തിരുവനന്തപുരം: വിശ്വാസ്യത സമ്പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഏജന്‍സിയാണ് ഇ ഡിയെന്ന് എം സ്വരാജ്. പിണറായിയെ മൂക്കില്‍ വലിച്ച് കയറ്റും എന്നാണ് പറയുന്നത്. എന്നാല്‍ പിണറായിയെ വലിക്കാന്‍ മാത്രം വലിപ്പമുള്ള മൂക്ക് ഇഡി ക്ക് ഇല്ലെന്നും സ്വരാജ് പറഞ്ഞു. ബി ജെ പിയെ എതിര്‍ക്കുന്നവരെ വേട്ടയാടുന്ന ഏജന്‍സിയാണ് ഇ ഡി. മറ്റ് പാര്‍ട്ടിക്കാരെ വേട്ടയാടി ബിജെപിയില്‍ എത്തിക്കുന്ന പണിയാണ് എടുക്കുന്നത്. ഇ എം എസ്സിനെ കള്ളനെന്ന് അധിക്ഷേപിച്ചൊരു കാലമുണ്ടായിരുന്നു. സാമാന്യബുദ്ധിയുള്ളവര്‍ ആരോപണം പുച്ഛിച്ച് തള്ളുമെന്നും കോടതിയുടെ വരാന്തയില്‍ നില്ക്കാന് കെല്‍പ്പില്ലാത്ത കള്ളക്കേസാണിതെന്നും നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഇ ഡി നീക്കത്തില്‍ പിണറായി വിജയനെ പിന്തുണച്ച് സി പി എം പോളിറ്റ്ബ്യൂറോ രംഗത്തെത്തിയിട്ടുണ്ട്. പിണറായി വിജയന്, മകള്‍ വീണ, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള പോലീസിനോട് ആവശ്യപ്പെട്ട ഇ ഡി നടപടിയെ സി പി എം പോളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു. വീണയ്ക്കെതിരായ അന്വേഷണം തുടക്കം മുതല്‍ തന്നെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് മാത്രമായിരുന്നുവെന്ന് വ്യക്തമായിരുന്നു എന്നാണ് പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികളെ നരേന്ദ്ര മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്ന പതിവ് രീതിയാണ് ഇതെന്നും സി പിഎം കുറ്റപ്പെടുത്തി. കെ പി സി സി പ്രസിഡന്റ് ഇഡിയുടെ നടപടിയെ പിന്തുണയ്ക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ഇ ഡി നടപടികളെ ഇതേ കോണ്‍ഗ്രസ് പാര്‍ട്ടി എതിര്‍ക്കുകയാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. നേരത്തെ കേരളത്തിലെ ഒരു കോണ്‍ഗ്രസ് എം എല്‍ എ പിണറായി വിജയനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെയും ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചിരുന്നുവെന്നത് ഓര്‍ക്കേണ്ടതാണ്. ഈ വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതികള്‍ തള്ളുകയായിരുന്നു. ഇപ്പോള്‍ അതേ കേസ് തന്നെ പിണറായി വിജയനെതിരെ കെട്ടിച്ചമക്കുകയാണെന്നും കുറ്റപ്പെടുത്തി. ഇ ഡി ഏജന്റായി പ്രവര്‍ത്തിക്കരുതെന്ന് പോളിറ്റ് ബ്യൂറോ വി ഡി സതീശന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. പിണറായി വിജയനെതിരായ രാഷ്ട്രീയ പകപോക്കലിനെതിരെ പാര്‍ട്ടി രാഷ്ട്രീയമായും നിയമപരമായും ശക്തമായി പോരാടുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. Post navigation തലകറങ്ങി വീണ വിദ്യാര്‍ത്ഥിനിയെ ചവിട്ടി, അധിക്ഷേപിച്ചു; കണ്ണൂരില്‍ കന്യാസ്ത്രീ ആയ അധ്യാപികയ്ക്കെതിരെ പരാതി കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ. മോഹനൻ അന്തരിച്ചു