കൊച്ചി: മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയും തെന്നിന്ത്യൻ താരം ധനുഷും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം ‘ഓം’-ന്റെ കൊച്ചി പ്രൊമോഷൻ വേദി ആരാധകർക്ക് സമ്മാനിച്ചത് ചിരിയുടെയും സ്നേഹത്തിന്റെയും അവിസ്മരണീയ നിമിഷങ്ങളായിരുന്നു. വേദിയിൽ തനിക്ക് തൊട്ടുമുമ്പ് സംസാരിച്ച ധനുഷ്, മമ്മൂട്ടിയുടെ സ്വാഭാവിക അഭിനയശൈലിയെയും വ്യക്തിത്വത്തെയും വാനോളം പുകഴ്ത്തിയിരുന്നു. ഇതിന് മൈക്കിന് മുന്നിലെത്തിയ മമ്മൂട്ടി തന്റെ തനതായ നർമ്മം കലർന്ന ശൈലിയിലാണ് മറുപടി നൽകിയത്. തന്നെക്കുറിച്ച് താൻ പോലും കേട്ടിട്ടും അറിഞ്ഞിട്ടും ഇല്ലാത്ത കാര്യങ്ങളൊക്കെയാണ് ധനുഷ് വേദിയിൽ വിളിച്ചുപറഞ്ഞതെന്ന് മമ്മൂട്ടി ചിരിയോടെ പറഞ്ഞതോടെ സദസ്സ് ഒന്നടങ്കം പൊട്ടിച്ചിരിയിലമർന്നു. ധനുഷിന് ആദ്യം തന്നോട് ചെറിയൊരു അകൽച്ചയുണ്ടായിരുന്നെന്നും, എന്നാൽ താൻ ചേർത്തുപിടിച്ച് ആ ശത്രുതയെ മിത്രമാക്കിയെന്നും മമ്മൂട്ടി തമാശയായി കൂട്ടിച്ചേർത്തു. “ഇപ്പോൾ എന്നെ കാണാതെ അവന് ഉറക്കം വരില്ല, ആ കണ്ടീഷനാക്കിയിട്ടുണ്ട്,” എന്ന് മമ്മൂട്ടി പറഞ്ഞത് കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. ഇതൊരു തമിഴ് ചിത്രമാണെങ്കിലും മലയാളികൾ നൽകുന്ന ആവേശവും സ്നേഹവും കാണുമ്പോൾ സ്വന്തം നാട്ടിലെ സിനിമ പോലെയാണ് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സിനിമയിലേക്ക് വിളിക്കുമ്പോൾ താൻ അഭിനയിക്കാൻ പറ്റിയ ഒരു അവസ്ഥയിലായിരുന്നില്ലെന്നും, എന്നാൽ സംവിധായകന്റെ ആത്മാർത്ഥത കണ്ട് അഞ്ചെട്ട് മാസം കഴിഞ്ഞ് ഡേറ്റ് നൽകുകയായിരുന്നെന്നും മമ്മൂട്ടി പറഞ്ഞു. രാവും പകലും നീണ്ട ഷൂട്ടിംഗും യാത്രകളും ഒപ്പമുള്ളവരുടെ സ്നേഹവും കാരണം വലിയ ബുദ്ധിമുട്ടുകളൊന്നും തോന്നിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകനെക്കുറിച്ച് വാചാലനായ മമ്മൂട്ടി, അദ്ദേഹത്തിന്റെ ക്ഷമയെയും സിനിമയോടുള്ള സമർപ്പണത്തെയും പ്രശംസിച്ചു. “ചില സമയത്ത് ഷൂട്ടിംഗിൽ തടസ്സങ്ങളുണ്ടാകുമ്പോൾ പുള്ളി അത് ഡീൽ ചെയ്യുന്നത് കാണേണ്ടതാണ്. ക്ഷീണവും വിഷമവുമൊക്കെ തോന്നുമ്പോൾ ഈ മനുഷ്യന്റെ സ്നേഹം കണ്ട് നമ്മൾ വീണ്ടും അഭിനയിച്ചു കൊടുക്കും,” മമ്മൂട്ടി പറഞ്ഞു. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന സായ് പല്ലവിയെക്കുറിച്ചും മമ്മൂട്ടി വാചാലനായി. ചിത്രത്തിൽ സായ് പല്ലവി ഒരു ശക്തമായ ഇൻസ്പെക്ടറുടെ വേഷത്തിലാണ് എത്തുന്നതെന്നും പേടിപ്പിക്കലും ഇടിയും ഫൈറ്റുമൊക്കെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഈ ‘രാമായണം’ സിനിമ വന്നില്ലായിരുന്നെങ്കിൽ, ഇതായിരിക്കും സായ് പല്ലവിയുടെ ആദ്യത്തെ ആക്ഷൻ പടം. വിജയശാന്തിക്ക് ശേഷം അത്തരത്തിലുള്ള ആദ്യത്തെ ആക്ഷൻ ഹീറോ സായ് പല്ലവിയാണ്,” മമ്മൂട്ടി അഭിനന്ദിച്ചു. ധനുഷിന്റെ അച്ഛനും സംവിധായകനുമായ കസ്തൂരി രാജയുടെ അഭിനയത്തെക്കുറിച്ചും മമ്മൂട്ടി വേദിയിൽ സംസാരിച്ചു. ‘ഹബീബി’ എന്ന ചിത്രത്തിൽ അദ്ദേഹം നടത്തിയ പ്രകടനം തന്നെ ഞെട്ടിച്ചെന്നും മമ്മൂട്ടി വെളിപ്പെടുത്തി. ചിത്രത്തിൽ താൻ വില്ലനാണോ ഹീറോ ആണോ എന്ന് എനിക്ക് തന്നെ ഇതുവരെ മനസ്സിലായിട്ടില്ലെന്നും, പടം തിയറ്ററുകളിൽ എത്തുമ്പോൾ കാണാമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സ്റ്റേറ്റുകൾക്കടയിലുള്ള, തിരുപ്പതി, തിരുവണ്ണാമല എന്നീ രണ്ട് ക്ഷേത്രനഗരങ്ങൾക്കിടയിൽ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ കഥയാണ് ‘ഓം’ പറയുന്നത്. രക്തചന്ദനം വെട്ടുകാരുടെ ജീവിതവും വനമേഖലയിലെ പശ്ചാത്തലവുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഇന്ദ്രൻസിന്റെ തകർപ്പൻ പെർഫോമൻസും ചിത്രത്തിലുണ്ടെന്ന് മമ്മൂട്ടി സൂചിപ്പിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങളും ലൊക്കേഷനിലെ കുടുംബ അന്തരീക്ഷവും പങ്കുവെച്ചാണ് മമ്മൂട്ടി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. Content Highlights: The Kochi promotional event for the big-budget Tamil film ‘Om’—which marks the first-ever collaboration between Malayalam cinema megastar Mammootty and South Indian star Dhanush—offered fans unforgettable moments filled with laughter and affection. Post navigation കോടികൾ ചെലവിട്ടിട്ടും യമുന മലിനം തന്നെ; ഇനി സംസ്ഥാനങ്ങൾക്ക് പിഴ; കടുത്ത മുന്നറിയിപ്പുമായി സുപ്രീംകോടതി ലോകായുക്തക്ക് കോടതിയലക്ഷ്യ നടപടിയെടുക്കാനുള്ള അധികാരം നല്കും: രമേശ് ചെന്നിത്തല