blasphemy libi cs

✍️ ലിബി. സി എസ്

ഇന്ത്യയിൽ ഏറ്റവും അധികം വ്രണ കേസുകൾ രെജിസ്റ്റർ ചെയ്യപ്പെടുന്ന സംസ്ഥാനം ഏതായിരിക്കും? വല്ല ഉത്തർപ്രദേശോ ഗുജറാത്തോ ആയിരിക്കും എന്നല്ലേ ചിന്തിക്കൂ? എന്നാൽ NCRB യുടെ കണക്ക് പ്രകാരം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇന്ത്യയിൽ ഏറ്റവും അധികം വ്രണക്കേസുകൾ രെജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനം കേരളം ആണ്. ഇതിൽ മത ജീവികൾ പരസ്‌പരം കുത്തിപ്പൊട്ടിക്കുന്ന വ്രണങ്ങളും, നിരീശ്വരവാദികൾ കുത്തിപ്പൊട്ടിച്ച വ്രണങ്ങളും പെടും!

കഴിഞ്ഞ എൻ ഡി എ സർക്കാരിൻറെ കാലത്ത് ആഭ്യന്തരമന്ത്രി അമിത്ഷാ പാർലമെൻറിൽ വെച്ച കണക്കുപ്രകാരം 2019 – 2020 വർഷത്തിൽ മാത്രം അഞ്ഞൂറിൽ അധികം വ്രണക്കേസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്നതായി പറയുന്നുണ്ട്, ആ വർഷമാണ് ഏറ്റവും കൂടുതൽ വ്രണക്കേസുകൾ രെജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. (അത് ഒരുപക്ഷേ ശബരിമല ശൂദ്രകലാപത്തെ തുടർന്ന് പൊട്ടിയ വ്രണങ്ങളും കൂടി ഉൾപ്പെടുന്നത് കൊണ്ടായിരിക്കും.) എന്തായാലും 2019 – 20 ലെ റിക്കോഡ്‌ മിക്കവാറും ഈ വർഷം തന്നെയോ അതുമല്ലെങ്കിൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഏതെങ്കിലും വർഷമോ തകരും എന്നുറപ്പാണ്. അതുകൊണ്ട് വ്രണ കേസിൽ പെട്ടുകഴിഞ്ഞു ചിന്തിക്കുന്നതിനു മുൻപ് അഡ്വാൻസായി ഞങ്ങളുടെ മായാവിസ്റ്റ് തിരുസഭയുടെ വ്രണ രക്ഷായന്ത്രം പ്രയോജനപ്പെടുത്താവുന്നതാണ്.

ഇന്ന് എല്ലാ മതജീവികൾക്കിടയിലും മതവികാര വ്രണരോഗികൾ ഉണ്ടെങ്കിലും ഇന്ത്യയിലെ മതനിന്ദാ നിയമത്തിൻറെ ചരിത്രം പഠിച്ചാൽ അതിനും ഒരു മതമുണ്ട്. മറ്റു രാജ്യങ്ങളിലേതു പോലെ ആ നിയമം വാസ്തവത്തിൽ ഇന്ത്യയിലെ ഭൂരിപക്ഷ മതമായ ഹിന്ദുക്കൾക്ക് വേണ്ടി ഉണ്ടാക്കിയതല്ല. ഹിന്ദുമതത്തിന്റെ ബഹുസ്വരമായ സ്വഭാവം ദൈവ നിന്ദ പോലുള്ള ആശയങ്ങളെ അപ്രസക്തമാക്കുന്നതുമാണ്.

ബ്രിട്ടീഷുകാർ 1897 ൽ ഈ നിയമം കൊണ്ടുവന്നത് ഹിന്ദുക്കൾക്ക് വേണ്ടിയോ ബ്രിട്ടീഷുകാരുടെ സ്വന്തം മതമായ ക്രിസ്തുമതത്തെ രക്ഷിക്കാനോ ആയിരുന്നില്ല. മറിച്ച് മുസ്ലിങ്ങൾക്ക് വേണ്ടിയാണ്. ക്രിസ്ത്യൻ വ്രണക്കേസോ ഹിന്ദു വ്രണക്കേസോ അവർ വ്യാപകമായി എടുത്തിരുന്നുമില്ല. ഇന്ന് ലോകത്ത് മുസ്ലിം രാജ്യങ്ങളിൽ അല്ലാതെ എവിടെയും ശക്തമായ മതനിന്ദാ നിയമങ്ങൾ നിലനിൽക്കുന്നുമില്ല.

വാസ്തവത്തിൽ ഇന്ത്യയിൽ മതനിന്ദാ നിയമം കൊണ്ടുവന്നത് ഹിന്ദുക്കൾക്കെതിരെയാണ്. അല്ലാതെ നിരീശ്വരവാദികൾക്കെതിരെ അല്ല. ഇസ്‌ലാമിനെ ഹിന്ദുക്കളുടെ വിമർശനങ്ങളിൽ നിന്ന് രക്ഷിക്കാൻ ബ്രിട്ടീഷുകാർ ഹിന്ദുക്കളുടെ മേൽ അടിച്ചേൽപ്പിച്ചതാണ് ഇത് എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. ഈ നിയമം ഉപയോഗിച്ച് കേസ് എടുക്കാൻ തുടങ്ങിയതും ഹിന്ദുക്കൾക്കെതിരെയാണ്. ഇസ്ലാമിനെതിരെ വിവാദമുണ്ടാക്കിയ ആര്യസമാജം നേതാക്കളുടെ കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തിലാണ് ഇത്.

1897ൽ പണ്ഡിറ്റ് ലേഖ്‌റാമിനെ ഒരു മുസ്ലീം കൊലപ്പെടുത്തിയതോടെയാണ് ഇതിന്റെ തുടക്കം. 1926-ൽ ഹിന്ദു സംഗതൻ, സേവിയർ ഓഫ് ഡൈയിങ് റേസ് എഴുതിയതിനു പുറമേ, ഇസ്‌ലാമിൽ നിന്ന് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്ത ഒരു കുടുംബത്തിന് സംരക്ഷണം നൽകുകയും ചെയ്ത സ്വാമി ശ്രദ്ധാനന്ദയെ കൊലപ്പെടുത്തിയ ശേഷം 1926 ഡിസംബറിൽ കൊലപാതക പരമ്പര ആരംഭിച്ചു.

അതിന് മുൻപ് 1915-ൽ ആര്യസമാജപ്രഭാഷകനായ ധർമ്മ് ബീറിനെതിരായ കേസിൽ പത്തു മുസ്ലീങ്ങൾ കലാപത്തിന് ശിക്ഷിക്കപ്പെട്ടു എങ്കിലും മറ്റൊരു സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവമായ പദപ്രയോഗങ്ങളും ആംഗ്യങ്ങളും ഉപയോഗിച്ചതിന് ധർമ്മ് ബീറിനെതിരെയും മതനിന്ദാ കേസ് എടുത്തു. ജോസഫ് മാഷിൻറെ കൈവെട്ടിയവർക്ക് എതിരെ കേസ് എടുത്തതിനൊപ്പം തന്നെ ജോസഫ് മാഷിനെതിരെ മതനിന്ദാ കേസും എടുത്തിരുന്നതുപോലെ!

എന്നാൽ ധർമ്മ് ബീറിനെ പോലെ ജോസഫ് മാഷ് ശിക്ഷിക്കപ്പെടാതിരുന്നത് ഇൻഡ്യൻ ഭരണഘടന നിലവിൽ വന്നശേഷമാണ് ജോസഫ് മാഷിന് കേസ് വന്നത് എന്നതിനാലാണ്. സ്വാതന്ത്ര്യാനന്തരം മതവികാര വ്രണക്കേസ് കോടതിയിൽ ചീറ്റി പോകുന്നത് ആർട്ടിക്കിൾ 19-ലെ സ്വാതന്ത്ര്യത്തിനുള്ള അവകാശം അതിന്റെ ആറ് സ്വാതന്ത്ര്യങ്ങളിൽ ഒന്നായി സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പ് നൽകുന്നു എന്നതിനാലാണ്.

കൊളോണിയൽ ഭരണകൂടം തങ്ങൾക്കെതിരെ ഉണ്ടാക്കിയ നിയമം ആണെങ്കിലും ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടം BNS ഉണ്ടാക്കിയപ്പോഴും അത് സെക്ഷൻ നമ്പർ മാത്രം മാറ്റി പകർത്തിവെച്ച് അത് ഉപയോഗിച്ച് ഇന്ന് ഏറ്റവും അധികം വ്രണക്കേസുകൾ കൊടുക്കുന്നത് ഹിന്ദു വ്രണിതർ ആയിരുന്നു എന്നതാണ് കോമഡി.

മൊത്തം കേസുകളുടെ കണക്ക് അനുസരിച്ച് ഒന്നാം സ്ഥാനത്ത്‌ ഹിന്ദു വ്രണരോഗികളും രണ്ടാം സ്ഥാനത്ത് ക്രിസ്ത്യൻ വ്രണ രോഗികളും മൂന്നാം സ്ഥാനത്തു മുസ്ലിം വ്രണരോഗികളുമായിരുന്നു. മുസ്ലിങ്ങളിൽ വ്രണ രോഗികൾ കുറവായതുകൊണ്ടല്ല കേസുകളുടെ എണ്ണം കുറഞ്ഞുപോയത്. മുസ്ലിം വ്രണിതർ കേസുമായി ചെന്നാലും പോലീസ് കേസ് എടുക്കുമായിരുന്നില്ല, വലിയ സ്വാധീനവും പ്രഷറുമൊക്കെ ചെയ്യാൻ കഴിവുള്ള വ്രണിതരുടെ കേസുമാത്രമാണ് മുസ്ലിം വ്രണങ്ങളിൽ പരിഗണിച്ചിരുന്നത്. അതായത് അവിടെയും അവർക്ക് വിവേചനം ആയിരുന്നു. വ്രണം പൊട്ടാനുള്ള സ്വാതന്ത്ര്യത്തിൻറെ കാര്യത്തിലും വിവേചനം നേരിട്ടിരുന്ന ഒരു മതം!

എന്നാൽ കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ കേരളത്തിലെ സ്ഥിതിഗതികൾ മാറിയിട്ടുണ്ട്. ഹിന്ദു വ്രണ രോഗികളെ പിന്നിലാക്കി ഒന്നാം സ്ഥാനം മുസ്ലിം വ്രണരോഗികൾ കൈക്കലാക്കി കഴിഞ്ഞു. അതായത് മുസ്ലിം വ്രണരോഗികൾക്ക് ഭരണകൂടത്തിലും പോലീസിലും സ്വാധീനം വർദ്ധിച്ചു എന്ന് സാരം. വെറും നൂറ് ദിവസം കൊണ്ട് ഇതാണ് ആസ്ഥയെങ്കിൽ കേരളത്തിൻറെ 2019 -20 ലെ റിക്കോഡ്‌ അഞ്ചുവർഷത്തിനുള്ളിൽ തിരുത്തപ്പെടുക മാത്രമല്ല ഹിന്ദു വ്രണിതന്മാരെ മലർത്തിയടിച്ച് മുസ്ലിം വ്രണിതന്മാർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

ഇത്തരത്തിലുള്ള എല്ലാത്തരം വ്രണരോഗികളിൽ നിന്നും ഉള്ള ഏക രക്ഷ ഇനി മായാവി മാത്രമാണ്. ഞങ്ങളുടെ തിരുസഭാ ട്രസ്റ്റിൽ അംഗമാകൂ വ്രണരോഗങ്ങളിൽ നിന്നും പരിപൂർണ്ണ രക്ഷ ഞങ്ങൾ ഉറപ്പു നൽകുന്നു. കൂടാതെ ഡാകിന്യാസനത്തിൽ വ്രണ രക്ഷാ യന്ത്രവും ലഭിക്കും!

എന്തയാലും ഈ മതവികാര വ്രണിതരെല്ലാവരും കൂടി മതേതരമായ ഒരു ഐക്യമുന്നണി ഉണ്ടാക്കി ഭരണഘടനയിലെ ആർട്ടിക്കിൾ 19(1)(a) റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ വ്രണിതർ കോടതികയറി നാണംകെടുകയേ ഉള്ളൂ. അതുകൊണ്ട് വേഗം അതിനുള്ള വഴിനോക്കിയാൽ എല്ലാ രാഷ്ട്രീയക്കാരുടെയും പിന്തുണ വ്രണിതന്മാർക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. ആ വഴിക്ക് ഒന്ന് ശ്രമിച്ചുകൂടെ?

By Editor

Leave a Reply

Your email address will not be published. Required fields are marked *