israeel election

ഇസ്രയേൽ പാർലമെന്റ് (നെസ്സറ്റ്) തിരഞ്ഞെടുപ്പിൽ വിദേശ രാജ്യങ്ങൾ വഴിവിട്ട് ഇടപെട്ടെന്ന ഗുരുതര ആരോപണത്തിൽ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിനൊപ്പം അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും അന്വേഷണത്തിന് ഇറങ്ങുന്നു. തിരഞ്ഞെടുപ്പിൽ അറബ് വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാൻ വിദേശത്തുനിന്ന് വൻതോതിൽ നിയമവിരുദ്ധമായി പണം ഒഴുകിയെന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്ക് ഈ സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടോയെന്നാണ് രഹസ്യാന്വേഷണ വിഭാഗം പ്രധാനമായും പരിശോധിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരാനാണ് ഷിൻ ബെറ്റ് മൊസാദിന്റെ സഹായം തേടിയതെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിൽ നിന്ന് ലഭിച്ച നിർണായക സൂചനകളുടെ അടിസ്ഥാനത്തിലാണ് പോലീസും സുരക്ഷാ ഏജൻസികളും സംയുക്ത പരിശോധന ആരംഭിച്ചത്. വിദേശ ഫണ്ടിന്റെ സ്രോതസ്സും അതിന്റെ വഴിതിരിച്ചുവിടലും കണ്ടെത്താൻ വരുംദിവസങ്ങളിൽ കൂടുതൽ വിപുലമായ അന്വേഷണം ഉണ്ടാകുമെന്ന് ഏജൻസികൾ അറിയിച്ചു.

അതേസമയം, തിരഞ്ഞെടുപ്പിൽ ഇടപെട്ടെന്ന ആരോപണം ഖത്തറും തുർക്കിയും പൂർണമായും തള്ളിപ്പറഞ്ഞു. ഇസ്രയേലിലെ ചില രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ പരാജയങ്ങൾ മറച്ചുവെക്കാൻ ഖത്തറിനെ ബലിയാടാക്കുകയാണെന്നും ഇത്തരം വ്യാജ പ്രചാരണങ്ങൾ അസംബന്ധവും അപകടകരവുമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മജീദ് അൽ അൻസാരി പ്രതികരിച്ചു.

നടക്കുന്ന അന്വേഷണം തിരഞ്ഞെടുപ്പ് ഫലങ്ങളുടെ സാധുതയെ നേരിട്ട് ചോദ്യംചെയ്യുന്നതല്ലെന്നും, കുറ്റക്കാർക്കെതിരെ മാത്രമായിരിക്കും നിയമനടപടിയെന്നും സെൻട്രൽ ഇലക്ഷൻ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. 120 അംഗ നെസ്സറ്റിൽ നെതന്യാഹുവിന്റെ ഭരണസഖ്യത്തിന് 53 സീറ്റുകളും പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളുമാണ് ലഭിച്ചത്. കേവലഭൂരിപക്ഷത്തിന് 61 സീറ്റുകൾ ആവശ്യമാണ്. 19 സീറ്റുകൾ നേടിയ റാ’അം, ജോയിന്റ് ലിസ്റ്റ് എന്നീ അറബ് പാർട്ടികളുടെ പിന്തുണയോടെ പ്രതിപക്ഷത്തിന് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാനും അധികാരം പിടിക്കാനും അവസരമൊരുങ്ങുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ മുൻ സർക്കാരിന്റെ നിയമപരിഷ്കാരങ്ങൾ റദ്ദാക്കാൻ പ്രതിപക്ഷത്തിന് സാധിക്കുമെന്നതിനാൽ, ഇത് തടയാനുള്ള രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണ് നെതന്യാഹു ആരോപണം ഉന്നയിക്കുന്നതെന്നും നിരീക്ഷണമുണ്ട്.

Content Highlights: Amid serious allegations of improper interference by foreign nations in the Israeli parliamentary (Knesset) elections, the international intelligence agency Mossad is joining the domestic intelligence agency, Shin Bet, in the investigation.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *