m shivaprasad

കൊച്ചി: സി ബി എസ് ഇ കലോത്സവത്തില്‍ യു കെ ജി വിദ്യാര്‍ഥികളെക്കൊണ്ട് വിദ്വേഷ ഗാനം പാടിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. വെറുപ്പിന്റെ രാഷ്ട്രീയം നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് തന്ത്രപൂര്‍വം കുത്തിനിറക്കുന്നവരാണ് യഥാര്‍ഥ ഭീകരവാദികളെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. വേഷം നോക്കിയല്ല ഭീകരതയെയും കൊലപാതകത്തെയും തിരിച്ചറിയേണ്ടതെന്നും ചെയ്ത കുറ്റവും അതിന്റെ പ്രത്യയശാസ്ത്രവുമാണ് പരിശോധിക്കേണ്ടതെന്നും ശിവപ്രസാദ് പറഞ്ഞു.

ലോകത്ത് എല്ലായിടത്തും പോയി സമാധാനം നശിപ്പിച്ച് യുദ്ധങ്ങള്‍ ഉണ്ടാക്കുകയും എല്ലാ തീവ്രവാദ സംഘങ്ങള്‍ക്കും ആയുധങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്യുന്ന ഡൊണാള്‍ഡ് ട്രംപിന് അറബി വേഷവിധാനം ഇല്ല. ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് മനുഷ്യരുണ്ട്. രാഷ്ട്രീയ അധികാരത്തിനുവേണ്ടി ഏറ്റവും അധികം വര്‍ഗീയ കലാപങ്ങള്‍ക്ക് ഇന്ത്യയില്‍ തിരികൊളുത്തിയത് സംഘ്പരിവാര്‍ ആണെന്നത് മറക്കരുത്. ഒരു നൂറ്റാണ്ടിന്റെ സ്വാതന്ത്ര്യം എന്ന സ്വപ്‌നത്തെ യാഥാര്‍ഥ്യമാക്കുന്നതിന് ജീവിതം അര്‍പ്പിച്ച രാജ്യത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെ എന്ന ആര്‍ എസ് എസ് ഭീകരവാദിക്ക് അറബി വേഷവിധാനം ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ രണ്ട് പ്രധാനമന്ത്രിമാരെ കൊലപ്പെടുത്തിയവര്‍ക്കും അറബി വേഷവിധാനമായിരുന്നില്ല. ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഒഡീഷയിലും മധ്യപ്രദേശിലും ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ആക്രമിച്ചവര്‍ക്കും അറബി വേഷവിധാനം ഉണ്ടായിരുന്നില്ല. ഗ്രഹാം സ്റ്റെയിന്‍സ് എന്ന മിഷനറിയെയും രണ്ടു കുഞ്ഞു മക്കളെയും ചുട്ടെരിച്ചത് സംഘ്പരിവാര്‍ ആയിരുന്നു എന്ന് മറന്നു പോകരുത്.

ലോകത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നില്‍ നിലനില്‍ക്കുമ്പോഴാണ് വേഷത്തിന്റെ പേരില്‍ വെറുപ്പിന്റെ രാഷ്ട്രീയവുമായി ചിലര്‍ ഇറങ്ങുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരെ പറഞ്ഞു ബോധ്യപ്പെടുത്തുക പ്രയാസമാണ്. കുട്ടികളിലേക്ക് പകരേണ്ടത് സ്‌നേഹമാണെന്നും വെറുപ്പല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Content Highlights: കുരുന്നുകളെ കൊണ്ട് വിദ്വേഷ ഗാനം പാടിച്ച നടപടിക്കെതിരെ എസ്എഫ്ഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുട്ടികളിൽ വർഗീയ വിദ്വേഷം വളർത്തുന്നതും അവരെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് സംഘടന വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ മാതൃകാപരമായ കർശന നടപടി സ്വീകരിക്കണമെന്നും എസ്‍എഫ്‌ഐ ആവശ്യപ്പെട്ടു.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *