frog5

ന്യൂഡൽഹി: ഇതുവരെ തിരിച്ചറിയപ്പെടാതെ കാടുകളിൽ ഒളിഞ്ഞുകിടന്ന അഞ്ച് പുതിയ തവളയിനങ്ങളെ കണ്ടെത്തി ഗവേഷകർ. വടക്കുകിഴക്കൻ ഇന്ത്യയിലെ വനമേഖലകളിൽ അഞ്ചുവർഷം നീണ്ട പഠനത്തിനൊടുവിലാണ് നിർണായക കണ്ടെത്തൽ. ഡൽഹി സർവകലാശാലയിലെയും അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിലെയും ശാസ്ത്രജ്ഞരുടെ സംഘമാണ് അരുണാചൽ പ്രദേശിൽനിന്ന് ജിംഗോഫ്രിസ് ജനുസിൽപ്പെട്ട അഞ്ച് പുതിയ ഇനങ്ങളെ തിരിച്ചറിഞ്ഞത്. ജിംഗോഫ്രിസ് താനീതാതി, ജിംഗോഫ്രിസ് തനോഗോഗോ, ജിംഗോഫ്രിസ് സിയാങെൻസിസ്, ജിംഗോഫ്രിസ് ഹാർഡി, ജിംഗോഫ്രിസ് വുലാർസോണി എന്നിവയാണ് പുതുതായി കണ്ടെത്തിയ ഇനങ്ങൾ. ഇതിൽ ശ്രദ്ധേയമായത് ഇന്ത്യയിൽ ആദ്യമായി രേഖപ്പെടുത്തുന്ന ഒച്ച് തിന്നുന്ന ചെറുകൊമ്പൻ തവളയുടെ സാന്നിധ്യമാണ്. കണ്ടെത്തലുകൾ റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് എന്ന ശാസ്ത്രജേണലിലാണ് പ്രസിദ്ധീകരിച്ചത്.

ഏഷ്യൻ കൊമ്പൻ തവളകൾ എന്നറിയപ്പെടുന്ന മെഗോഫ്രൈഡേ കുടുംബത്തിലെ മെഗോഫ്രൈനേ ഉപകുടുംബത്തിൽ ഉൾപ്പെടുന്നതാണ് ഈ തവളകൾ. വടക്കുകിഴക്കൻ ഇന്ത്യയിലും തെക്കൻ ചൈനയിലും മാത്രം കാണപ്പെടുന്ന ജിംഗോഫ്രിസ് വിഭാഗത്തെക്കുറിച്ച് ഇതുവരെ കാര്യമായ പഠനങ്ങൾ നടന്നിരുന്നില്ല. ഈ വിഭാഗത്തിലെ ഏറ്റവും വലിയ വൈവിധ്യം തെക്കുകിഴക്കൻ ഏഷ്യയിലാണെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ ഇതുവരെയുള്ള ധാരണ. എന്നാൽ പുതിയ കണ്ടെത്തലുകൾ ആ ധാരണകളെ തിരുത്തുന്നതാണ്. അഞ്ച് പുതിയ ഇനങ്ങൾക്ക് പുറമേ ഇന്ത്യയിൽ ആദ്യമായി രേഖപ്പെടുത്തിയ രണ്ട് ഇനങ്ങളെയും പേരുനൽകാത്ത ചില വ്യത്യസ്ത വിഭാഗങ്ങളെയും ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹിമാലയൻ പർവതനിരകളുടെ ഉയർച്ചയും മൺസൂൺ കാലാവസ്ഥാ വ്യതിയാനങ്ങളും ഈ തവളകളുടെ പരിണാമ വൈവിധ്യത്തെ സ്വാധീനിച്ചിരിക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പുതിയ കണ്ടെത്തലോടെ ഇന്ത്യയിൽ നേരത്തേ തിരിച്ചറിഞ്ഞിരുന്ന ചെറുകൊമ്പൻ തവളകളുടെ വൈവിധ്യം ഏഴിരട്ടിയായി വർധിച്ചിരിക്കുകയാണ്. ജിംഗോഫ്രിസ് ജനുസിൽ ഇതുവരെ രേഖപ്പെടുത്തിയിരുന്ന ഇനങ്ങളുടെ എണ്ണവും ഇരട്ടിയിലധികമായി ഉയർന്നു. ഹിമാലയൻ വനമേഖലകളിൽ ഇനിയും ശാസ്ത്രലോകം തിരിച്ചറിയാത്ത നിരവധി ജീവിവർഗങ്ങൾ ഒളിഞ്ഞുകിടക്കുന്നുണ്ടെന്നതിന്റെ സൂചന കൂടിയാണ് ഈ കണ്ടെത്തൽ. ഒരു ഒച്ച് തിന്നുന്ന തവളയുടെ സാന്നിധ്യം ഉൾപ്പെടെ പുറത്തുവന്ന വിവരങ്ങൾ ഇന്ത്യയുടെ ജൈവവൈവിധ്യ പഠനത്തിന് പുതിയ വഴികൾ തുറക്കുകയാണ്. വനങ്ങളിലെ ഓരോ ചെറുജീവിയും പ്രകൃതിയുടെ പരിണാമചരിത്രത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഓർമിപ്പിക്കുന്നതാണ് ഈ അഞ്ചുവർഷത്തെ ഗവേഷണഫലം.

Content Highlights: Researchers have discovered five new species of frogs that had remained hidden and unidentified in the forests. This significant finding follows a five-year study conducted in the forest regions of Northeast India.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *