baby pinarayi

കോഴിക്കോട് ചേർന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനും പിണറായി വിജയനുമെതിരെ രൂക്ഷവിമർശനം. തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണപരവും സംഘടനാപരവും രാഷ്ട്രീയപരവുമായ ഗുരുതര വീഴ്ചകളാണെന്ന് വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നേതാക്കൾക്കിടയിലുള്ള വർധിച്ചുവരുന്ന പാർലമെന്ററി വ്യാമോഹവും അധികാരമോഹവുമാണ് പാർട്ടിയുടെ അപചയത്തിന് വഴിവെച്ചതെന്നും യോഗം വിലയിരുത്തി.

വീഴ്ചകളിൽ ഏറ്റവും പ്രധാനപ്പെട്ടത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി പാർട്ടി സ്വീകരിച്ച നിലപാടുകളാണെന്ന് വിമർശനമുയർന്നു. വെള്ളാപ്പള്ളിയെ ചുമന്നത് പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നും, അന്നത്തെ മുഖ്യമന്ത്രി അദ്ദേഹത്തെ സ്വന്തം കാറിൽ കയറ്റിയത് പാർട്ടിയുടെ മതേതര സ്വഭാവത്തിന് തിരിച്ചടിയായെന്നും സമിതി കുറ്റപ്പെടുത്തി. മുസ്ലിം സമുദായത്തിനെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമർശങ്ങളോട് മൗനം പാലിച്ചതും അവ ലീഗിനെതിരായ വിമർശനമായി മാത്രം ചുരുക്കിക്കാണിച്ചതും ന്യൂനപക്ഷങ്ങൾക്കിടയിൽ വോട്ടുചോർച്ചയ്ക്ക് കാരണമായി.

പാർട്ടി തലത്തിൽ വിശാലമായ രാഷ്ട്രീയ ചർച്ചകൾ നടത്താതെ ഭരണപരമായ തീരുമാനമെന്ന നിലയിൽ നടത്തിയ ‘ആഗോള അയ്യപ്പസംഗമം’ വലിയ തിരിച്ചടിയായെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതും മതേതര വോട്ടുകളിൽ വിള്ളൽ വീഴ്ത്തി. ഇത്തരം ഘടകങ്ങൾ പാർട്ടിയുടെ പൊതുപ്രതിച്ഛായയെ ഗുരുതരമായി ബാധിച്ചുവെന്ന് സമിതി ചൂണ്ടിക്കാട്ടി.

അതേസമയം, ലീഗ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയും ജമാഅത്തെ ഇസ്ലാമിയുടെ ആശയപ്രചാരണം ഏറ്റെടുത്ത് സംഘപരിവാർ അജണ്ടയോടൊപ്പം ചേർന്നുപോകുന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ രാഷ്ട്രീയ നീക്കങ്ങളെ ഫലപ്രദമായി തുറന്നുകാട്ടി രാഷ്ട്രീയ വിമർശനമായി ഉയർത്തിക്കൊണ്ടുവരുന്നതിൽ സിഎമ്മിനും പാർട്ടി നേതൃത്വത്തിനും വീഴ്ച പറ്റിയെന്ന ആത്മവിമർശനവും യോഗത്തിൽ ഉയർന്നു.

By Editor

Leave a Reply

Your email address will not be published. Required fields are marked *