തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. പദ്ധതി നടപ്പാക്കരുതെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നിർദേശിച്ചു. പദ്ധതിക്കെതിരെ കൂടുതൽ നേതാക്കളും രംഗത്തെത്തി. പാർട്ടിയും സർക്കാരും തമ്മിൽ ഏകോപനമില്ലെന്നും സർക്കാർ തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും യോഗത്തിൽ വിമർശനമുയർന്നു. പിഎം ശ്രീ പദ്ധതി നടപ്പാക്കരുതെന്നതാണ് ശക്തമായ അഭിപ്രായമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ യോഗത്തിൽ വ്യക്തമാക്കി. പദ്ധതി വൈകിപ്പിക്കുന്നതിനാണ് കമ്മിറ്റി രൂപീകരിച്ചതെന്നും പദ്ധതിയിൽനിന്ന് പിന്മാറുന്നതിനുള്ള പരിമിതികൾ സർക്കാരിനുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, കെപിസിസിക്ക് മുഴുവൻ സമയ അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. പി ജെ കുര്യനാണ് ആവശ്യം ഉന്നയിച്ചത്. പാർട്ടി പുനഃസംഘടന അനിവാര്യമാണെന്ന അഭിപ്രായവും ഭൂരിഭാഗം നേതാക്കളും പങ്കുവച്ചു. പ്രതിപക്ഷത്തായിരുന്നപ്പോൾ പിഎം ശ്രീ പദ്ധതിയെ ശക്തമായി എതിർത്ത യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം നിലപാട് മാറ്റിയെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. എന്നാൽ, എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടതിനാൽ പദ്ധതിയിൽനിന്ന് പിന്മാറാനാകില്ലെന്നായിരുന്നു യുഡിഎഫിന്റെ വാദം. സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രഫണ്ട് നഷ്ടപ്പെടാതിരിക്കാൻ പദ്ധതി നടപ്പാക്കേണ്ടതുണ്ടെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ, പദ്ധതിയിൽനിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കിയതോടെ യുഡിഎഫ് വാദം ചോദ്യം ചെയ്യപ്പെട്ടു. ധാരണാപത്രം ഒപ്പിട്ട ശേഷവും കേരളം സ്കൂളുകളുടെ പട്ടിക കേന്ദ്രത്തിന് നൽകിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. പിഎം ശ്രീ നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ആർഎസ്എസിനെ പ്രീണിപ്പിക്കാനാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽനിന്ന് യുഡിഎഫ് പിന്നോട്ടുപോയെന്നും മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും വിമർശിച്ചു. Post navigation യു ഡി എഫ് സർക്കാർ എസ് എഫ് ഐ സമരക്കാരെ ക്രൂരമായി നേരിടുന്നു; ആര് എസ് എസിനെ സന്തോഷിപ്പിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം: എം വി ഗോവിന്ദന് പി എം ശ്രീയില്‍നിന്ന് പിന്മാറാനാകില്ല; മുഖ്യമന്ത്രി വി ഡി സതീശന്