മലപ്പുറം: മലപ്പുറത്തെ ‘മതമൗലിക വർഗീയവാദികളുടെ കൂട്’ എന്ന് വിശേഷിപ്പിച്ച സി.പി.എം നേതാവ് പി. നന്ദകുമാറിന്റെ വിവാദ പ്രസംഗത്തിൽ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മലപ്പുറം ശക്തമായ മതസൗഹാർദ്ദം നിലനിൽക്കുന്ന പ്രദേശമാണെന്നും, ഈ അന്തരീക്ഷം തകർക്കാൻ മതമൗലികവാദികളും വർഗീയ ശക്തികളും ശ്രമിക്കുന്നുണ്ടെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് നന്ദകുമാർ ഉദ്ദേശിച്ചതെന്ന് പിണറായി വിശദീകരിച്ചു. രാഷ്ട്രീയ എതിരാളികൾ പ്രസംഗം ബോധപൂർവം വക്രീകരിച്ച് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് നടന്ന സി.പി.എം വിശാല ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമുള്ള പൊതുസമ്മേളനത്തിലായിരുന്നു പ്രതികരണം. കോൺഗ്രസ് അധികാരത്തിലെത്തിയതുമുതൽ ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു. വന്ദേമാതരം പൂർണമായി ചൊല്ലിയതും കേന്ദ്രത്തിന്റെ വഖഫ് ബോർഡ് പരിഷ്കരണങ്ങളോടുള്ള സർക്കാരിന്റെ നിലപാടും ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രം വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്താൻ തീരുമാനിച്ചപ്പോൾ എൽ.ഡി.എഫ് അതിനെതിരെ കോടതിയെ സമീപിച്ചെന്നും, എന്നാൽ ലീഗ് മന്ത്രിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ബോർഡ് പിരിച്ചുവിടണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന നിലപാടിൽനിന്ന് യു.ഡി.എഫ് ഇപ്പോൾ പിന്നോട്ടുപോയി കള്ളക്കളി നടത്തുകയാണെന്നും പിണറായി ആരോപിച്ചു. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന് സമീപമുണ്ടായ സംഘർഷത്തിലും പിണറായി പൊലീസിനെയും യൂത്ത് കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചു. സാധാരണ പ്രതിഷേധങ്ങൾ രക്തസാക്ഷി സ്ക്വയറിലോ ആശാൻ സ്ക്വയറിലോ ആരംഭിക്കാറുണ്ടെങ്കിലും ഇത്തവണ മനഃപൂർവം യൂണിവേഴ്സിറ്റി ഹോസ്റ്റൽ ലക്ഷ്യമിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഹോസ്റ്റലിലേക്ക് തീപ്പന്തവും കല്ലുകളും എറിഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയേണ്ട പൊലീസ് ഹോസ്റ്റലിനകത്ത് കയറി വിദ്യാർഥികളെ മർദിച്ചെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയടക്കമുള്ളവരുടെ തലയ്ക്ക് പരിക്കേറ്റെന്നും പിണറായി പറഞ്ഞു. യൂത്ത് കോൺഗ്രസ് അധ്യക്ഷനായ മന്ത്രിയുടെ നേതൃത്വത്തിലാണ് ഇത്തരം അക്രമങ്ങൾ അരങ്ങേറിയതെന്നും, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എത്തിയ ആംബുലൻസുകൾ പോലും സമരക്കാർ തടഞ്ഞുവെന്നും പിണറായി ആരോപിച്ചു. അടിയന്തര സാഹചര്യത്തിൽ കൃത്യമായി ഇടപെടുന്നതിൽ പൊലീസ് പൂർണമായും പരാജയപ്പെട്ടെന്നും യു.ഡി.എഫ് ഭരണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷത്തിന്റെ തുടക്കത്തെക്കുറിച്ച് യൂത്ത് കോൺഗ്രസും എസ്.എഫ്.ഐയും പരസ്പരം വ്യത്യസ്ത ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. Content Highlights: Opposition Leader Pinarayi Vijayan clarified his stance regarding the controversial speech by CPM leader P. Nandakumar, in which the latter described Malappuram as a “den of religious fundamentalists and communalists.” Pinarayi explained that Nandakumar intended to convey that Malappuram is a region characterized by strong religious harmony, and that while religious fundamentalists and communal forces are attempting to disrupt this atmosphere, there is a need to remain vigilant against such efforts. Post navigation മലപ്പുറത്തെ വര്‍ഗീയ വാദികളുടെ കൂടാക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് താന്‍ ഉദ്ദേശിച്ചത്; വിശദീകരണവുമായി പി നന്ദകുമാര്‍ കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ദേശ സ്നേഹി സുഗതൻറെ പേരിൽ കോര്പറേഷന് യോഗത്തില്‍ വ്യാജ ഒപ്പിട്ടതിന്റെ തെളിവുകൾ പുറത്ത്