shashi tharoor, gyanesh kumar

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് എം.പി. ശശി തരൂർ. തിരഞ്ഞെടുപ്പ് നടപടികളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അതിന് തയ്യാറായില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും തരൂർ വ്യക്തമാക്കി. നിയമപരമായ പരിരക്ഷ ലഭിച്ചിട്ടുണ്ടെങ്കിലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഭരണഘടനാപരമായ സംരക്ഷണമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യാ ടുഡേ ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം.

കേന്ദ്ര സർക്കാർ 2023 അവസാനത്തോടെ പാസാക്കിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ട നിയമത്തിലെ 16-ാം വകുപ്പാണ് തരൂർ ചൂണ്ടിക്കാട്ടിയത്. ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും എതിരായ സിവിൽ, ക്രിമിനൽ നടപടികളിൽനിന്ന് സംരക്ഷണം നൽകുന്നതാണ് ഈ വ്യവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളെ പാർലമെന്റിൽനിന്ന് പുറത്താക്കിയ ശേഷമാണ് ശീതകാല സമ്മേളനത്തിനിടെ നിയമം പാസാക്കിയതെന്നും തരൂർ ആരോപിച്ചു.

അതേസമയം, ഈ വ്യവസ്ഥ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും തരൂർ ചൂണ്ടിക്കാട്ടി. ഈ വർഷം ജനുവരിയിൽ കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നെങ്കിലും നിയമത്തിലെ വ്യവസ്ഥ സ്റ്റേ ചെയ്തിരുന്നില്ല. ഭരണഘടനയുടെ അനുച്ഛേദം 324(5) പ്രകാരം സുപ്രീംകോടതി ജഡ്ജിയെ പുറത്താക്കുന്നതിന് ബാധകമായ അതേ രീതിയിലും കാരണങ്ങളാലും മാത്രമേ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കാനാകൂ. മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ശുപാർശയില്ലാതെ പുറത്താക്കാനും കഴിയില്ല.

പ്രതിപക്ഷ കക്ഷികൾക്ക് ഗ്യാനേഷ് കുമാറിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തിന് എങ്ങനെ സുതാര്യമായ തിരഞ്ഞെടുപ്പ് നടത്താനാകുമെന്ന ചോദ്യവും തരൂർ ഉയർത്തി. ധാർമികതയുടെ പേരിൽ അദ്ദേഹം രാജിവെക്കണമെന്നും ജനാധിപത്യത്തിന്റെ നന്മയ്ക്കായി പദവി ഒഴിയുന്നതാണ് ഉചിതമെന്ന് തിരിച്ചറിയണമെന്നും തരൂർ ആവശ്യപ്പെട്ടു. രാജിക്ക് തയ്യാറായില്ലെങ്കിൽ ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ടുപോകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

Content Highlights: Congress MP Shashi Tharoor has adopted a tough stance against Chief Election Commissioner Gyanesh Kumar. Amidst controversies regarding irregularities in the election process, Tharoor stated that Kumar should resign, warning that if he fails to do so, the opposition will proceed with impeachment proceedings to remove him.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *