ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ഒബെൻ ഇലക്ട്രിക് പുറത്തിറക്കിയ പുതിയ റോർ ഇവോ ഇലക്ട്രിക് ബൈക്കിന് വിപണിയിൽ മികച്ച പ്രതികരണം. ബുക്കിംഗ് ആരംഭിച്ച് വെറും 15 ദിവസത്തിനുള്ളിൽ 15,000-ത്തിലധികം യൂണിറ്റുകളുടെ ബുക്കിംഗ് നേടാൻ ഈ മോഡലിന് സാധിച്ചു. 2026 ജൂൺ മാസം മുതൽ ബൈക്കുകളുടെ ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യത്തെ 10,000 ഉപഭോക്താക്കൾക്കായി 99,999 രൂപ എന്ന പ്രത്യേക പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് കമ്പനി ബൈക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതിനുശേഷമുള്ള സാധാരണ ബുക്കിംഗുകൾക്ക് 1,24,999 രൂപയായിരിക്കും എക്സ്-ഷോറൂം വില. ഔദ്യോഗിക വെബ്‌സൈറ്റിലെ പേയ്‌മെന്റ് പോർട്ടൽ വഴി ഉപഭോക്താക്കൾക്ക് ഇപ്പോൾ ഓർഡറുകൾ സ്ഥിരീകരിക്കാവുന്നതാണ്.
മികച്ച പ്രകടനക്ഷമതയുള്ള സവിശേഷതകളാണ് റോർ ഇവോയുടെ പ്രധാന ആകർഷണം. കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത 9 kW ശേഷിയുള്ള IPMSM മോട്ടോറാണ് ഈ ബൈക്കിലുള്ളത്. ഇത് 250 Nm വീൽ ടോർക്ക് ഉത്പാദിപ്പിക്കുന്നു. വെറും 3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന ഈ ബൈക്കിന്റെ പരമാവധി വേഗത മണിക്കൂറിൽ 110 കിലോമീറ്ററാണ്. 3.4 kWh LFP ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 180 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നും, ഫാസ്റ്റ് ചാർജിംഗ് വഴി വെറും 90 മിനിറ്റുകൊണ്ട് ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. കൂടാതെ ഈ ബാറ്ററിക്ക് എട്ട് വർഷത്തെ വാറണ്ടിയും ലഭ്യമാണ്.
സുരക്ഷയ്ക്കും അത്യാധുനിക സാങ്കേതികവിദ്യകൾക്കും പ്രാധാന്യം നൽകിയാണ് ബൈക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടുതൽ സുരക്ഷിതവും ദീർഘകാലം നിലനിൽക്കുന്നതുമായ എൽഎഫ്പി ബാറ്ററി സാങ്കേതികവിദ്യ ഇന്ത്യൻ വിപണിയിൽ ആദ്യമായി ഉപയോഗിച്ചവരിൽ ഒരാളാണ് ഒബെൻ ഇലക്ട്രിക്. 5 ഇഞ്ച് ടിഎഫ്ടി കളർ ഡിസ്‌പ്ലേ, ഒടിഎ അപ്‌ഡേറ്റുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ജിയോ-ഫെൻസിംഗ്, റിമോട്ട് ഇമ്മൊബിലൈസേഷൻ, എമർജൻസി എസ്ഒഎസ് തുടങ്ങിയ നിരവധി സ്മാർട്ട് ഫീച്ചറുകൾ ഇതിലുണ്ട്. റൈഡിംഗ് ശൈലിക്ക് അനുസരിച്ച് റേഞ്ച് 15% വരെ വർദ്ധിപ്പിക്കുന്ന സ്മാർട്ട്ഐക്യു സാങ്കേതികവിദ്യയും ഇതിന്റെ പ്രത്യേകതയാണ്. ഒപ്പം ദൈനംദിന ഉപയോഗത്തിനായി ഈ സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയ സീറ്റും 10 ലിറ്ററിന്റെ അണ്ടർ-സീറ്റ് സ്റ്റോറേജും ബൈക്കിലുണ്ട്.
ഈ വലിയ ബുക്കിംഗ് നേട്ടം കമ്പനിയുടെ വിജയം മാത്രമല്ല, മികച്ച പ്രകടനവും വിശ്വസനീയവുമായ സേവനവുമുള്ള ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ഇന്ത്യൻ ഉപഭോക്താക്കൾ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണെന്ന് ഒബെൻ ഇലക്ട്രിക് സ്ഥാപകയും സിഇഒയുമായ മധുമിത അഗർവാൾ പറഞ്ഞു. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലെ അടുത്ത വലിയ മാറ്റം ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടേതായിരിക്കുമെന്നും, വർദ്ധിച്ചുവരുന്ന ഈ ആവശ്യകത വലിയ തോതിൽ നിറവേറ്റാൻ ഒബെൻ ഇലക്ട്രിക് പൂർണ്ണ സജ്ജമാണെന്നും അവർ കൂട്ടിച്ചേർത്തു.

