തിരുവനന്തപുരം: വന്ദേമാതരം പൂര്‍ണ്ണമായി ചൊല്ലിയതിന് സമരം ചെയ്യുന്നവരെ അതിക്രൂരമായി നേരിടാനാണ് യുഡിഎഫ് സർക്കാരിന്റെ തീരുമാനമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർക്ക് വേണ്ടി സർക്കാർ എന്തും ചെയ്യുകയാണെന്നും ആര്‍ എസ് എസിനെ സന്തോഷിപ്പിക്കുകയാണ് മന്ത്രിസഭയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. കേരള സർവകലാശാലയിൽ വന്ദേമാതരം പൂർണമായി ചൊല്ലിയതിനെതിരെ എസ്എഫ്ഐ നടത്തിയ സമരത്തിന് നേരെയുണ്ടായത് നരനായാട്ടാണെന്നും അദ്ദേഹം പറഞ്ഞു. മാർച്ചിനിടെ രണ്ട് പെൺകുട്ടികളെ പൊലീസ് ക്രൂരമായി മർദിച്ചു. ലാത്തികൊണ്ട് പെൺകുട്ടികളുടെ മുഖത്തടിച്ചെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിലും പി എസ് സഞ്ജീവ് ഉൾപ്പെടെയുള്ള നേതാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചെന്ന് അദ്ദേഹം ആരോപിച്ചു. മാർച്ചിൽ പങ്കെടുക്കാത്തവർക്കെതിരെയും കേസെടുത്തെന്നും വീടുകളിലെത്തിയാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്യുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. സർവകലാശാലാ ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് ഗവർണറും സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാനത്തിന് അധികാരം നഷ്ടപ്പെടുന്ന തരത്തിലുള്ള കരാറിലാണ് ഒപ്പിട്ടതെന്നും അദ്ദേഹം ആരോപിച്ചു. സർവകലാശാലകളെ ആർഎസ്എസിന് കാഴ്ചവെച്ച് അവരുടെ ചട്ടുകമായി മാറുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. സ്ത്രീ-പുരുഷ സമത്വം വലിയ പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്നും കുടുംബശ്രീയുടെ കരുത്ത് വലിയ വിഭാഗം സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾ ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും കേരളം വലിയ വനിതാ മുന്നേറ്റത്തിന് നേതൃത്വം നൽകിയ സംസ്ഥാനമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. അതേസമയം, തോമസ് ഐസക്കിന്റെ പ്രതികരണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്ര-സംസ്ഥാന റിവ്യൂ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും അത് പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ഗോവിന്ദൻ പറഞ്ഞു. പിണറായി വിജയന്റെ ഒന്നര മണിക്കൂർ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രമാണ് പ്രചരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പയ്യന്നൂരിലും തളിപ്പറമ്പിലും ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന ദൗർബല്യമാണ് ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് സിപിഐയുമായി ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ. സിപിഐയുമായി ചർച്ച ചെയ്യാതെ ഒരു രേഖയും നൽകില്ലെന്നും സിപിഐഎമ്മും സിപിഐയും ഇടതുപക്ഷത്തെ പ്രധാന പാർട്ടികളാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ചെറിയ തർക്കങ്ങളും ഭിന്നതകളും ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Post navigation കാലടി സർവകലാശാല വിസിക്കെതിരായ പ്രതിഷേധം; 17 വിദ്യാർഥികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി പിഎം ശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷി