Fri. May 15th, 2026

തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ‘ജയിലർ 2’ റെക്കോർഡ് നേട്ടങ്ങളുമായി വാർത്തകളിൽ നിറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകുന്നതിന് മുൻപേ വമ്പൻ തുകയ്ക്ക് ഒടിടി അവകാശം വിറ്റുപോയതായാണ് പുതിയ റിപ്പോർട്ടുകൾ. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ ഏകദേശം 160 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

തമിഴ് സിനിമയിലെ തന്നെ ഏറ്റവും ഉയർന്ന ഒടിടി ബിസിനസ്സുകളിൽ ഒന്നാണിത്. നേരത്തെ ഓഗസ്റ്റിൽ ചിത്രം തീയേറ്ററുകളിലെത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പുതിയ വിവരങ്ങൾ പ്രകാരം സെപ്റ്റംബർ നാലിനായിരിക്കും ജയിലർ 2 ആഗോളതലത്തിൽ റിലീസ് ചെയ്യുക. മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടുമെത്തുമ്പോൾ, മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു.

ആരാധകരെ ആവേശത്തിലാക്കി മോഹൻലാലിന്റെ മാത്യു എന്ന ഡോൺ കഥാപാത്രവും രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് സൂചന. ആദ്യ ഭാഗത്തിലെന്നപോലെ അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിർവഹിക്കുന്നത്. നെൽസൺ സംവിധാനം ചെയ്ത ജയിലർ ആദ്യ ഭാഗം ആഗോള ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചിരുന്നു. കൂലിയുടെ വിജയത്തിന് ശേഷം എത്തുന്ന രജനികാന്ത് ചിത്രം എന്ന നിലയിൽ ജയിലർ 2 വിന് വലിയ പ്രതീക്ഷയാണ് സിനിമാ ലോകം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *