rahul gandhi4

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ കടുത്ത അതൃപ്തി വ്യക്തമാക്കി രാഹുൽ ഗാന്ധി. വോട്ട് ചോരി ആരോപണത്തിൽ പാർട്ടിക്കുള്ളിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ കുറ്റപ്പെടുത്തി. ഒരു വിഭാഗം മുതിർന്ന നേതാക്കൾ തന്നെ പിന്തുണച്ചില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വോട്ട് ചോരിയിൽ ശക്തമായ പ്രതിഷേധവുമായി ഇറങ്ങേണ്ടതിന് പകരം വിഷയം വിശകലനം ചെയ്യൽ മാത്രമാണ് പലരുടെയും ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം വിമർശിച്ചു. താൻ അന്ന് പറഞ്ഞ കാര്യങ്ങൾ നേതാക്കൾക്ക് ബോധ്യപ്പെട്ടത് രണ്ട് വർഷം കഴിഞ്ഞിട്ടാണെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. പ്രവർത്തനം ഈ രീതിയിൽ മുന്നോട്ടുപോയാൽ ശരിയാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അധികാരം നഷ്ടപ്പെടുമെന്ന് ബി.ജെ.പി മനസ്സിലാക്കുന്നുണ്ടെന്നും, കോൺഗ്രസ് നേതാക്കളും ഇത് തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പാർട്ടി ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങളിൽ നേതാക്കൾക്ക് പൂർണ്ണ വിശ്വാസം ഉണ്ടാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി പാർട്ടി നേതാക്കൾക്ക് മേൽ കൂടുതൽ പിടിമുറുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഒരുങ്ങുകയാണ്. നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രവർത്തനം കർശനമായി നിരീക്ഷിക്കാനാണ് പുതിയ തീരുമാനം. സമൂഹമാധ്യമങ്ങളിൽ ഇടുന്ന പോസ്റ്റുകളും അഭിപ്രായങ്ങളും പാർട്ടി നിരീക്ഷിക്കും. കൂടാതെ, രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ ആരൊക്കെ പങ്കുവെക്കുന്നുവെന്നതും ഇനി മുതൽ പരിശോധിക്കും.

ഇന്നലെ നടന്ന കോൺഗ്രസ് യോഗം അതിപ്രധാനമാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷ് രാജിനെപ്പോലെ, ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തം കോൺഗ്രസ് ഒരിക്കൽ കൂടി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാരിൽ നിന്ന് വോട്ടവകാശം നേടിയെടുത്ത നമ്മൾ, ഇന്ന് ആ അവകാശം സംരക്ഷിക്കാൻ വീണ്ടും പോരാടേണ്ടതുണ്ടെന്നാണ് ഖാർഗെ ഓർമ്മിപ്പിച്ചത്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നു എന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം. പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാനാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നത്. തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതും, ഇംപീച്ച്മെന്റ് നോട്ടീസിലെ തുടർനടപടികളും യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്തിട്ടുണ്ട്.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *