ചെന്നൈ: 1998ലെ കോയമ്പത്തൂർ സ്ഫോടനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അഞ്ച് പേർക്ക് 60 ദിവസത്തെ പരോൾ അനുവദിച്ചതോടെ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം ശക്തമായി. വിജയ് സർക്കാറിന്റെ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തിയപ്പോൾ, പരോളിനെ അനുകൂലിച്ച് തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ വി.എം.എസ്. മുസ്തഫയും പ്രസ്താവനയിറക്കി. ദീർഘകാലമായി ജയിലിൽ കഴിയുന്ന തടവുകാർക്ക് ചട്ടപ്രകാരമുള്ള സാധാരണ നടപടിയുടെ ഭാഗമായാണ് പരോൾ അനുവദിച്ചതെന്നാണ് സർക്കാറിന്റെ വിശദീകരണം. കോയമ്പത്തൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് അൻസാരി, മുഹമ്മദ് അലി, മോനപ്പ എന്ന മുഹമ്മദ് ഹസൻ, മുഹമ്മദ് അജം, നവാബ് ഖാൻ എന്നിവർക്കാണ് പരോൾ ലഭിച്ചത്. വ്യക്തിപരമായ ആവശ്യങ്ങളും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇവർ അപേക്ഷ നൽകിയത്. ഈ വർഷം ആദ്യം അപേക്ഷകൾ അംഗീകരിച്ചിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മോചനം നീട്ടിവെക്കുകയായിരുന്നു. പിന്നീട് സമർപ്പിച്ച അപേക്ഷകൾക്ക് അംഗീകാരം ലഭിച്ചതോടെയാണ് പരോൾ അനുവദിച്ചത്. പരോൾ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന മുഖ്യവക്താവ് നാരായണൻ തിരുപ്പതി സമൂഹമാധ്യമമായ എക്സിലൂടെ വിമർശനമുന്നയിച്ചു. 2023 ഒക്ടോബറിൽ സമാന കേസിലെ ജീവപര്യന്തം തടവുകാരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയെ ലക്ഷ്യമിട്ടാണ് സ്ഫോടനപരമ്പര നടത്തിയതെന്നും രാഷ്ട്രീയ നേട്ടങ്ങൾ ലക്ഷ്യമിട്ടാണ് സർക്കാർ പരോൾ അനുവദിച്ചതെന്നുമാണ് ബിജെപിയുടെ ആരോപണം. അതേസമയം, പരോൾ തടവുകാരുടെ സാധാരണ അവകാശമാണെന്നും അതുകൊണ്ട് ശിക്ഷയുടെ ഗൗരവം കുറയുന്നില്ലെന്നും നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു. ആരോഗ്യകാരണങ്ങളാൽ മുമ്പും ചില പ്രതികൾക്ക് കോടതികൾ പരോളും അവധിയും അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 1998 ഫെബ്രുവരി 14ന് കോയമ്പത്തൂരിൽ എൽ.കെ. അദ്വാനി പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സ്ഫോടനപരമ്പര ഉണ്ടായത്. സംഭവത്തിൽ 58 പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് 168 പേരെ അറസ്റ്റ് ചെയ്തിരുന്നു. 2007ൽ 158 പേരെ കോടതി ശിക്ഷിച്ചതിൽ 43 പേർക്ക് ജീവപര്യന്തം തടവാണ് ലഭിച്ചത്. പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന കേസിൽ ശിക്ഷിക്കപ്പെട്ട അഞ്ച് പേർക്ക് ഇപ്പോൾ പരോൾ അനുവദിച്ചതാണ് പുതിയ രാഷ്ട്രീയ തർക്കത്തിന് വഴിവെച്ചിരിക്കുന്നത്. Content Highlights: A political controversy has intensified in Tamil Nadu following the granting of a 60-day parole to five individuals sentenced to life imprisonment in the 1998 Coimbatore blast case. While the BJP has come out against the decision, V.M.S. Mustafa—an MLA from the Tamizhaga Vettri Kazhagam (TVK)—has issued a statement in support of the parole. Post navigation പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം; പള്ളി വികാരി റിമാൻഡിൽ ഇറാൻ ഭരണകൂടത്തിൻറെ ‘തായ് വേരറുക്കും’ എന്ന് നെതന്യാഹുവിന്റെ ഭീഷണി