✍️ ലിബി. സി.എസ് യുക്തിവാദികൾക്ക് ആചാര്യനും മാർപാപ്പയുമൊന്നും ഇല്ലെങ്കിലും കുറ്റിപ്പുഴ കൃഷ്ണപിള്ളയാണ് എം.സി. ജോസഫിനെ ‘യുക്തിവാദികളുടെ മാർപ്പാപ്പ’ എന്ന് വിശേഷിപ്പിച്ചത്. അതിന് ശേഷം യുക്തിവാദികൾക്ക് മാർ പാപ്പാ ആയി വാഴിക്കൽ ഇല്ലായിരുന്നു. പിന്നീട് ഞങ്ങളുടെ മായാവിസ്റ്റ് തുരുസഭയാണ് നിരീശ്വരവാദികളുടെ മാർപാപ്പയെയും ബിഷപ്പിനേയുമൊക്കെ വാഴിക്കൽ തുടങ്ങിയത്. കേരളത്തിൽ ‘ഗുരു’ എന്ന് മാത്രം പേരു ചേർക്കാതെ പ്രയോഗിച്ചാൽ മനസിലേക്ക് വരിക ശങ്കരാചാര്യർ അല്ല നാരായണഗുരു ആണ്. കേരളത്തിൽ ‘സഖാവ്’ എന്ന് പേര് ചേർക്കാതെ വിളിച്ചാൽ മനസിലേക്ക് വരിക പി. കൃഷ്ണപിള്ളയാണ്. കേരളത്തിൽ ‘സഹോദരൻ’ എന്ന് പേര് ചേർക്കാതെ പ്രയോഗിച്ചാൽ മലയാളിയുടെ എക്കാലത്തെയും പ്രിയ്യപ്പെട്ട നിഷേധി സഹോദരൻ അയ്യപ്പനാണ് മനസിലേക്ക് വരിക. കേരളത്തിൽ ‘മിതവാദി’ എന്ന് പ്രയോഗിച്ചാൽ മറ്റൊരു യുക്തിവാദി സി. കൃഷ്ണൻ വക്കീലാണ് മനസിലേക്ക് വരിക. പത്രാധിപർ എന്ന് മാത്രം പറഞ്ഞാൽ കെ. സുകുമാരൻ ആണ് മലയാളിയുടെ മനസിലേക്ക് വരിക. അതുപോലെ കേരളത്തിൽ ഒരുകാലത്ത് ‘യുക്തിവാദി’ എന്ന പേരിൽ പേരു ചേർക്കാതെ തന്നെ അറിയപ്പെട്ടിരുന്ന ഏക വ്യക്തിയാണ് എം.സി.ജോസഫ്. നിരവധി കർമരംഗങ്ങളുണ്ടായിരുന്നെങ്കിലും എം.സി.ജോസഫിന് ചരിത്രത്തിൽ ഇടം നേടിക്കൊടുത്തത് 1929-ൽ സഹോദരൻ അയ്യപ്പന്റെ മുൻകൈയിൽ പുറത്തിറങ്ങിയ ‘യുക്തിവാദി’ മാസികയുടെ പ്രതാധിപത്യമാണ്. മതനിരപേക്ഷ-ശാസ്ത്രീയ ജീവിത വീക്ഷണം മുന്നോട്ടുവയ്ക്കാനാണ് ‘യുക്തിവാദി’യിലൂടെ അദ്ദേഹം ശ്രമിച്ചത്. അതിനുവേണ്ടി നിരവധി ലേഖനങ്ങളും കുറിപ്പുകളും അദ്ദേഹം എഴുതി. ഒരു ലാഭവും ഇല്ലാതെ നഷ്ടം സഹിച്ച് 1975വരെ 46 വർഷമാണ് അദ്ദേഹം ഈ മാസിക നടത്തി കൊണ്ടുപോയത്. വാർദ്ധക്യത്തിൽ അദ്ദേഹം അതിന്റെ ചുമതല ഒഴിഞ്ഞപ്പോൾ ഉണ്ണി കാക്കനാടൻ കുറച്ചുകാലം അതേറ്റെടുത്ത് നടത്തിയെങ്കിലും അധികം വൈകാതെ മാസിക നിലയ്ക്കുകയും ചെയ്തു.മിശ്രവിവാസംഘം, യുക്തിവാദിസംഘം തുടങ്ങിയ സംഘടനകളുടെ മുഖപത്രമായിരുന്നു കേരള നവോത്ഥാനത്തിന്റെ ദീപശിഖകളിൽ ഒന്നായ യുക്തിവാദി മാസിക. ജീവിതകാലം മുഴുവന്‍ യുക്തിബോധവും ശാസ്ത്രവീക്ഷണവും സ്വതന്ത്ര ചിന്തയും ഉയര്‍ത്തിപ്പിടിച്ച നവോത്ഥാന ശില്പിയായിരുന്നു അദ്ദേഹം. എറണാകുളം തൃപ്പൂണിത്തുറയില്‍ മൂക്കഞ്ചേരി കുഞ്ഞിച്ചെറിയയുടെയും കുഞ്ഞാമ്മറിയയുടെയും മകനാണ് കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ അമരക്കാരൻ മൂക്കഞ്ചേരില്‍ ചെറിയാന് ജോസഫ് എന്ന അഡ്വ. എം.സി.ജോസഫ്. അഞ്ചുവയസ്സുള്ളപ്പോള്‍ അച്ഛന് മരിച്ചു. തൃപ്പൂണിത്തുറ സ്ക്കൂളിലും, എറണാകുളം സെന്റ്ആല്‍ബര്‍ട്സ് സ്കൂളിലും ആയിരുന്നു വിദ്യാഭ്യാസം. മലബാര്‍ ഹെറാള്‍ഡ്, കൊച്ചിന് ആര്ഗസ്സ് എന്നീ പത്രങ്ങളുടെ ലേഖകനായി കുറച്ചുനാള്‍ ജോലി നോക്കി.എന്നാല്‍ ഏറെ താമസിയാതെ അതു രാജിവച്ച് തിരുവനന്തപുരത്തു പോയി പ്ളീഡര്‍ പരീക്ഷക്കു പഠിച്ചു. 1913ല്‍ പ്ളീഡര്‍ പരീക്ഷ ജയിച്ചു. കേരള നവോത്ഥാന നായകരിൽ ഒരാളായിരുന്ന അദ്ദേഹം അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, അന്ധമായ മതഭക്തി, അജ്ഞത തുടങ്ങിയ മാനസിക രോഗങ്ങൾക്കെതിരെ പൊരുതുകയും ഭൂതപ്രേത വിശ്വാസങ്ങളും അജ്ഞതകളും ഇരുൾകെട്ടിക്കിടന്ന മനസ്സുകളെ യുക്തിചിന്തയുടെ വെളിച്ചത്തിലേക്ക് നയിക്കാനുമാണ് ശ്രമിച്ചത്. 1913-ൽ ചേർത്തല മുൻസിഫ് കോടതിയിൽ അഭിഭാഷകനായാണ് എം.സി. ജോസഫ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ആ സമയത്ത് ത്ത് അദ്ദേഹം ചേർത്തലയിൽ വാടകയ്ക്ക് താമസിച്ചിരുന്നു, എന്നാൽ അക്കാലത്തെ ചേർത്തലയുടെ ഔദ്യോഗിക രോഗമായ ‘മന്ത്’ പേടിച്ച് 1915-ൽ പ്രവർത്തനരംഗം ഇരിങ്ങാലക്കുട കോടതിയിലേക്ക് മാറ്റി. കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിൻറെ താത്വികാചാര്യനും അമരക്കരാനും എന്ന നിലയിലെ പ്രവര്‍ത്തനത്തിനു പുറമെ സഹോദര സംഘത്തിൻറെ പ്രവര്‍ത്തനത്തിലും, മിശ്രവിവാഹസംഘം പ്രവര്‍ത്തനത്തിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. കുറച്ചുകാലം കൊച്ചിന് കോണ്‍ഗ്രസ്സിലും. എസ്.എന്‍.ഡി.പി.യിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇരിങ്ങാലക്കുട സഹകരണ ബാങ്ക്, കര്‍ഷകസംഘം എന്നിവയുടെ പ്രവര്‍ത്തനത്തിലും അദ്ദേഹത്തിൻറെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു. അതതുകാലത്ത് മതം കൊട്ടിഘോഷിക്കുന്ന ദിവ്യാത്ഭുതങ്ങളെ അദ്ദേഹം വെല്ലുവിളിക്കുകയും പലതിന്റെയും പൊള്ളത്തരം തുറന്നുകാണിക്കുകയും ചെയ്തു. ഇപ്പോഴത്തെ കേരള യുക്തിവാദി സംഘത്തിന്റെ ആദ്യപ്രസിഡന്റും എം.സി. ജോസഫായിരുന്നു. വി.ടി. ഭട്ടതിരിപ്പാട്, കുറ്റിപ്പുഴ കൃഷ്ണപിള്ള എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍. കെ.എ. സുബ്രമണ്യം ജനറല്‍ സെക്രട്ടറിയും എ .വി. ജോസ്, പി.എസ്. രാമന്‍കുട്ടി എന്നിവരായിരുന്നു ജോയ്ന്റ് സെക്രട്ടറിമാര്‍. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ (എച്ച്) ല്‍ പറയുന്ന ശാസ്ത്രബോധവും അന്വേഷണത്വരയും പൗരന്മാരില് വളര്‍ത്തുക എന്ന കടമയാണു കേരളാ യുക്തിവാദി സംഘം നിറവേറ്റുന്നത്. ഇതിനിടെ ഒട്ടനേകം അന്ധവിശ്വാസങ്ങളുടെ ചുരുളഴിക്കുവാന്‍ സംഘത്തിന്റെ പ്രവര്‍ത്തനം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണു ശബരിമലയിലെ പൊന്നമ്പലമേട്ടിലെ ‘ദിവ്യജ്യോതി’ മനുഷ്യര്‍ കത്തിക്കുന്നതാണ് എന്ന സത്യം പുറത്തു കൊണ്ടു വന്നത്. ദിവ്യാത്ഭുത അനാവരണ പരിപാടികളിലൂടെ ആള്‍ദൈവ തട്ടിപ്പുകള്‍ തുറന്നുകാണിക്കാനും നിരവധി സമരങ്ങൾക്ക് നേതൃത്വം കൊടുക്കാനും കേരളാ യുക്തിവാദിസംഘത്തിനു കഴിഞ്ഞിട്ടുണ്ട്. എം.സി യെ സംബന്ധിച്ച്, പുസ്തകത്തിലും വാക്കുകളിലുമായിരുന്നില്ല യുക്തി, അത് സ്വന്തം വ്യക്തിജീവിതത്തിൽ സാക്ഷാത്കരിക്കുകയായിരുന്നു. ഇരിങ്ങാലക്കുടയിൽ അദ്ദേഹം സ്വന്തമായി വീടുവച്ചതിങ്ങനെ: എം സിക്കൊരു വീട് പണിയണം. സ്ഥലത്തെ പ്രമുഖ സ്ഥാനം നോട്ടക്കാരനെയാണ് എം.സി. ഇതിനായി ആദ്യം സമീപിച്ചത്. തന്റെ ആവശ്യങ്ങൾ അറിയിച്ചപ്പോൾ സ്ഥാനക്കാരൻ വന്നു ഉചിതമായ മുക്കുകളും കോണുകളും കണ്ടുപിടിച്ചു. എം.സി അതിനു കടകവൈരുദ്ധമായ, ”കഠോരദൂഷ്യ”മുള്ള ഒരു പ്ലാൻ ആണ് തിരഞ്ഞെടുത്തത്. മുക്കുകളും മൂലകളും കിണറും സർവ്വവും ”അസ്ഥാനത്ത്” !!. അന്തംവിട്ടുനിന്ന വാസ്തുക്കാരൻ എംസിയോട് പറഞ്ഞത്, പ്രസ്തുത സ്ഥാനത്ത് വീട് പണിതാൽ ”പാദുകമരണം” ആയിരിക്കും ഫലം എന്നാണ്. യാതൊരു മാറ്റവും വരുത്തിയില്ല. അങ്ങനെ, വാസ്തുബലി, പാലുകാച്ചൽ, കൂദാശ… ഈ വക ചടങ്ങുകളൊന്നും കൂടാതെ വീടുപണിതു സുഖമായി ജീവിച്ചു. നേരത്തെ അദ്ദേഹം ആവശ്യപ്പട്ടിരുന്നതനുസരിച്ച് മരണശേഷം എംസി ജോസഫിൻറെ ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളുടെ പഠനത്തിന് വിട്ടുകൊടുക്കുകയായിരുന്നു. ചേച്ചകുഞ്ഞ് ആണ് എം.സി.യുടെ ഭാര്യ. അഡ്വ. എം ജെ മാത്തൻ, എം ജെ ചെറിയാൻ, ഡോ. അച്ചാപ്പിള്ള, എംജെ ലീല എന്നിവരാണ് മക്കൾ. മരണശേഷം അച്ഛനെപ്പോലെ തന്നെ നാലുമക്കളുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജിന് വിട്ടുനൽകുകയായിരുന്നു. എം സി ജോസഫിന്റെ കൃതികൾ: പ്രബോധനം (1947), യുക്തിപ്രകാശം (1966), ആശയസമരം (1976), തിരഞ്ഞെടുത്ത കുറിപ്പുകള്‍ (1976), ചിന്താവിപ്ളവം (1976), നാസ്തികചിന്ത (1977), സ്വതന്ത്ര ചിന്ത (1978), കുട്ടിച്ചാത്തന് (1983), എം.സിയുടെ ലേഖനങ്ങള്‍ (ഉപന്യാസങ്ങള്‍1991), എം.സിയുടെ ദര്‍ശനങ്ങള്‍ (1995), ജ്യോത്സ്യം ഒരു കപട ശാസ്ത്രം (2004 ഇന്ത്യന്‍ എത്തീസ്റ്റ് പബ്ളീഷേഴ്സ്), പുനര്ജന്മ സ്മരണകള്‍ (2004 ഇന്ത്യന്‍ എത്തീസ്റ്റ് പബ്ളീഷേഴ്സ്), കാലത്തിനു മുന്‍പെ നടന്നവര്‍ (2005 ഇന്ത്യന്‍ എത്തീസ്റ്റ് പബ്ളീഷേഴ്സ്). Content Highlights: Although he was active in various fields, what earned M.C. Joseph a place in history was his role as the editor of the magazine ‘Yukthivadi’ (‘The Rationalist’), which was launched in 1929 under the initiative of Sahodaran Ayyappan. Through ‘Yukthivadi’, he sought to promote a secular and scientific outlook on life, contributing numerous articles and notes toward this end. He sustained the magazine for 46 years—until 1975—bearing financial losses throughout, without any expectation of profit. Post navigation ചേരാനെല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം ചുമത്തി മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് വിധിക്ക് ഒരു മാസത്തേക്ക് സ്റ്റേ, എഫ്ഐആറില്‍ തുടര്‍ നടപടികള്‍ പാടില്ലെന്നും ഡിവിഷന് ബെഞ്ച് ഉത്തരവ്