ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും. അമേരിക്കൻ പേയ്മെന്റ് കോർപ്പറേഷനുകളുടെയും വ്യാപാര കരാറുകളുടെയും സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ സീറോ-എം.ഡി.ആർ നയത്തിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരികളുടെ യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇത്തരം ഇടപാടുകൾ ആകെ എണ്ണത്തിൽ 5 ശതമാനം മാത്രമാണെങ്കിലും, ആകെ തുകയുടെ 65 ശതമാനത്തോളം വരും. വ്യാപാരികളിൽ നിന്നാണ് ഫീസ് ഈടാക്കുന്നതെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, ഇത് ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച് ഒടുവിൽ സാധാരണക്കാരനിൽ നിന്ന് തന്നെയാണ് ഈടാക്കപ്പെടുകയെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ ജനാധിപത്യത്തെ മറന്ന് ഡിജിറ്റൽ പേയ്മെന്റ് ടാക്സ് ഏർപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. ‘യുപിഐ സൗജന്യമാണ്’ എന്നതിൽ നിന്ന് മാറ്റി 2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് മാത്രം സൗജന്യമെന്ന അപഹാസ്യമായ നിലപാടിലേക്ക് സർക്കാർ മാറിയത് ജനങ്ങളുടെ ചെറിയ സമ്പാദ്യത്തെ പോലും ബാധിക്കുമെന്നും ഖാർഗെ വ്യക്തമാക്കി. Post navigation വിലയിരുത്തലുകള്‍ തുടര്‍ന്ന് പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കും; ജനകീയ പോരാട്ടങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കും: എം വി ഗോവിന്ദന് തിരഞ്ഞെടുപ്പ് തോൽവി: സി പി എമ്മിന്റെ ഭാഗത്തും ചെറുതും വലുതുമായ പോരായ്മയുണ്ടായെന്ന് എം എ ബേബി