

പുന്നശ്ശേരി നമ്പി അവിടെ മുട്ടിന് മുട്ടിന് സംസ്കൃത ശ്ലോകങ്ങളൊക്കെ ചൊല്ലി ഒരു പൊളപ്പൻ ഉദ്ഘാടന പ്രഭാഷണം ആണ് നടത്തിയത്. കേട്ടിരുന്ന ശ്ലോകാഭിമാനികളായ ശിഷ്യന്മാർ ആർക്കും ഒരു കുഴപ്പവും തോന്നിയില്ല. ഗുരുവിനും പ്രത്യേകിച്ചൊന്നും തോന്നിയില്ല. സംസ്കൃത സ്‌കൂളിന്റെ ഉദ്‌ഘാടനമല്ലേ അങ്ങേര് എന്തൊക്കെയോ സംസ്കൃത മാഹാത്മ്യങ്ങൾ പറയുന്നു എന്നേ അവർ ചിന്തിച്ചു കാണൂ.
സഹോദരൻ അയ്യപ്പനും ഗുരുവും അടുത്തടുത്ത് തന്നെ ആയിരുന്നു ഇരുന്നിരുന്നത്, സഹോദരനും പഠിച്ചത് പഴയ ഡബിൾ മെയിൻ BA ആയി സംസ്കൃതവും ഹിസ്റ്ററിയുമാണ്. ‘ലോകത്തിലെ ആദ്യഭാഷ സംസ്‌കൃതമാണ്. ബ്രഹ്മാവ് ആദ്യം പറഞ്ഞത് ‘തപ’ എന്നായിരുന്നു. ‘തപ’ എന്ന വാക്ക് സംസ്കൃതമാണല്ലോ?’ എന്നൊക്കെ പറഞ്ഞു ഈ വധമിങ്ങനെ തുടർന്നുകൊണ്ടിരുന്നു….

സഹോദരൻ ഇങ്ങേരുടെ പ്രസംഗത്തിലെ പൊട്ടത്തരങ്ങളൊക്കെ കേട്ട് അൺസഹിക്കബിൾ ആയപ്പോൾ ഇങ്ങേരു പറയുന്നതൊക്കെ വിവരക്കേടല്ലേ ഗുരു? എന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ ഗുരു സഹോദരനോട് മറുപടി പറഞ്ഞു: “അത്തരം കാര്യങ്ങളിൽ അവരൊക്കെ തപ തപ തന്നെയാണ്. വേദത്തിൽ പ്രമാണംകിട്ടിയാൽ അവരാരും അതിനപ്പുറം പോകില്ല. ശങ്കരാചാര്യരും!” രണ്ടുപേരും പരസ്‌പരം നോക്കി പുഞ്ചിരിച്ചു – ഗുരു വൈഖരി – ഡോ. ടി ഭാസ്‌കരൻ.

ഇന്നു ഗുരുവിൻറെ ശിഷ്യന്മാരും ഗുരുവിൻറെ പേരിലുള്ള പ്രസ്ഥാനങ്ങളും ഈഴവ സമുദായവുമെല്ലാം ഇതേ ‘തപ തപ’ പരുവത്തിലാണ്. തനിക്ക് വേദം പ്രമാണമല്ലെന്നും, ഇവരൊക്കെ വേദത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പൊട്ടത്തരങ്ങളൊക്കെ പറയുന്നത് എന്ന് ഗുരുവിന് പറയേണ്ടി വന്നത് ശിഷ്യൻ ശരിയായ ചോദ്യം ചോദിച്ചതുകൊണ്ടാണ്.

3) 09-01-1928 ന് അതായത് നാരയണഗുരു മരിക്കുന്നതിന് 8 മാസം മുൻപാണ് ശ്രീനാരയണ ധർമ്മസംഘം ട്രസ്റ്റ് രജിസ്റ്റർ ചെയ്യുന്നത്. 1927-ല്‍ തന്നെ ഗുരുവിന്‍റെ നിർദ്ദേശപ്രകരം ധർമ്മ സംഘം ട്രസ്‌റ്റിന്റെ നിയമങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതേക്കുറിച്ച് അന്നത്തെ പ്രശസ്തരായിരുന്ന പലരുമായി അദ്ദേഹം ചർച്ച ചെയ്തിരുന്നു. അതിൽ ആത്മീയ വാദികൾ മാത്രമല്ല ഉണ്ടായിരുന്നത്. കേരളത്തിലെ ആദ്യത്തെ യുക്തിവാദി പ്രസ്ഥാനമായ അന്നത്തെ ‘യുക്തിവാദി സഭ’യുടെ പ്രസിഡണ്ട് രാമവർമ്മ തമ്പാനെ വിളിച്ചുവരുത്തി രണ്ടു ദിവസമാണ് ഗുരു ഇതേക്കുറിച്ച് ചർച്ച ചെയ്തത്. ഇത് ഗുരുവിന്റെ മിക്കവാറും എല്ലാ ജീവചരിത്രങ്ങളിലും ഉണ്ട്. സാനുമാഷ് എഴുതിയ ജീവചരിത്രത്തിലും ഉണ്ട്, അതുകൊണ്ടുതന്നെ എന്തായിരുന്നു ഗുരുവിൻറെ ലക്‌ഷ്യം എന്ന് രാമവർമ്മ തമ്പാന്‌ മറ്റാരെക്കാളും വ്യക്തമായിട്ടുണ്ടാവുമല്ലോ?

നാരായണഗുരുവിൻറെ മരണശേഷം 1932 ലെ ശ്രീനാരായണ ജയന്തിക്ക് രാമവർമ്മ തമ്പാൻ സഹോദരൻ പത്രത്തിൽ എഴുതിയ ലേഖനത്തിൽ ഇങ്ങെനെ പറയുന്നു.
“…..ശ്രീനാരയണൻ സന്യാസത്തിന് പുതിയ നിർവചനം നൽകുകയായിരുന്നു. വൈദികമോ, ലൗകികമോ ആയ യാതൊരു കർമ്മവും സന്യാസിക്കില്ലെന്നാണ് പരമ്പരാഗത നിർവചനം. ഭഗവത് ഗീതയും ഭാരതീയ വേദാന്ത ശാസ്ത്രവും കർമ്മം ഇല്ലെന്നാണ് പറയുന്നത്. അതുകൊണ്ടാണ് ചട്ടമ്പി സ്വാമി ഉൾപ്പെടെ “ഇപ്പോൾ പ്രവർത്തിയാര് പണിയാണല്ലേ?” എന്ന് പരിഹസിച്ചതും അദ്ദേഹം “പ്രവൃത്തി മാത്രമേ ഉള്ളൂ ആര് ഇല്ല” എന്നു തിരിച്ചടിച്ചതും. എന്നാൽ ത്യാഗിയായ പരോപകാരി എന്നായിരുന്നു ശ്രീനാരായണ ഗുരു സന്യാസത്തിന് നൽകിയ പുതിയ നിർവചനമെന്ന് കാണാം. തൻറെ വിൽപത്രം നാവായിക്കുളം രെജിസ്റ്റർ ഓഫീസിൽ രെജിസ്റ്റർ ചെയ്തിട്ട് വന്നശേഷം ഗുരുവും അനന്തരഗാമിയായ ബോധാനന്ദനും തമ്മിൽ നടത്തിയ സംഭാഷണത്തിൽ ഇതെല്ലാം അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീനാരായണൻറെ സ്വതന്ത്ര ചിന്തയും അദ്ധ്യാത്മികമാർഗവും ശക്തമായി പ്രചരിപ്പിക്കുക എന്നൊരു ലക്ഷ്യത്തോടൊപ്പം അദ്ദേഹം മതം ഉപേക്ഷിക്കുന്നതിന് മുൻപ് ഗുരുവിൽ വിശ്വസിച്ച് നാടും വീടും കുടുംബവും സർവവും ത്യജിച്ച് ഗുരുവിനൊപ്പെം കൂടിയ എല്ലാ ജാതിയിലും പെട്ട നിരവധി സന്യസ്ത ശിഷ്യന്മാർ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ കാലശേഷം എസ്എൻഡിപിക്കാർ അവരെ അംഗീകരിക്കില്ലെന്നും അവർ അനാഥരാക്കുമെന്നും പെരുവഴിയിലാകുമെന്നും ഗുരു വല്ലാതെ സങ്കടപ്പെട്ടിരുന്നു. അവർക്ക് അദ്ദേഹത്തിൻ്റെ കാലശേഷവും ആരെയും ആശ്രയിക്കാതെ കയറിക്കിടക്കാൻ ഒരു ഇടമുണ്ടാകണം എന്നതായിരുന്നു അതിൻറെ ഏറ്റവും പ്രധാന ലക്‌ഷ്യം.

1927-ല്‍ ആണ് ഗുരുവിന്‍റെ നിർദ്ദേശപ്രകരം ധർമ്മ സംഘം ട്രസ്‌റ്റിന്റെ നിയമങ്ങള്‍ ഉണ്ടാക്കിയത്. അതിൻറെ ചെറിയൊരു ഭാഗമാകാൻ എനിക്കും അവസരമുണ്ടായി. ഗോവിന്ദന്‍ ജഡ്ജി, രാമന്‍ തമ്പി ജഡ്ജി, അയ്യാക്കുട്ടി ജഡ്ജി, മൂര്‍ക്കോത്ത് കുമാരന്‍ എന്നിങ്ങനെ പലര്‍ക്കും അതിന്റെ കോപ്പികള്‍ അയച്ചുകൊടുത്തു. ആലുവ അദ്വൈതാശ്രമത്തിലേക്ക് എന്നെ വിളിച്ചു വരുത്തി ഗുരു ഇതേക്കുറിച്ച് രണ്ട് ദിവസം നീണ്ടു നിന്ന ചില ചര്‍ച്ചകള്‍ നടത്തുകയുമുണ്ടായി. മുറി അടച്ചിട്ടാണ് സംസാരിച്ചത്, അപ്പോൾ അവിടുത്തെ മറ്റുള്ള അന്തേവാസികൾ പോലും കേൾക്കരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തമാണല്ലോ? ആയതിനാൽ അതിലെ മുഴുവൻ കാര്യങ്ങളും ഇപ്പോൾ അദ്ദേഹത്തിൻറെ അനുവാദമില്ലാതെ അദ്ദേഹത്തിൻറെ വിയോഗത്തിന് ശേഷം പരസ്യപ്പെടുത്തുന്നത് നീതിയുക്തമല്ലാത്തതിനാൽ അതിന് മുതിരുന്നില്ല.

പിന്നീടാണ്, ഒരുവർഷം കഴിഞ്ഞു കൂര്‍ക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രത്തില്‍ വെച്ച്‌ മൂന്ന് ദിവസത്തോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷം സന്യാസി സംഘമായ ധർമ്മ സംഘം ട്രസ്‌റ്റ് രൂപീകൃതമാകുന്നത്. അന്ന് അവിടെ ഹാജരായിരുന്ന സന്യാസിമാരെല്ലാം ഗുരുവിൻറെ സാന്നിധ്യത്തിൽ അതില്‍ ഒപ്പിട്ടു. അങ്ങനെ 1928 ജനുവരി 9 ആം തീയതി ഗുരുവിൻറെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായി. അന്ന് ആ പ്ലാവിന്‍ചുവട്ടില്‍ വച്ച് എല്ലാവരുംകൂടി ഒരു ഫോട്ടോ എടുക്കുകയും ചെയ്തു.”

നാരയണഗുരുവിൻറെ മരണശേഷം എസ്എൻഡിപി യോഗവും ശിവഗിരി മഠവും തമ്മിൽ ഉണ്ടായ സ്വത്തിനുവേണ്ടിയുള്ള പ്രമാദമായ ശിവഗിരി കേസിനെ കുറിച്ചും ആ ലേഖനത്തിൽ പറയുന്നുണ്ട്. അന്ന് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി ആയിരുന്നത് സി വി കുഞ്ഞിരാമൻ ആയിരുന്നതിനാൽ സിവിയും കേസ് സംബന്ധമായ കാര്യങ്ങൾ തന്നോട് ഡിസ്‌കസ് ചെയ്തിരുന്നു എന്നും, ശിവഗിരി മഠത്തിന്റെ സ്വത്തുക്കൾ ഈഴവരിലെ സമ്പന്നർ തന്നെ നൽകിയവ ആണെന്നും അതുകൊണ്ട് അതിൽ എസ്എന്ഡിപിക്കും അവകാശമുണ്ടെന്ന വാദത്തിലും വാസ്തവം ഉണ്ടെന്നും എന്നാൽ കേസിൻറെ വിജയത്തിനായി നാരയണഗുരുവിന് അവസാനകാലത്ത് ബുദ്ധിഭ്രമമായിരുന്നു എന്ന അഫിഡവിറ്റ് കൊടുക്കാനുള്ള വക്കീലിൻറെ നിർദ്ദേശത്തോട് സിവിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു എന്നും എന്നാൽ എസ്എൻഡിപി വക്കീലിന്റെ നിർദ്ദേശപ്രകാരം അങ്ങിനെ കൊടുക്കാൻ തീരുമാനിക്കുക ആയിരുന്നെന്നും അത് ഡയറക്റ്റ് ബോർഡ് തീരുമാനം ആയിരുന്നു എന്നും ഈ വിഷയത്തിലെ തൻറെ ധർമ്മ സങ്കടങ്ങൾ സിവി താനുമായി പങ്കുവെച്ചിരുന്നു എന്നും രാമവർമ്മ തമ്പാൻ എഴുതുന്നുണ്ട്. എന്നാൽ അതിൻറെ പാപഭാരം മുഴുവൻ ജനറൽ സെക്രട്ടറി ആയിരുന്ന സിവിയുടെ തലയിൽകെട്ടിവെച്ചിട്ട് മറ്റുള്ളവരെക്കൊക്കെ കൈകഴുകുന്ന കാഴ്ചയാണ് നാം ഇന്നും കണ്ടുകൊണ്ടിരിക്കുന്നത്. (രാമവർമ്മ തമ്പാന്റെ ലേഖനത്തിൻറെ പൂർണ്ണരൂപം മറ്റൊരു പോസ്റ്റ്‌ ആയി പിന്നീട് ഇടാം)

പിന്നെ ശ്രീനാരയണ ദർശനം കൂടുതൽ പഠിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് അനുഭവം വ്യക്തമാക്കുന്നത്. കൂടുതൽ പഠിച്ചാൽ നിങ്ങൾ ഒന്നാംതരമൊരു ശ്ലോകാഭിമാനിയും ഇവരുടെ മഹാപണ്ഡിതന്മാരായ മുനിമാരും യതീന്ദ്രൻമാരും ആനന്ദന്മാമൊക്ക പറയുന്നതുപോലെ നാരായണഗുരുവിനെ നവോത്ഥാന നായകരുടെ കൂടെ കൂട്ടി താഴ്ത്തിക്കെട്ടുന്നു എന്നും ഗുരു മഹാജ്ഞാനിയായ വേദാന്തി ആണെന്നും. അയ്യൻ‌കാളി നാരയണഗുരുവിനേക്കാൾ ഗ്രേഡ് കുറഞ്ഞ ആളാണെന്നും, അയ്യൻ‌കാളി ഒരു ആത്മോപദേശ ശതകം പോയിട്ട് ദശകമെങ്കിലും എഴുതിയിട്ടുണ്ടോ എന്നും. ശാസ്ത്രം സ്വന്തമായി ഒരു ചീവീടിനെ എങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ എന്നും എല്ലാ ശാസ്ത്രങ്ങളും വേദത്തിൽ ഉണ്ടെന്നുമൊക്കെ തോന്നും.

നാരയണഗുരുവിൻറെ അവസാന 12 വർഷ കാലത്തെ സാധാരണ സംഭാഷണങ്ങളിൽ ഇന്നും
പ്രസക്തമായ ചിലകാര്യങ്ങളൊക്കെ ഉണ്ടെന്നല്ലാതെ അദ്ദേഹം അതിനുമുൻപ് എഴുതിയ കൃതികളിലൊന്നും വേദാന്തമല്ലാതെ ഒരു ഒലക്കയും ഇല്ലെന്നും സഹോദരൻ അയ്യപ്പൻ എന്നൊരു ശിഷ്യനെ കിട്ടിയില്ലായിരുന്നു എങ്കിൽ മറ്റ് ആസാമിമാരെപ്പോലെ ഒരു അവർണ്ണ ആസാമി മാത്രമായി നാരയണഗുരുവും മാറുമായിരുന്നു എന്നും നമ്മുടെ മൈത്രേയ സ്വാമി പറയുന്നത് വളരെ ശരിയാണ്! ഇന്ന് ഗുരുവിൽ കാണുന്ന അൽപ്പമെങ്കിലും പുരോഗമന മുഖം സഹോദരൻ അയ്യപ്പൻ നടത്തിക്കൊണ്ടിരുന്ന തിരുത്തലുകളുടെ ഫലമാണ്. ഗുരുവിനുണ്ടായിരുന്ന ഗുണം ശിഷ്യർ പറഞ്ഞാലും ശരിയെങ്കിൽ അംഗീകരിക്കാനും സ്വയം പരിഷ്കരിക്കാനും ഉളള മനോഭാവം ഉണ്ടായിരുന്നു എന്നതാണ്.

ശാസ്ത്രം പഠിച്ചതുകൊണ്ടു ശാസ്ത്രബോധം ഉണ്ടാകണമെന്നില്ല. ഗുരുവിന്റെ പരിണാമസിദ്ധത്തോടുള്ള സമീപനം പോലും വിഡ്ഢിത്തമായിപ്പോയത് അതേക്കുറിച്ചുള്ള ഗുരുവിന്റെ സംശയങ്ങൾ ചോദിച്ചത് സഹോദരനോട് ചോദിക്കാതെ ശാസ്ത്രം പഠിച്ച ബ്രാഹ്‌മം പിടിക്കാൻ നടക്കുന്ന ആളോട് ആയിപ്പോയതുകൊണ്ടാണ്. ഗുരു ചിന്തിച്ചിട്ടുണ്ടാകുക സഹോദരൻ സംസ്കൃതവും ഹിസ്റ്ററിയും അല്ലേ പഠിച്ചത് കുറച്ചുകൂടി കൃത്യമായ ഉത്തരം കിട്ടാൻ ശാസ്ത്രത്തിൽ പിജിയും റാങ്ക് ഹോൾഡറും എഡ്യൂക്കേഷനിൽ പി എച്ച്ഡി യുമൊക്കെ ഉള്ളയാളോട് ചോദിക്കാം എന്നാവും. പക്ഷേ ഇന്ന് അഞ്ചാം ക്‌ളാസിലെ കുട്ടികൾ പോലും പഠിക്കുന്ന സിംപിൾ ആയ ഒരു ചോദ്യം ഗുരു ചോദിച്ചപ്പോൾ തനിക്ക് ഉത്തരം മുട്ടിപ്പോയെന്നാണ് ബ്രഹ്മജ്ഞാനിയായ ഈ ശാസ്ത്രജ്ഞൻ പറഞ്ഞത്!

മതജീവികൾക്കിടയിൽ ആദ്യമായി ഉണ്ടായ ഒരു മലയാളി ‘മനുഷ്യൻ’ എന്ന നിലയിലും മനുഷ്യത്വത്തിന്റെ പ്രവാചകൻ എന്ന നിലയിലും ഉള്ള സമരണാഞ്ജലികൾ!

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *