jeeva suyatra mission12

കൊച്ചി: ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ രാഷ്ട്രീയ സമ്മർദങ്ങൾക്കോ ശുപാർശകൾക്കോ വഴങ്ങി വിട്ടുവീഴ്ച ചെയ്യരുതെന്ന് പോലീസിനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തെ റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ‘ജീവ-സുയാത്ര മിഷൻ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമലംഘകരെ രക്ഷിക്കാൻ എംപിമാരോ എംഎൽഎമാരോ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഇടപെടരുതെന്നും ആറുമാസം കർശനമായി നിയമം നടപ്പാക്കിയാൽ ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ പുതിയ ഗതാഗത സംസ്കാരം രൂപപ്പെടുത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നടൻ മമ്മൂട്ടിയാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ.

വിദേശരാജ്യങ്ങളിൽ ഗതാഗത നിയമലംഘനങ്ങൾക്ക് കർശനമായ നടപടികൾ സ്വീകരിക്കുന്നതിനാൽ അവിടെ മലയാളികൾ ഉൾപ്പെടെയുള്ളവർ നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കാറുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലും നിയമലംഘകരോട് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറുന്നതിനൊപ്പം പിഴ ഈടാക്കൽ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് നിർദേശം. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ, ഹെൽമെറ്റിനുള്ളിൽ ഫോൺ തിരുകിവെച്ച് സംസാരിക്കൽ, ട്രാഫിക് സിഗ്നലുകൾ അവഗണിക്കൽ തുടങ്ങിയ പ്രവണതകൾ അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും ബസ്, ലോറി ഡ്രൈവർമാർ ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന് പ്രത്യേകമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

റോഡ് സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനൊപ്പം പൊതുജനങ്ങളും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുഴികളില്ലാത്ത സുരക്ഷിത റോഡുകൾ ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടിയുടെ പിന്തുണ റോഡ് സുരക്ഷാ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ അധ്യക്ഷനായി. മന്ത്രിമാരായ റോജി എം. ജോൺ, ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എംഎൽഎ, കൊച്ചി മേയർ കെ. മിനിമോൾ തുടങ്ങിയവരും പങ്കെടുത്തു.

Content Highlights: Kerala launched the Jeeva Su Yathra Mission in Ernakulam to cut road accidents and deaths by 50 percent. Inaugurated by CM VD Satheesan alongside Home Minister Ramesh Chennithala, the initiative names actor Mammootty as brand ambassador to drive public-led road safety efforts.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *