reporter rating

കോച്ചി: റിപ്പോർട്ടർ ചാനലിൽ പൊലീസ് റെയ്ഡ് നടത്തിയിട്ടും ആ ചാനലിൻ്റെ ഉടമയെ അറസ്റ്റ് ചെയ്ത് വാർത്താ പ്രളയം സൃഷ്ടിച്ചിട്ടും യൂട്യൂബ് റേറ്റിങ്ങിൽ റിപ്പോർട്ടർ ചാനൽ തന്നെയാണ് ഇപ്പോഴും നമ്പർ വൺ. യൂട്യൂബ് ലൈവ് കാഴ്ചക്കാരുടെ എണ്ണത്തിൽ മറ്റ് എല്ലാ ചാനലുകളേക്കാളും പല മടങ്ങ് പിന്നിലാക്കിയാണ്‌ റിപ്പോർട്ടർ ചാനൽ മുന്നേറുന്നത്.

ഇന്നലെ (സെപ്റ്റംബർ 17) നട്ടുച്ചയ്ക്ക് പോലും റിപ്പോർട്ടർ ചാനൽ ലൈവായി കാണുന്നത് 17,157 പേരാണ്. ഏഷ്യാനെറ്റിലെ ഈ സമയത്തെ കാഴ്ചക്കാർ 12,485 മാത്രമാണ്. 24 ന്യൂസിൻ്റെത് 7, 067 പേരാണ്. മനോരമ ന്യൂസ് 8754 പേരും , മാതൃഭൂമി 3,962 പേരുമാണ് ലൈവായി കണ്ടിരിക്കുന്നത്. ന്യൂസ് മലയാളം 1, 107 പേരാണ്‌. മീഡിയ വണ്ണിലെ ലൈവ് കാഴ്ചക്കാർ 4,218 ഉം , ജനം ടി വിയുടേത് 2,931 ഉം ആണ്. കൈരളിയുടേത് വെറും 2114 പേരാണ്. ഈ കണക്കുകൾ പല സമയങ്ങൾക്ക് അനുസരിച്ച് മാറി മറിഞ്ഞ് കൊണ്ടിരിക്കുമെങ്കിലും ഒന്നാം സ്ഥാനത്ത് റിപ്പോർട്ടർ ചാനൽ തന്നെയാണ് എപ്പോഴും തുടരുന്നത്.

ടെലിവിഷൻ റേറ്റിങ് താൽക്കാലികമായി നിർത്തി വെക്കാൻ ഇന്ത്യയിലെ ഏക ടെലിവിഷൻ പ്രേക്ഷക റേറ്റിങ് ഏജൻസിയായ ബാർക്കിന് കേന്ദ്ര സർക്കാർ നിർദ്ദേശമുള്ളതിനാൽ ചാനലുകളുടെ പ്രകടനവും പരസ്യ മൂല്യവും വിലയിരുത്താൻ ബ്രോഡ്കാസ്റ്റർമാരും പരസ്യദാതാക്കളും ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത് യൂട്യൂബിനെയാണ്. ഇവിടെയാണ് വാർത്താ ചാനലുകളുടെ വിഭാഗത്തിൽ റിപ്പോർട്ടർ ചാനൽ ഇപ്പോഴും കുതിപ്പ് തുടരുന്നത്. ബാർക്ക് റേറ്റിങ് ഉണ്ടായിരുന്ന സമയത്തും പലതവണ ഏഷ്യാനെറ്റിനെ മറികടന്ന് റിപ്പോർട്ടർ ചാനൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. പിന്നീട് ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് തിരിച്ചു പിടിച്ചെങ്കിലും, അത് അവർ ആഘോഷിക്കും മുൻപ് തന്നെ, ബാർക്കിന് മേൽ കേന്ദ്രത്തിൻ്റെ പൂട്ട് വീണിരുന്നു.

ബാർക്ക് റേറ്റിങ് പുനസ്ഥാപിക്കപ്പെട്ടാലും ഒന്നാം സ്ഥാനത്ത് വരാൻ സാധ്യത റിപ്പോർട്ടർ ചാനൽ തന്നെയാണ് എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. യഥാർത്ഥത്തിൽ, റിപ്പോർട്ടർ ചാനലിൻ്റെ ഈ കുതിപ്പ് തന്നെയാണ് മെസി വിവാദത്തിന് പിന്നിലെ പകയുടെയും അടിസ്ഥാനം. മെസിയെ പോലുള്ള, ലോകത്തിലെ ഒന്നാം നമ്പർ താരത്തെ റിപ്പോർട്ടർ ചാനൽ മാനേജ്മെൻ്റ് മുൻകൈ എടുത്ത് കൊണ്ടു വന്നാൽ അത് എത്രമാത്രം തങ്ങൾക്ക് ക്ഷീണം ചെയ്യുമെന്നത് മറ്റ് വാർത്താ മാധ്യമങ്ങൾക്ക് എല്ലാം തന്നെ കൃത്യമായി അറിയാമായിരുന്നു. അതു കൊണ്ട് തന്നെ മെസി വരരുത് എന്ന് ആഗ്രഹിച്ചവരിൽ ഈ വിഭാഗവും പെടുമെന്നതും ഉറപ്പാണ്.

മെസി വിവാദവുമായി ബന്ധപ്പെട്ട കേസും മദ്യ കേസും ഉൾപ്പെടെ എടുത്തിട്ട് ചാർത്തി റിപ്പോർട്ടർ ചാനൽ എംഡി ആൻ്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തിട്ട് പോലും ആ ചാനലിലെ ജീവനക്കാരുടെയും മാധ്യമ പ്രവർത്തകരുടെയും ആത്മവിശ്വാസത്തെ തകർക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ഇതിനകം തന്നെ വ്യക്തമായിട്ടുള്ള കാര്യമാണ്. അതിനുള്ള റിസൾട്ട് കൂടിയാണ് യൂട്യൂബ് ലൈവിലും ഇപ്പോൾ ദൃശ്യമാകുന്നത്.

ഒരു മാധ്യമ സ്ഥാപനത്തിൻ കയറുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദയുണ്ട്. അത് റിപ്പോർട്ടർ ചാനലിലെ റെയ്ഡിൽ പൊലീസ് പാലിച്ചിട്ടില്ല. അവിടെ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർ എന്ത് തെറ്റ് ചെയ്തിട്ടാണ് അവരുടെ പ്രവർത്തനം പൊലീസ് തടസ്സപ്പെടുത്തിയത് . എംഡിയുമായി ബന്ധപ്പെട്ട കേസിൽ നിയമപരമായ കാര്യങ്ങൾ എംഡിയുമായി നേരിട്ടാണ് പൊലീസ് നടത്തേണ്ടത്. അതല്ലാതെ മാധ്യമ പ്രവർത്തകരെ അവർ ജോലി ചെയ്യുന്ന സീറ്റുകളിൽ നിന്നും എഴുന്നേൽപ്പിച്ച് വിട്ടും മൊബൈൽ ഫോൺ വാങ്ങിവച്ചുമല്ല നടപടി സ്വീകരിക്കേണ്ടത്. കേരളത്തിൽ ഏറ്റവും അധികം പേർ ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനമാണ് റിപ്പോർട്ടർ ചാനൽ. അവിടെ ഉള്ളവരെ എല്ലാവരെയും പ്രതികൂട്ടിൽ നിർത്തുന്ന നിലപാടാണ് പൊലീസ് കാണിച്ചത്.

By Editor

Leave a Reply

Your email address will not be published. Required fields are marked *