roji m john, pinarayi vijayan

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിൽ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. മുദ്രാവാക്യംവിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം തനിക്കില്ലെന്നും ജനാധിപത്യത്തിന്റെ ഭാഷ മാത്രമേ തനിക്ക് വശമുള്ളൂ എന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറപ്പിലൂടെ വ്യക്തമാക്കി. പിണറായി വിജയന്റെ മുൻകാല നിലപാടുകളെയും പ്രതികരണങ്ങളെയും രൂക്ഷമായ ഭാഷയിലാണ് പോസ്റ്റിൽ പരിഹസിച്ചിരിക്കുന്നത്.

പ്രതിഷേധക്കാരെ ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞ് ആട്ടിപ്പായിക്കുകയോ, വീട്ടിൽ പോയി ചോദിക്കാൻ പറയുകയോ ചെയ്ത് ഉന്നതമായ ‘ജനാധിപത്യബോധം’ കാണിക്കാൻ തനിക്ക് കഴിയില്ലെന്ന് റോജി എം. ജോൺ കുറിച്ചു. കയ്യിൽ ചെടിച്ചട്ടിയോ ഹെൽമറ്റോ നൽകി ആളുകളെക്കൊണ്ട് ‘രക്ഷാപ്രവർത്തനം’ നടത്തിച്ചുള്ള മനുഷ്യത്വവും, കറുത്ത വസ്ത്രത്തിനും മാസ്കിനും നിരോധനം ഏർപ്പെടുത്തിയുള്ള പ്രതിഷേധ ഐക്യദാർഢ്യവും തന്റെ ശൈലിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹപ്രവർത്തകരെപ്പോലെ പ്രതിഷേധങ്ങൾ കണ്ട് ഭയക്കുന്ന ആളല്ല താനെന്നും, ഈ ശൈലി ഒരു കുറവാണെങ്കിൽ അത് അങ്ങനെ തന്നെ തുടരുമെന്നും മന്ത്രി പോസ്റ്റിൽ വ്യക്തമാക്കി.

മഹാരാജാസ് കോളേജിൽ വെച്ച് മന്ത്രിക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ച എസ്.എഫ്.ഐ പ്രവർത്തക നഫീസത്തുൽ മിസ്രിയയ്ക്കെതിരെ സൈബറാക്രമണം നടക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഫെയ്‌സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. കോൺഗ്രസ്-ലീഗ് അണികളുടെ സൈബർ ആക്രമണവും പോലീസിന്റെ നടപടികളും ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്നായിരുന്നു പിണറായിയുടെ വിമർശനം. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി നേരിട്ട് രംഗത്തെത്തിയത്.

Content Highlights: Minister Roji M. John has come forward with a strong response to the criticisms raised by Opposition Leader Pinarayi Vijayan regarding the protest staged by SFI activists at the graduation ceremony of Ernakulam Maharaja’s College.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *