ന്യൂഡൽഹി: നവംബർ 1 ന് രാംലീലാ മൈതാനത്ത് നടക്കാനിരിക്കുന്ന ഇന്ത്യാസഖ്യത്തിന്റെ ബഹുജന റാലിക്ക് മുന്നോടിയായി കടുത്ത സുരക്ഷാക്രമീകരണങ്ങളുമായി ഡൽഹി പോലീസ്. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) വിഷയം മുൻനിർത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. റാലിയുടെ പശ്ചാത്തലത്തിൽ 12 ഏക്കറോളം വിസ്തൃതിയുള്ള രാംലീലാ മൈതാനവും പരിസരപ്രദേശങ്ങളും പൂർണ്ണമായും പോലീസിന്റെ കടുത്ത നിരീക്ഷണവലയത്തിലാണ്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 200 മുതൽ 250 വരെ ഉയർന്ന ശേഷിയുള്ള സിസിടിവി ക്യാമറകളും തത്സമയ നിരീക്ഷണത്തിനായി പ്രത്യേക കൺട്രോൾ റൂമുകളും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. കൃത്രിമബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ മൈതാനത്തിനകത്തും പുറത്തുമുള്ള വ്യക്തികളുടെ മുഖം തത്സമയം സ്കാൻ ചെയ്ത് പരിശോധിക്കും. ഇതിനുപുറമേ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ബോഡി വോൺ ക്യാമറകളും ധരിക്കും. സുഗമമായ ജനനിയന്ത്രണത്തിനും ഏകോപനത്തിനുമായി മൈതാനത്തെ 14 സോണുകളായും പിന്നീട് അവയെ എട്ട് മേഖലകളായും തരംതിരിച്ചിട്ടുണ്ട്. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ് സോണുകളുടെ ചുമതല. വേദിയിലും പരിസരത്തുമായി ഡൽഹി പോലീസിനും സിആർപിഎഫിനുമൊപ്പം 3,500 ഓളം സേനാംഗങ്ങളെയാണ് വിന്യസിച്ചിട്ടുള്ളത്. മെറ്റൽ ഡിറ്റക്ടറുകൾ, ബാഗേജ് പരിശോധനാ സംവിധാനങ്ങൾ, ബാരിക്കേഡുകൾ എന്നിവ മൈതാനത്തിന്റെ പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ചുകഴിഞ്ഞു. അൻപതിനായിരത്തോളം ആളുകൾ റാലിയിൽ പങ്കാളികളാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ മൈതാനത്തെ എട്ട് ഗേറ്റുകളിൽ മൂന്നെണ്ണം മാത്രമായിരിക്കും തുറന്നുനൽകുക. വിഐപികൾക്കും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും പ്രത്യേക ഗേറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവേശനം രണ്ട് ഘട്ടങ്ങളായുള്ള കടുത്ത സുരക്ഷാ പരിശോധനകൾക്ക് വിധേയമായി മാത്രമായിരിക്കും. അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ വേഗത്തിൽ ഒഴിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കുടിവെള്ളം, സ്ത്രീകൾക്കായി പ്രത്യേക ശൗചാലയങ്ങൾ, മതിയായ വോളണ്ടിയർമാർ തുടങ്ങിയ സൗകര്യങ്ങൾ സംഘാടകർ ഉറപ്പുവരുത്തണമെന്ന് പോലീസ് കർശന നിർദേശം നൽകി. പങ്കെടുക്കുന്നവരുടെ പട്ടികയും വാഹനങ്ങളുടെ വിവരങ്ങളും കൈമാറാൻ നിർദേശിച്ചിട്ടുണ്ട്. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ മാത്രമാണ് റാലിക്ക് അനുമതിയുള്ളത്. നിർദിഷ്ട സമയപരിധിക്ക് ശേഷം മൈതാനത്ത് തുടരാൻ അനുവാദമുണ്ടാകില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. Content Highlights: The Delhi Police has put in place stringent security arrangements ahead of the ‘INDIA’ alliance’s mass rally scheduled to be held at Ramlila Maidan on November 1. The rally, spearheaded by the Congress, demands the resignation of Chief Election Commissioner Gyanesh Kumar in connection with the ‘Special Intensive Revision’ (SIR) process. Post navigation ‘മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല’; പിണറായിക്ക് മറുപടിയുമായി മന്ത്രി റോജി എം. ജോൺ ഇസ്രയേൽ തിരഞ്ഞെടുപ്പ്: വിദേശ ഫണ്ട് ഒഴുകിയെന്ന ആരോപണം അന്വേഷിക്കാൻ മൊസാദും ഷിൻ ബെറ്റും രംഗത്ത്