kc kuttan, sikh dress

✍️ ലിബി. സിഎസ്

ചേർത്തലയിലെ സഹോദരസംഘത്തിന്റെയും പിന്നീട് യുക്തിവാദി സംഘത്തിന്റെയും ആദ്യ പ്രസിഡന്റ് ആയിരുന്നയാളാണ് കെസി കുട്ടൻ എന്ന കെ. സി ജയ്‌സിംഗ്. വയലാർ രവിയുടെ അച്ഛൻ എംകെ കൃഷ്ണൻ ആയിരുന്നു ആദ്യ സെക്രട്ടറി. ‘യുഗപുരുഷൻ’ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിലൂടെയാണ് കെസി കുട്ടനെ പുതുതലമുറ അറിയുന്നത്. 1967 നവംബർ 8 ന് ആണ് കെസി കുട്ടൻ അന്തരിച്ചത്. അദ്ദേഹം അന്തരിച്ച ആഴ്ചയിലെ വാരാന്ത്യ കൗമുദി കെസി കുട്ടൻ സ്‌പെഷ്യൽ പതിപ്പ് ആയിരുന്നു.

കൂടാതെ ചേർത്തല നഗരസഭയുടെ രജത ജൂബിലി സോവനീറിൽ അന്തരിച്ച ആർതർ സാർ കെസി കുട്ടനെ പരിചയപ്പെടുത്തുന്നുണ്ട്. കെസി കുട്ടൻ എഴുതിയ ഉഴുതുമ്മേൽ കിട്ടൻറെ ജീവചരിത്രത്തിലൂടെയും സഹോദര സംഘത്തെക്കുറിച്ചും ‘കരപ്പുറം; മാസികയെക്കുറിച്ചും. കേരളത്തിലെ സിഖ് മതപരിവർത്തന പ്രസ്ഥാനത്തെക്കുറിച്ചുമൊക്കെ പഴയ ചില സോവനീറുകളിലും ഔട്ട് ഓഫ് പ്രിന്റ് ആയ ചില പുസ്തകങ്ങളിലും മാത്രം അവശേഷിക്കുന്ന കെസി കുട്ടന്റെ ഓർമ്മകളെ ഭക്തിവാദികളും യുക്തിവാദികളുമെല്ലാം ചേർന്ന് അവരുടെയെല്ലാം ചരിത്രത്തിൽനിന്ന് പൂർണ്ണമായി തുടച്ചുനീക്കി എന്നതാണ് വാസ്തവം.

സിഖ് മതപരിവർത്തന പ്രസ്ഥാനത്തെ കുറിച്ച് പ്രതിപാദിക്കുമ്പോഴും കളവങ്കോടത്തെ നാരായണ ഗുരുവിന്റെ പ്രതിഷ്‌ഠ തടഞ്ഞതിനെക്കുറിച്ച് പ്രതിപാദിക്കുമ്പോഴും പഴയ ലേഖനങ്ങളിൽ കാണുന്ന ഒരു വാചകം “യുവാക്കൾക്കിടയിലും ഉല്പതിഷ്ണുക്കൾക്കിടയിലും വലിയ ജനസ്വാധീനമുണ്ടായിരുന്ന കെസി കുട്ടൻ…..” എന്നാണെന്നു കാണാം.

എന്നിട്ടും എന്തുകൊണ്ടാവും കുട്ടൻ ഇന്നത്തെ യുക്തിവാദികളുടെയും ഭക്തിവാദികളുടെയും ചരിത്രത്തിൽ ഇല്ലാതെ പോയത്?

1927 ജൂൺ 14 ന് ആയിരുന്നു കളവംകോടത്തെ പ്രതിഷ്‌ഠ. അതായത് എസ്എൻഡിപി യോഗം രൂപംകൊണ്ട് 24 വർഷത്തിന് ശേഷം. അപ്പോഴേയ്ക്കും സംഘടന ശക്തമാകുകയും ടികെ മാധവനുശേഷം എസ്എൻഡിപിക്ക് ശാഖകളൊക്കെ നിലവിൽ വരികയും അവയും ശക്തമാകുകയും ചെയ്തിരുന്നു. ആ സമയത്താണ് സമീപത്തെ നാല് എസ്.എൻ.ഡി.പി ശാഖകളുടെ നേതൃത്വത്തിൽ ഉള്ള ശ്രീനാരായണ കരുണവിലാസിനി യോഗം നിർമ്മിച്ച ക്ഷേത്ര പ്രതിഷ്‌ഠ തടയാൻ ആളെയും കൂട്ടി കുട്ടൻ എത്തുന്നത്. 1927 ൽ കെസി കുട്ടൻ സഹോദര സംഘത്തിൻറെ പ്രസിഡന്റ് ആയിരുന്നു. 

അതിൽനിന്നും അദ്ദേഹത്തിൻറെ ധൈര്യം മാത്രമല്ല മനസിലാകുന്നത്. അദ്ദേഹത്തിനും ചേർത്തലയിലെ ജനങ്ങൾക്കിടയിൽ അത്രയും സ്വാധീനം ഉണ്ടായിരുന്നു സ്വീകാര്യനും ആയിരുന്നു എന്നുകൂടിയാണ്, അല്ലെങ്കിൽ നാരയണഗുരുവിൻറെ പ്രതിഷ്‌ഠ തടഞ്ഞാൽ ഭക്തശിരോമണികൾ എപ്പോൾ പഞ്ഞിക്കിട്ടെന്ന് മാത്രം ചിന്തിച്ചാൽ പോരെ…?

സിഖ് മതം ഉപേക്ഷിച്ച ശേഷവും അദ്ദേഹം യുക്തിവാദി സംഘത്തിൻറെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അക്കാലത്തെ അവർണ്ണ യുക്തിവാദികളെല്ലാം മതം മാറിയിട്ടുണ്ട്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു അക്കാലത്ത് നിയമങ്ങളും ശിക്ഷകളുമൊക്കെ. “ദേ കിടക്കണ് നിന്റെയൊക്കെ ഡാഷ്‌ണോത്തിലെ മതവും ദൈവങ്ങളും” എന്ന് പറഞ്ഞു കളഞ്ഞിട്ടു പോകണമെങ്കിൽ കുറച്ചു യുക്തിബോധം ഉള്ളവർക്കേ പറ്റൂ. അല്ലാത്തവർ ദൈവഭയം മൂലം തൊഴിക്കുംതോറും തൊഴുതുകൊണ്ട് അടിമത്വം ആസ്വദിക്കുകയേ ഉള്ളൂ.

സിഖ് മതം ഉപേക്ഷിച്ചതിനെക്കുറിച്ച് കെസി കുട്ടൻ തന്നെ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്. അത് മാത്രം വായിച്ചാൽ ആത്യന്തികമായി കെസി ആരായിരുന്നു എന്നു മനസിലാകും:

“വ്യക്തിപരമായ ഈശ്വരവിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് സാമൂഹികമായ അന്തസ്സിനും പൗരാവകാശങ്ങൾക്കും വേണ്ടിയുള്ള ഒരു രാഷ്ട്രീയ സമരമെന്ന നിലയ്ക്കാണ് ഞങ്ങൾ മതം മാറിയത്. അവർണ്ണർക്ക് വഴിനടക്കാനും മാന്യമായി വസ്ത്രം ധരിക്കാനും അവകാശമില്ലാതിരുന്ന കാലത്ത്, സഹോദരസംഘവും യുക്തിവാദി പ്രസ്ഥാനവും കേവലം ദൈവനിഷേധം മാത്രമല്ല ലക്ഷ്യമിട്ടത്. ജാതീയമായ അടിമത്തത്തിൽ നിന്ന് മനുഷ്യനെ മോചിപ്പിക്കുക എന്നതായിരുന്നു അന്നത്തെ പ്രധാന ലക്ഷ്യം.

ഹിന്ദുമതത്തിനുള്ളിൽ നിന്നുകൊണ്ട് തുല്യത ലഭിക്കില്ലെന്ന് ബോധ്യപ്പെട്ട വിശ്വാസികളായവരും, ജാതിവ്യവസ്ഥയെ തകർക്കാനും അന്തസ്സോടെ ജീവിക്കാനുമുള്ള ഒരു സമരമാർഗ്ഗമായി മതപരിവർത്തനത്തെ കാണുകയും ഞങ്ങൾക്കൊപ്പം ചേരുകയും ചെയ്തു. സവർണ്ണ ഹിന്ദുക്കളുടെ കായികമായ എതിർപ്പുകളെ നേരിടാൻ ഇസ്ളാം മതമോ സിഖ് മതമോ സ്വീകരിക്കുന്നതാണ് ഏറ്റവും അഭികാമ്യം എന്നാണ് പൊതുവിൽ ഉണ്ടായിരുന്ന അഭിപ്രായം, സിഖ് ആയാൽ ആയുധം കൊണ്ടുനടക്കാം എന്നതാണ് പ്രധാനമായും സിഖ് മതം തന്നെ തിരഞ്ഞെടുക്കാൻ കാരണം. ജാതിവ്യവസ്ഥയെ ശക്തമായി എതിർക്കുന്ന, സമത്വത്തിന് പ്രാധാന്യം നൽകുന്ന ഒരു മതമെന്ന നിലയിലാണ് അക്കാലത്ത് അവർണ്ണർ സിഖ് മതത്തിലേക്ക് ആകർഷിക്കപ്പെട്ടത്. എന്നാൽ സിഖ് മതം ഏകദൈവവിശ്വാസത്തിലും (തത്ത്വത്തിൽ ജാതിരഹിതമെങ്കിലും) കർശനമായ മതപരമായ ആചാരങ്ങളിലും അധിഷ്ഠിതമാണ്.

സാമൂഹിക മാറ്റത്തിന് വേണ്ടിയും താൽക്കാലികമായ നിയമപരിരക്ഷയ്ക്ക് വേണ്ടിയും ഒരു മതത്തിന്റെ ഭാഗമായെങ്കിലും, യുക്തിചിന്തയ്ക്കും ശാസ്ത്രബോധത്തിനും പ്രാധാന്യം നൽകുന്ന യുക്തിവാദികൾ പൗരാവകാശങ്ങൾ നേടിയെടുത്ത ശേഷം ദൈവകേന്ദ്രീകൃതമായ ഒരു മതത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും പേറി ജീവിക്കുന്നത് എന്തിന്? വിശ്വാസികളായവർ അതിൽ തുടരട്ടെ. ഞങ്ങൾ സിഖ് മതം സ്വീകരിച്ചത് ദൈവവിശ്വാസം കൊണ്ടല്ല, മറിച്ച് മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്. ഭരണഘടനയിലൂടെ ആ അവകാശങ്ങൾ നിയമപരമായി ഉറപ്പാക്കപ്പെട്ടപ്പോൾ, ഒരു യുക്തിവാദിക്ക് ഒരു മത ചിഹ്നത്തിനുള്ളിൽ തുടരേണ്ട രാഷ്ട്രീയമായ ആവശ്യകത ഇല്ലാതായികഴിഞ്ഞല്ലോ?….”

“ഭാരതീയ ചിന്താധാരയിലെ ഏറ്റവും തീവ്രമായ ഭൗതികവാദ ദർശനം ചാർവാകം ആണ്. സിഖ് മതം തികച്ചും ആത്മീയവും ദൈവകേന്ദ്രീകൃതവുമായ ഒരു പ്രസ്ഥാനമാണ്. “സിഖ് മതത്തിന് ദൈവമില്ല, ഗുരു മാത്രമേ ഉള്ളൂ” എന്നത് ചില ആളുകൾ പറയാറുള്ള ഒരു തെറ്റായ ധാരണയാണ്. ഇത് പൂർണ്ണമായും തെറ്റായ ഒരു വാദമാണ്. സിഖ് മതത്തിന്റെ അടിസ്ഥാനം തന്നെ ദൈവവിശ്വാസമാണ്. സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിലെ ആദ്യത്തെ വരിയാണ് ‘മൂൽ മന്തർ’. ഇത് ദൈവത്തിന്റെ നിർവ്വചനമാണ്:
“ഇക് ഓങ്കാർ, സത് നാം, കർത്താ പുരഖ്, നിർഭൗ, നിർവൈർ, അകാൽ മൂരത്, അജൂനി സൈഭം, ഗുരു പ്രസാദ്.

ഇതിൻറെ അർത്ഥം: ദൈവം ഒന്നാണ്, അവന്റെ നാമം സത്യമാണ്, അവൻ പ്രപഞ്ചസൃഷ്ടാവാണ്, ഭയമില്ലാത്തവനാണ്, ശത്രുതയില്ലാത്തവനാണ്, കാലത്തിന് അതീതനാണ്, ജനന മരണങ്ങൾ ഇല്ലാത്തവനാണ്, സ്വയംഭൂവാണ്, ഗുരുവിന്റെ കാരുണ്യത്താൽ അവനെ അറിയാം.
ഇതിൽ നിന്ന് തന്നെ സിഖ് മതം ദൈവത്തെ എത്രത്തോളം കേന്ദ്രീകരിക്കുന്നു എന്ന് വ്യക്തമാണ്. സിഖ് മതത്തിൽ ‘ഗുരു’ എന്ന വാക്കിന് വലിയ പ്രാധാന്യമുണ്ട്. എന്നാൽ ഗുരു ദൈവമല്ല. ദൈവ സന്ദേശം മനുഷ്യരിൽ എത്തിച്ച പ്രവാചകൻ അല്ലെങ്കിൽ വഴികാട്ടിയാണ് ഗുരു. സിഖ് ചിന്തയനുസരിച്ച്, ദൈവമാണ് പരമമായ ഗുരു (വാഹേഗുരു).

ഭൂമിയിൽ ജീവിച്ചിരുന്ന 10 ഗുരുക്കന്മാരും (ഗുരുനാണക് മുതൽ ഗുരു ഗോവിന്ദ് സിങ് വരെ) ദൈവത്തിന്റെ പ്രകാശം വഹിച്ചവരാണ്, അവരാരും ദൈവമാണെന്ന് അവകാശപ്പെട്ടിട്ടില്ല. ഇപ്പോൾ ‘ഗുരു ഗ്രന്ഥ സാഹിബ്’ എന്ന വിശുദ്ധ ഗ്രന്ഥത്തെ അവർ ജീവിക്കുന്ന ഗുരുവായി കാണുന്നു. ബുദ്ധമതത്തിലോ ജൈനമതത്തിലോ ഉള്ളതുപോലെ പ്രപഞ്ചസൃഷ്ടാവായ ഒരു ദൈവത്തെ തള്ളിക്കളയുന്ന രീതിയല്ല സിഖ് മതത്തിനുള്ളത്. ഭക്തിപ്രസ്ഥാനത്തിൽ നിന്ന് രൂപംകൊണ്ട ഒരു മതമായതുകൊണ്ട് തന്നെ ദൈവ നാമ സങ്കീർത്തനവും (നാമ സിമരൻ) ദൈവ സമർപ്പണവും സിഖ് ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. അതിനാൽ സിഖ് മതത്തിൽ ദൈവമില്ല എന്ന് പറയുന്നത് ആ മതത്തിന്റെ ആത്മാവിനെത്തന്നെ നിഷേധിക്കുന്നതിന് തുല്യമാണ്.

ഒരു യുക്തിവാദിക്ക് ജാതിവിരുദ്ധ സമരത്തിന്റെ ഭാഗമായി സിഖ് മതത്തിലേക്ക് ആകർഷിക്കപ്പെടാൻ കഴിഞ്ഞേക്കാം കാരണം സിഖ് മതം മനുഷ്യ സമത്വത്തെ ഉയർത്തിപ്പിടിക്കുന്നു). എന്നാൽ ആത്മീയമായി ചിന്തിക്കുമ്പോൾ, ഭൗതികവാദപരമായ ചാർവാക ദർശനവും ഭക്തിനിർഭരമായ സിഖ് മതവും പരസ്പരം ധ്രുവങ്ങളിൽ നിൽക്കുന്നവയാണ്. സിഖ് മതത്തിൽ ദൈവമില്ല എന്ന വാദം ചരിത്രപരമായും ദാർശനികമായും തികച്ചും തെറ്റാണ്….”

എത്ര കൃത്യമാണ് കെസി യുടെ നിലപാട് എന്നും, കെസി ആരായിരുന്നു എന്നും ഇതിൽ കൂടുതൽ വിശദീകരിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. 

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *