sunny joseph 1

തിരുവനന്തപുരം: വോട്ടവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാണവായുവായ വോട്ടവകാശം സംരക്ഷിക്കുന്നതിനായി രാഹുൽ ഗാന്ധി നേതൃത്വം നൽകിയ ധർമസമരത്തെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാറിന്റെ നടപടിയാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ വോട്ടവകാശം അകാരണമായി ഇല്ലാതാക്കിയെന്നത് പ്രകടമായ വസ്തുതയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശമായ വോട്ടവകാശത്തെ കശാപ്പ് ചെയ്യുന്ന നിലപാടുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് കമീഷനിലെ ഭൂരിപക്ഷ അംഗങ്ങളുടെ ന്യായമായ തീരുമാനങ്ങളെ അവഗണിച്ചാണ് നിരവധി പേരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയതെന്ന ആരോപണം ഗൗരവമുള്ളതാണ്. സുപ്രീംകോടതിയുടെ ഉത്തരവുണ്ടെന്ന തെറ്റായ വാദം പോലും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ഭാഗത്തുനിന്ന് ഉയർന്നത് തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളുടെയും പൗരന്മാരുടെ വോട്ടവകാശത്തിന്റെയും വിശ്വാസ്യത സംരക്ഷിക്കേണ്ടതിനാൽ ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ മാറ്റേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, രാഹുൽ ഗാന്ധിയെയും എം.പിമാരെയും ഡൽഹി പൊലീസ് ബലമായി കസ്റ്റഡിയിലെടുത്ത് ആകാശവാണി ഭവൻ ഒഴിപ്പിച്ചു. കെ.സി. വേണുഗോപാൽ, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയും കസ്റ്റഡിയിലെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു രാഹുലും നേതാക്കളും. എന്നാൽ ഈ മാസം 15ന് കൂടിക്കാഴ്ച നടത്താമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചത്. നാളെത്തന്നെ കാണണമെന്ന ആവശ്യത്തിൽ രാഹുൽ ഉറച്ചുനിന്നതോടെ പൊലീസ് വൻ സന്നാഹവുമായി എത്തുകയായിരുന്നു. ആദ്യം രാഹുലിന് വലയം തീർത്ത എം.പിമാരെയാണ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ രാത്രി എട്ടോടെ രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു.

ഇൻഡ്യ മുന്നണി പാർലമെന്റ് സ്ട്രീറ്റിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചാണ് സംഭവങ്ങൾക്ക് തുടക്കമായത്. മാർച്ച് പൊലീസ് തടഞ്ഞതോടെ രാഹുൽ ഗാന്ധിയും ഇൻഡ്യ മുന്നണി എം.പിമാരും ആകാശവാണി വളപ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കസ്റ്റഡിയിലെടുത്ത് നീക്കാനുള്ള പൊലീസ് ശ്രമത്തെ എം.പിമാർ പലതവണ പ്രതിരോധിച്ചു. കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാഹനത്തിന്റെ ജനൽ വഴി പുറത്തിറങ്ങാൻ രാഹുൽ നടത്തിയ ശ്രമവും ഫലം കണ്ടില്ല. തുടർന്ന് നേതാക്കളെ നോർത്ത് ഡൽഹിയിലെ കിങ്സ് വേ ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈകീട്ട് ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.

Content Highlights: KPCC President Sunny Joseph has sharply criticized the detention of leaders—including Rahul Gandhi, Priyanka Gandhi, and K.C. Venugopal—during a protest in Delhi demanding the protection of voting rights.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *