കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ വിദ്യാര്‍ത്ഥിനിയെ കന്യാസ്ത്രീ ആയ അധ്യാപിക അധിക്ഷേപിച്ചുവെന്ന ആരോപണവുമായി രക്ഷിതാക്കള്‍. കുന്നോത്ത് സെന്റ് ജോസഫ് യുപി സ്കൂള്‍ അധ്യാപിക സിസ്റ്റര്‍ ലിന്റോ ജോസിനെതിരെയാണ് പരാതി. തലകറങ്ങി വീണ ആറാം ക്ലാസുകാരിയോട് അധ്യാപിക ‘ചത്തില്ലേ’ എന്ന് ചോദിച്ചതായും വീണുകിടന്ന കുട്ടിയെ ചവിട്ടിയതായും രക്ഷിതാക്കള്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ രക്ഷിതാക്കള്‍ സ്കൂളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സിസ്റ്റര്‍ ലിന്റോയെ സ്കൂളില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. രക്തത്തിലെ സോഡിയത്തില്‍ വ്യതിയാനം വരുന്ന വിദ്യാര്‍ത്ഥിനി സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ട്. ഇക്കാര്യം സ്കൂള്‍ അധികൃതര്‍ക്കും അറിയാവുന്നതാണെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. ഇന്നലെ ഉച്ചയോടെ കുട്ടി തലകറങ്ങി വീഴുകയായിരുന്നു. സഹപാഠികള്‍ വിവരം പ്രധാനാധ്യപകനെ അറിയിക്കാനായി മുറിയിലെത്തിയപ്പോള്‍ അവിടെ ക്ലാസ് ടീച്ചറായ ആരോപണവിധേയായ അധ്യാപികയാണ് ഉണ്ടായിരുന്നത്. കുട്ടികള്‍ വിവരം അറിയിച്ചതിന് പിന്നാലെ അസുഖമുള്ള കുട്ടി എന്ത് കൊണ്ട് നേരിട്ട് തന്നോട് വിവരം പറഞ്ഞില്ലെന്ന മറുപടിയാണ് ഇവര്‍ നല്‍കിയതെന്ന് കുട്ടികള്‍ ആരോപിച്ചു. തുടര്‍ന്ന് ക്ലാസിലെത്തിയ അധ്യാപിക നിലത്ത് കിടക്കുകയായിരുന്ന കുട്ടിയെ ചവിട്ടിയെന്നും പറയുന്നു. വിവരമറിഞ്ഞ രക്ഷിതാക്കള്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ അധ്യാപിക ആരോപണം നിഷേധിക്കുകയായിരുന്നു. അധ്യാപിക കുട്ടിയെ ചവിട്ടുകയോ അധിക്ഷേപ പരാമര്‍ശം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ കൃത്യമായ രീതിയില്‍ കുട്ടിയെ പരിഗണിക്കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്ന കുറ്റസമ്മതം അധ്യാപിക നടത്തിയെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു. ഇന്നാണ് രക്ഷിതാക്കള്‍ പ്രതിഷേധവുമായി സ്കൂളിലെത്തിയത്. Post navigation നിതിന്‍ രാജിന്റെ മരണം; ഡോ എം കെ റാമിന് ജാമ്യം