ബോളിവുഡിൽ വീണ്ടുമൊരു വസ്ത്രധാരണ വിവാദം കൊടുമ്പിരിക്കൊള്ളുന്നു. പ്രമുഖ ജ്വല്ലറി ബ്രാൻഡിന്റെ രക്ഷാബന്ധൻ പരസ്യ ചിത്രത്തിൽ നടി കൃതി സനൻ അണിഞ്ഞ വസ്ത്രത്തെച്ചൊല്ലിയാണ് സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും വൻ വിവാദം പുകയുന്നത്. സംഭവം വൻ ചർച്ചയായതോടെ, കൃതിയുടെ വസ്ത്രധാരണത്തെയും പരസ്യത്തിന്റെ ആശയത്തെയും പരിഹസിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട് രംഗത്തെത്തിയതോടെ വിഷയം കൂടുതൽ ചൂടുപിടിച്ചു. രക്ഷാബന്ധൻ ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച പരസ്യത്തിൽ പരമ്പരാഗത വസ്ത്രങ്ങൾക്ക് പകരം ഇൻഡോ-വെസ്റ്റേൺ ശൈലിയിലുള്ള മോഡേൺ ലുക്കിലാണ് കൃതി പ്രത്യക്ഷപ്പെടുന്നത്. ബ്രാ ലെറ്റ് ശൈലിയിലുള്ള ബ്ലൗസും കേപ് ഷ്രഗ്ഗും ഡ്രേപ്പ് ചെയ്ത സ്‌കേർട്ടുമായിരുന്നു നടിയുടെ വേഷം. കൃതി അംബാസഡറും നിക്ഷേപകയുമായ ഈ ബ്രാൻഡിന്റെ പരസ്യത്തിനെതിരെ റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. രക്ഷാബന്ധൻ പോലെ പരിശുദ്ധമായ ഒരു ആഘോഷത്തെ ഗ്ലാമറൈസ് ചെയ്യാനും വിപണനത്തിന് വേണ്ടി ആചാരങ്ങളെ നിസാരവത്കരിക്കാനുമാണ് ബ്രാൻഡ് ശ്രമിച്ചതെന്നാണ് പ്രധാന ആക്ഷേപം. വിവാദം കൊഴുക്കുന്നതിനിടെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കങ്കണ റണൗട്ട് നടിക്കെതിരെ രൂക്ഷമായ പരിഹാസവുമായി എത്തിയത്. കൃതിയുടെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും പരസ്യത്തിലെ വസ്ത്രധാരണത്തെ കങ്കണ രൂക്ഷമായി വിമർശിച്ചു. സ്ത്രീകൾക്ക് ധരിക്കാൻ കോക്ടെയ്ൽ വസ്ത്രങ്ങൾ, ലെഹംഗ, സാരി, സൽവാർ കമ്മീസ് തുടങ്ങി നിരവധി ഓപ്ഷനുകൾ നിലവിലുള്ളപ്പോൾ, അതിൽ നിന്നൊക്കെ വേറിട്ട് ബിക്കിനിയിലോ അടിവസ്ത്രത്തിലോ നിന്നുകൊണ്ടാണോ ഒരാൾ സ്വന്തം സഹോദരന് രാഖി കെട്ടുന്നത് എന്ന് കങ്കണ ചോദിച്ചു. പരസ്യം അറപ്പുളവാക്കുന്ന രീതിയിലാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്നും കങ്കണ കൂട്ടിച്ചേർത്തു. പൂജാതളികയോ തിലകമോ ഇല്ലാതെ ഗ്ലാമറസ് വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടത് ഹൈന്ദവ ആചാരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ഉയരുന്ന പ്രധാന വിമർശനം. വിഷയത്തിൽ നടി കൃതി സനൻ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ടെങ്കിലും വിവാദം സോഷ്യൽ മീഡിയയിൽ ഇപ്പോഴും അടങ്ങിയിട്ടില്ല. Post navigation എക്കോ ഡോട്ടിന് വില കൂടിയതിന് പിന്നിൽ ആമസോണിന്റെ 220 ബില്യൺ ഡോളർ എഐ പന്തയം സാമ്പത്തിക ഉപരോധത്തിനുള്ള യു എസ് ശ്രമം യുദ്ധക്കളത്തിലെ പരാജയത്തിന്റെ തെളിവ്: ഇറാന്