തെലുങ്ക് സിനിമയിലെ മോസ്റ്റ് അവൈറ്റഡ് പീരിയഡ് ആക്ഷൻ ഡ്രാമയായ ‘രണബാലി’യുടെ റിലീസ് തീയതി മാറ്റിവെച്ചതായി അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെപ്റ്റംബർ 11-ന് തിയറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം, ഇനി ഒക്ടോബർ 16-ആം തീയതി ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹത്തിനു ശേഷം ആദ്യമായി വലിയ സ്ക്രീനിൽ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ബ്രഹ്മാണ്ഡ ചിത്രത്തിനുണ്ട്. രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഭരണകാലത്ത് ചരിത്രപുസ്തകങ്ങളിൽ ഇടംനേടാത്ത യഥാർത്ഥ സംഭവങ്ങളെയും വംശഹത്യകളെയും ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ‘ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായം ഈ ഒക്ടോബറിൽ തുറക്കപ്പെടുന്നു’ എന്ന ടാഗ്ലൈനോടെയാണ് അണിയറപ്രവർത്തകർ പുതിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ ‘രണബാലി’ എന്ന പോരാളിയായി വിജയ് ദേവരകൊണ്ടയും, ‘ജയമ്മ’ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ശക്തമായ വേഷങ്ങളിൽ എത്തുമ്പോൾ, ഹോളിവുഡ് താരം അർനോൾഡ് വോസ്ലൂ വില്ലൻ കഥാപാത്രമായ സർ തിയോഡോർ ഹെക്ടറായി എത്തുന്നുവെന്നതും ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നുണ്ട്. ടി സീരീസും ഗുൽഷൻ കുമാറും ഭുഷൻ കുമാറും ചേർന്ന് അവതരിപ്പിക്കുന്ന ഈ പാൻ-ഇന്ത്യൻ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അജയ്-അതുൽ കൂട്ടുകെട്ടാണ്. Post navigation സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവും; കെ.കെ. ശൈലജ സന്ധ്യ ദേവനാഥൻ മെറ്റ വിട്ടു; ഓപ്പൺ എഐയുടെ തെക്കുകിഴക്കൻ ഏഷ്യ റീജണൽ വൈസ് പ്രസിഡന്റായി പുതിയ നിയമനം