sree narayana guru, sahodaran, kuttippuzha, arif husain

✍️ ലിബി. സിഎസ്

1) ജിഹാദികൾക്ക് ഇപ്പോൾ ശ്രീനാരയണഗുരുവിൻറെ ‘അപര പ്രിയ്യ’ത്തോടും ശിഷ്യൻ സഹോദരൻ അയ്യപ്പനോടും സർവ്വോപരി ഭരണഘടനയോടും ഭയങ്കര സ്നേഹമാണ്. അത് പക്ഷേ സീസണലി ആണെന്ന് മാത്രം. ഒരു 2010 വരെ ജമാ അത്ത് ഇസ്ലാമിയുടെ ഐപിഎച്ച് പ്രസിദ്ധീകരിച്ച ശ്രീനാരയണഗുരുവിന് എതിരായ രണ്ട് പുസ്തകങ്ങൾ അവരുടെ ബുക്ക് സ്റ്റാളുകളിൽ ലഭിക്കുമായിരുന്നു, രണ്ടും എൻറെ കൈവശം ഉണ്ട് ഒന്ന് നാരയണഗുരുവിൻറെ “പലമത സാരവും ഏകം” എന്ന ആപ്തവാക്യത്തിനെതിരെ ആയിരുന്നു. പലമത സാരവും ഏകം എന്നുപറയുന്നത് വിവരക്കേട് ആണെന്നും പലമത സാരവും ഏകം അല്ലെന്നും ഇസ്‌ലാം വിശേഷപ്പെട്ട ഐറ്റം ആണ് എന്ന് സ്ഥാപിക്കുന്നതുമാണ് പുസ്തകം. മറ്റൊന്ന് അദ്ദേഹത്തിൻറെ “മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി” പ്രസിദ്ധമായ നിലപാടിനെതിരെ ആയിരുന്നു. മതം ഏതായാലും മനുഷ്യൻ നന്നാകില്ലെന്നും ഇസ്ലാമായാൽ മാത്രമേ മനുഷ്യൻ നന്നാകൂ എന്ന് സ്ഥാപിക്കാനുമാണ് ഈ പുസ്തകം. ഇപ്പറഞ്ഞ ആശയങ്ങളൊക്കെ ഒരു സെമിറ്റിക്ക് മതത്തിനും അംഗീകരിക്കാനാവില്ലെന്നും അംഗീകരിച്ചാൽ അതോടെ തങ്ങളുടെ പണിതീരുമെന്നും ഉള്ളത് വാസ്തവമാണെങ്കിലും വിവരമുള്ള ആരും പരസ്യമായി അതിനെതിരെ നിൽക്കാറില്ല. എന്നാൽ അതിനെ പോലും ഉൾക്കൊള്ളാഞ്ഞവർക്ക് എങ്ങിനെയാണ് ‘ ജാതിയും വേണ്ട മതവും വേണ്ട ദൈവവും വേണ്ട മനുഷ്യർക്ക് ” എന്നുപറഞ്ഞ “ജാതിനാശത്തുക്ക് ജയ്, മത നാശത്തുക്ക് ജയ്, ദൈവ നാശത്ത്ക്ക് ജയ്” വിളിച്ച ശിഷ്യനെ ഭയങ്കര സ്നേഹമായിരിക്കുക എന്ന് ഊഹിക്കാമല്ലോ? എങ്കിലുംവൈകാതെ പിന്നീട് മോദി അധികാരത്തിൽ വന്നതുകൊണ്ട് ഇപ്പോഴത്തെ പ്രത്യേക കാലാവസ്ഥയിൽ ഇത് മൂന്നും വേണം.അത് പക്ഷെ ആരിഫ് ഹുസൈൻ പറയുംപോലെ ഇറച്ചിക്കോഴി പോലെ അവർക്ക് ആവശ്യമുള്ള പീസ് മാത്രം മതി.

അപരപ്രിയ്യം!

അനുകമ്പാ ദശകത്തിൽ നിന്നും “കരുണാവാൻ നബി മുത്ത് രത്‌നത്തിനെ” കണ്ടെത്തിയതുപോലെ 100 ശ്ലോകങ്ങൾ ഉള്ള ആത്മോപദേശ ശതകത്തിൽ നിന്നും ഗവേഷണം നടത്തി ഈ വാക്ക് കണ്ടുപിടിച്ചത് നല്ലകാര്യം. “പ്രിയമപരന്റെയതെൻപ്രിയം; സ്വകീയ- പ്രിയമപരപ്രിയമിപ്രകാരമാകും, നയമതിനാലെ നരന്നു നന്മ നൽകും ക്രിയയപരപ്രിയഹേതുവായ് വരേണം.” ഇവന്മാർക്ക് അപരരോട് ഭയങ്കര സ്നേഹമാണെന്ന് എല്ലാവർക്കും അറിയാം! ഇവരോട് അങ്ങോട്ട് അപരപ്രിയ്യർ ആയിരിക്കണം എന്നാണ് പറയുന്നത്. അനുകമ്പാ ദശകത്തിലെ കരുണാവാൻ നബി മുത്ത് രത്‌നത്തിനെ” മാത്രമേ സ്വീകാര്യമായിട്ടുള്ളൂ ബാക്കി പീസ് ഒന്നും വേണ്ട.

“കൊല്ലുന്നവനില്ല ശരണ്യത മറ്റെല്ലാ വക നന്മയുമാർന്നിടിലും..!” എന്നും ജീവകാരുണ്യ പഞ്ചകത്തിൽ നാരായണ ഗുരു പറഞ്ഞിട്ടുണ്ട്. ആരെയും കൊല്ലാൻ ആഹ്വാനം ചെയ്യാത്തവനും കൊന്നിട്ടില്ലാത്തവനും ആണല്ലോ മുത്ത് രത്നവും അനുയായികളും! അതുകൊണ്ട് ആ പീസും വേണ്ട അപര പ്രിയം മാത്രം മതി.

2) സഹോദരൻ അയ്യപ്പനെക്കുറിച്ച് എന്തായാലും ആരും യുക്തിവാദികൾക്ക് ക്‌ളാസ് എടുക്കേണ്ട. സഹോദരൻ അയ്യപ്പനെ കുറിച്ച് ഒരു ഏഴു വർഷത്തോളം കഷ്ടപ്പെട്ട് കിട്ടാവുന്ന രേഖകളും അദ്ദേഹം നടത്തിയിരുന്ന സഹോദരൻ പത്രത്തിന്റെ ലഭ്യമായ കോപ്പികളും അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനെതിരെ വ്യാജപേരിലും സ്വന്തം പേരിലുമൊക്കെ എഴുതിയിരുന്ന ലേഖങ്ങളും അപഹാസ്യ കവിതകളും ഗോസിപ്പുകളും എല്ലാം ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്. യുക്തിവാദി മാസികയുടെയും മുഴുവൻ കോപ്പികളും സംരക്ഷിച്ചിട്ടുണ്ട്, അതെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് സഹോദരനെക്കുറിച്ച് ഒരു വലിയ പുസ്തകം തന്നെ തയ്യറാക്കിക്കൊണ്ടിരിക്കുന്നുണ്ട്. അതിൽ പകുതിഭാഗം തന്നെ അദ്ദേഹത്തിനെതിരായ ലേഖനങ്ങളാണ്‌. സഹോദരനെക്കുറിച്ച് നിലവിലുള്ള പുസ്തകങ്ങളെല്ലാം എസ് എൻഡിപിക്കാർ ഇറക്കിയവ അവരുടെ താത്പര്യത്തിനും, യുക്തിവാദികൾ ഇറക്കിയവ അവരുടെ താത്പര്യത്തിനും, രാഷ്ട്രീയക്കാർ ഇറക്കിയവ അവരുടെ താത്പര്യത്തിന് അനുസരിച്ചും തങ്ങൾക്ക് ആവശ്യമുള്ളവ മാത്രം എടുക്കുകയും പലതും വളച്ചൊടിക്കുകയും ചെയ്തതാണ്. മാങ്ങയില്ലാത്ത മാവിൽ ആരും കല്ലെറിയില്ലല്ലോ?

അതുകൊണ്ട് അദ്ദേഹത്തെ കൂടുതൽ പഠിക്കാൻ അദ്ദേഹത്തെ എതിർത്തവർ ആരൊക്കെ എന്ന് കൂടി പഠിക്കുന്നത് നല്ലതാണ്. അദ്ദേഹം ക്രിസ്ത്യാനികൾക്കോ മുസ്ലിങ്ങൾക്കോ എതിരെ കാര്യമായി വിമർശനങ്ങൾ ഒന്നും നടത്തിയിട്ടില്ല പക്ഷേ അദ്ദേഹത്തെ ക്രിസ്ത്യാനികളോ മുസ്ലിങ്ങളോ വെറുതെ വിട്ടിരുന്നുമില്ല, സഹോദരൻറെ തിരുകൊച്ചി മന്ത്രിയായിട്ടുള്ള ദൈവത്തിൻറെ പേരിൽ അല്ലാതെ നടത്തിയ സത്യപ്രതിജ്ഞ അസാധു ആക്കണമെന്നും അദ്ദേഹം ഒപ്പിട്ട ഉത്തരവുകൾ തങ്ങൾ അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ചു കോട്ടയത്തു വലിയ സമ്മേളനം തന്നെ സകല സഭകളുടെയും ഒത്താശയോടെ ചിലർ നടത്തിയിരുന്നല്ലോ? അത് മാത്രമല്ല എന്തെല്ലാം ഗോസിപ്പുകളാണ് അദ്ദേഹത്തെ കുറിച്ച് കൊച്ചിയിലും തിരുവിതാംകൂറിലും പള്ളിയും പട്ടക്കാരും പ്രചരിപ്പിച്ചിട്ടുള്ളതെന്ന് അറിയുമോ? മുസ്ലിങ്ങളും വെറുതെ വിട്ടിരുന്നില്ല. എന്തിന് ഈഴവര് പോലും അവസാന നാളുകളിലും അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു.

സഹോദരൻ അയ്യപ്പൻ ഏറ്റവും അവസാനം എറണാകുളം ബിടിഎച്ച് ഹോട്ടലിൽ വെച്ച് നടത്തിയ അവസാന മീറ്റിങ്ങും പത്രസമ്മേളനവും ആർക്ക് എതിരെ ആയിരുന്നെന്ന് അറിയുമോ? എസ്എൻഡിപി യോഗം മുൻ പ്രസിഡന്റും എസ്എൻഡിപി യോഗ ചരിത്രത്തിൻറെ രചയിതാവും ചരിത്രകാരനും മുൻ കേരളാ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുമായിരുന്ന ഡോ. പി എസ് വേലായുധന് എതിരെ. എന്തിനാണ് എന്നറിയുമോ? നാരായണഗുരുവിന് ചെമ്പഴന്തിയിൽ വേറെ ഭാര്യയും മക്കളും ഉണ്ടായിരുന്നു എന്നും ഗുരുവിന്റെ ഇമേജ് രക്ഷിക്കാൻ അതെല്ലാം മറച്ചുവെച്ചതാണെന്നു സഹോദരൻ അയ്യപ്പൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ആ മഹാൻ നുണ എഴുതി പീഡിപ്പിച്ചതിന് എതിരെ ആയിരുന്നു. അങ്ങിനെ പറഞ്ഞാൽ ഈഴവർ മുഴുവൻ സഹോദരന് എതിരായി തീരുമല്ലോ? അദ്ദേഹം അറിഞ്ഞിട്ടോ പറഞ്ഞിട്ടോ ഇല്ലാത്ത കാര്യം സഹോദരനെ പറ്റി എഴുതിപ്പിടിപ്പിക്കാൻ സഹോദരൻ അയ്യപ്പനോട് എന്ത് വൈരാഗ്യമാണ് ഈഴവർക്കുള്ളത്? അദ്ദേഹം ദൈവം ഇല്ല എന്ന് പറഞ്ഞതല്ലാതെ?

മരിക്കുന്നതിന് രണ്ടുമാസം മുൻപ് നടന്ന അദ്ദേഹം അവസാനമായി പങ്കെടുത്ത ശിവഗി തീർത്ഥാടന സമ്മേളനത്തിലും അദ്ദേഹം ക്ഷണിക്കപ്പെട്ട അതിഥി ആയിട്ടല്ല പങ്കെടുത്തത്. അത് രാഷ്‌ട്രപതി പങ്കെടുത്ത ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രി ഇഎംഎസ് നടത്തിയ ഇടപെടൽ കൊണ്ട് അദ്ദേഹത്തെ വിളിച്ച് സ്റ്റേജിൽ ഇരുത്തേണ്ടി വന്നതാണ്. അന്നത്തെ സമുദായപ്രമാണിമാർക്കോ ശിവഗിരിയിലെ ആസാമിമാർക്കോ ഒന്നും അയ്യപ്പൻ സ്വീകാര്യൻ ആയിരുന്നില്ല.

അവസാനപ്രസംഗത്തിലും താൻ എന്തെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ‘എൻറെ ഗുരുവിനെക്കുറിച്ച് ഞാൻ ധരിച്ചുവെച്ചിരിക്കുന്നത് പറയാം അമൂർത്തമായ പരികൽപ്പനകളൊന്നും പണ്ടും ഇപ്പോഴും എൻറെ തലയിൽ കയറില്ല, ‘നീ സത്യം ജ്ഞാനം ആനന്ദം…’ എന്ന ഗുരുവിന്റെ വരികൾ കേൾക്കുമ്പോൾ പണ്ട് എൻറെ മനസിലേക്ക് വന്നിരുന്നത്  എൻറെ വീടിനടുത്ത് താമസിക്കാൻ വന്ന മൂന്ന് പട്ടത്തി പെണ്ണുങ്ങൾ ആണെന്നും സത്യലക്ഷ്മിയും ജ്ഞാന ലക്ഷ്മിയും ആന്ദലക്ഷ്മിയും മൂന്നുപേരും എന്റെ കുട്ടി കാലത്തെ കാമുകിമാർ ആയിരുന്നെന്നും,എന്നാൽ ഇപ്പോൾ എനിക്ക് ആ വരികൾ കേൾക്കുമ്പോൾ ഓർമ്മവരാറുള്ളത് ഗുരുവിൻറെ മൂന്ന് സവർണ്ണ ശിഷ്യന്മാരെ ആണെന്നും സത്യം എന്നുപറയുമ്പോൾ സത്യവൃത സ്വാമികളും, ജ്ഞാനം എന്നുപറയുമ്പോൾ മഹാപണ്ഡിതൻ ആയിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ളയും ആനന്ദം. എന്ന് പറയുമ്പോൾ ആനന്ദ തീർത്ഥരെയും ആണ് എന്നാണ്.

തുടർന്ന് സത്യവൃത സ്വാമികളെയും ആന്ദ തീർത്ഥസ്വാമികളെയും കുറിച്ചു വിവരിച്ചശേഷം അദ്ദേഹം കുറ്റിപ്പുഴയെ കുറിച്ചുപറഞ്ഞുകൊണ്ടാണ് നിർത്തുന്നത്. അതിങ്ങനെയാണ് “…… എന്നാൽ ഒരു പീഡ എറുമ്പിനും വരുത്തരുതെന്ന അനുകമ്പയോടെ ജീവിച്ച ഗുരു അവസാനനാളുകളിൽ വേദനകൊണ്ട് പുളയുന്നതുകണ്ട്, മൂത്ര തടസത്താൽ കരയുന്നതുകണ്ട്, വലിയവായിൽ നിലവിളിക്കുന്നതുകണ്ട് ഇവർക്കാർക്കും മനസിലാകാത്ത ഒരുകാര്യം കുറ്റിപ്പുഴയ്ക്ക് മനസിലായി ‘ദൈവം എന്നൊന്നില്ലെന്ന് !’ അങ്ങിനെ ശ്രീനാരായണൻറെ മരണം കണ്ട് കേരളത്തിലൊരു യുക്തിവാദി ഉണ്ടായി കുറ്റിപ്പുഴ കൃഷ്‌ണപിള്ള, അങ്ങിനെ ഗുരു പറയാറുള്ള അറിവിലും ഏറിയ അറിവ് നേടിയ, ജ്ഞാനോദയം നേടിയ കുറ്റിപ്പുഴയെയാണ് ദൈവദശകത്തിലെ ജ്ഞാനം എന്നവാക്ക് കേൾക്കുമ്പോൾ എൻറെ മനസിലേക്ക് വരാറുള്ളത്.” ഇതാണ് ഒരു കണ്ണിന് കാഴ്ചയില്ലാതിരുന്ന രണ്ട് അറ്റാക്കും കഴിഞ്ഞിരിക്കുന്ന കാലത്തും അയ്യപ്പൻ നടത്തിയ അവസാനത്തെ പൊതു പ്രസംഗം, അയ്യപ്പൻ പറഞ്ഞത് എന്താണെന്ന് മനസിലാക്കാൻ കുറച്ചു വെളിവും ബോധവും വേണമെന്നു മാത്രം. ശ്രീനാരയണഗുരുവിൻറെ മരണം കണ്ടാണ് താൻ യുക്തിവാദി ആയതെന്ന് കുറ്റിപ്പുഴയും എഴുതിയിട്ടുണ്ട്.

1928 ൽ അദ്ദേഹം എഴുതിയ സമാധി ഗാനവും പൊക്കിപ്പിടിച്ചു നടക്കുന്നവരോട് പറഞ്ഞുപറഞ്ഞു മടുത്തു. അദ്ദേഹം നല്ല ഒരു കവി കൂടി ആയിരുന്നു. വാസ്തവത്തിൽ നാണമില്ലേ ഇതിങ്ങനെ പറയാൻ. അദ്ദേഹം പിന്നെയും 40 കൊല്ലം ജീവിച്ചു പിന്നീടും പലതും പറയുകയും എഴുതുകയും ഒക്കെ ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ എതിരാളികൾ കളിയാക്കിയിരുന്നത് തന്നെ “മട്ടാഞ്ചേരിയിലെ മൊട്ടസ്വാമി തൊട്ടത്തിലൊക്കെ മഷിപുരട്ടും…” എന്നാണ് അതുകൊണ്ട് അതൊക്കെ മുഴുവൻ സംഘടിപ്പിച്ചു വായിക്കാൻ പറ്റിയില്ലെങ്കിലും ശിവഗിരി പ്രസംഗങ്ങളെങ്കിലും സംഘടിപ്പിച്ച് വായിക്കുന്നത് നല്ലതാണ്. ഒരു തലേക്കെട്ടുകാരൻ ഏതോ സ്ത്രീ നബിയുടെ മൂത്രം കുടിച്ചു വയറുവേദനമാറ്റിയ കഥപറയുന്ന വീഡിയോ കണ്ടിട്ടുണ്ട്, അതുപോലെ ശ്രീനാരയണഗുരു അസുഖമായി കിടക്കുമ്പോൾ ആ മൂത്രം ശേഖരിച്ചു വെച്ച് കുടിക്കുന്നവർ വരെ ഉണ്ടായിരുന്നതായി ശിവഗിരിയിൽ പ്രസംഗിക്കുന്നുണ്ട്, ശ്രീനാരായണൻ തുറന്ന മാർഗ്ഗം ശ്രീനാരയണനെ തന്നെ വെച്ചു അടക്കരുതെന്നും എന്നെന്നേക്കുമായി ഒറ്റമൂലി തീരുമാനം മനുഷ്യപുരോഗതിയിൽ ഇല്ലെന്നും ഒക്കെ പ്രസംഗിക്കുന്നുണ്ട്.

കമ്യൂണിസ്റ്റുകാരും അയ്യപ്പനെ വെറുതെ വിട്ടിരുന്നില്ല അത് അന്നത്തെ ഈഴവരിൽ യുവാക്കൾക്കിടയിൽ ഏറ്റവും സ്വാധീനം അയ്യപ്പന് ആയിരുന്നു. അതുകൊണ്ട് അയ്യപ്പനെ ആക്രമിച്ചുകൊണ്ടല്ലാതെ ഈഴവർക്കിടയിൽ സ്വാധീനം ഉറപ്പിക്കാനാവില്ലെന്നു മനസിലാക്കിയാണങ്ങിനെ ചെയ്യേണ്ടിവന്നതെന്നും, തങ്ങളുടെ മീറ്റിങ്ങുകളിൽ അയ്യപ്പനെ നേരിടുന്നതിനെക്കുറിച്ചാണ് അധിക നേരവും ചർച്ച ചെയ്തിരുന്നതെന്നും പിന്നീട് വ്യക്തിപരമായി അയ്യപ്പൻ പറയുന്നതാണ് ശരിയെന്നു തോന്നിയിട്ടുണ്ടെന്നു തുറന്നു പറഞ്ഞ നേതാക്കളും ഇന്നും വ്യാജപ്പേരിൽ എഴുതിരുന്നത് തങ്ങളാണെന്ന് സമ്മതിക്കാത്തവരുമുണ്ട്.

3) സഹോദരൻ അയ്യപ്പൻ ജീവിച്ച കാലത്തെ പ്രശനങ്ങൾ അല്ലല്ലോ ഇന്നത്തെ യുക്തിവാദികൾ നേരിടുന്നത്? എങ്കിലും ഈഴവസമുദാത്തിൽ ഏതാണ്ട് ഒരു പത്തുവർഷത്തോളം നിലനിന്നിരുന്ന മതപരിവർത്തന വാദത്തിൽ പല നിർദ്ദേശങ്ങളും ഉയർന്നുവരുന്നുണ്ട്. അതിൽ അയ്യപ്പൻ പറഞ്ഞ ചിലനിർദ്ദേശങ്ങളുമായി അയ്യപ്പനെ ജിഹാദികൾക്ക് കൂട്ടിക്കൊടുക്കുന്ന പരിപാടി അത് തന്നെ മുഴുവനും വായിക്കാത്തതുകൊണ്ടാണ്. എങ്കിലും ഒരു കാര്യം ചോദിച്ചോട്ടെ അന്ന് അവർണ്ണരായ യുക്തിവാദികൾ പലരും മതം മാറി. എന്നാൽ ഒരാൾ പോലും ഇസ്ലാമിലേക്ക് മതം മാറഞ്ഞത് എന്തുകൊണ്ടാവും?

മാറിയില്ലെങ്കിലും സിവി കുഞ്ഞിരാമൻ ആദ്യം ബുദ്ധമതത്തിലേക്ക് മാറാനും പിന്നീട് ക്രിസ്തുമതത്തിലേക്ക് മാറാനും ആയിരുന്നു തീരുമാനിച്ചത്. കെസി കുട്ടനും സുഹൃത്തുക്കളും സിഖ് മതത്തിലാണ് ചേർന്നത്. മിതവാദി കൃഷ്ണനും സഹോദരൻ അയ്യപ്പനും ആർ. സുഗതനുമൊക്കെ ബുദ്ധമതത്തിലാണ് ചേർന്നത്. സഹോദരൻ അയ്യപ്പനും ഡോ. അംബേദ്‌കറും ഒന്നും എന്താണ് ഇസ്ലാമാകാതെ ബുദ്ധമതത്തിൽ ചേർന്നത്?

സഹോദരൻ അയ്യപ്പന്റേയും മറ്റ് അവർണ്ണ യുക്തിവാദികളുടേയുമൊക്കെ മതം മാറ്റവും ഡോ. അംബേദ്‌കറുടെ മതം മാറ്റവും ഒരേ കാറ്റഗറിയിൽ കൂട്ടാനും ആവില്ല, കാരണം സഹോദരനൊക്കെ മതം മാറിയത് ഭരണഘടനയും പൗരാവകാശങ്ങളും ഇല്ലാത്ത കാലത്ത് നമ്മുടെ ഷുക്കൂർ വക്കീലൊക്കെ ചെയ്തതുപോലെ ഒരു യുക്തിയാണ്. അന്ന് മതരഹിതനായി ജീവിക്കാൻ പറ്റില്ല. നിയമങ്ങളൊക്കെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ആയിരുന്നു. എന്നാൽ അംബേദ്‌കർ മതം മാറിയത് ഭരണഘടന നിലവിൽ വന്ന ശേഷമാണ്. ഇപ്പോൾ മതമില്ലാതെയും ജീവിക്കാം. അപ്പോൾ അദ്ദേഹത്തിൻറെ മതം മാറ്റം കൃത്യമായ മറ്റൊരു നിലപാടിൻറെ പേരിലാണെന്ന് വ്യക്തം. അതുകൊണ്ടുതന്നെ ജാതിഹിന്ദുക്കളായി തുടർന്നുകൊണ്ട് അബേദ്ക്കറൈറ്റുകൾ ആണെന്ന് പറയുന്നതിലും ലേശം ഉഡായിപ്പ് ഉണ്ട്.

4) ആരിഫ് ഹുസൈനെ പിന്തുണച്ചത് സംബന്ധിച്ച്: ആരിഫ് ബിജെപിക്ക് അനുകൂലമായി പറയുന്നു എന്നാണ് ചിലർ പറയുന്നത്. ചുവർ ഉണ്ടെങ്കിൽ അല്ലേ ചിത്രം വരയ്ക്കാൻ ആകൂ? കേരളത്തിലെ എക്‌സ് മുസ്ലിങ്ങളെ പിന്നെ ഇവിടുത്തെ മതേതര കക്ഷികൾ ആരെങ്കിലും പിന്തുണയ്ക്കുമോ? എല്ലാവരും ഇസ്ലാം വർഗ്ഗീയത സ്വർഗീയത ആയിക്കാണുന്നവരല്ലേ? അതുകൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പിൽ മതേതരന്മാർ ആയി വേഷംകെട്ടുന്നവർ ജയിച്ചാൽ ഇസ്ലാം മതം ഉപേക്ഷിച്ച യുക്തിവാദികൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമായിരിക്കും, അല്ലെങ്കിൽ സിപിഐ (എം) എന്നൊക്കെ എഴുതുമ്പോലെ യുക്തിവാദം (ഇസ്ലാം മതം ഒഴികെ) എന്ന് കേരളത്തിലെ യുക്തിവാദി സംഘടനകൾ പേര് മാറ്റേണ്ടി വരും. ആരിഫിനെ പോലുള്ളവർ അനുഭവിച്ചത് വെച്ച് വ്യക്തിപരമായി പറഞ്ഞാൽ അവരൊക്കെ ബിജെപിക്കാരുമായല്ലേ സൗഹൃദം പുലർത്തുന്നുള്ളൂ വല്ല സനാതൻ സൻസ്തയിലും പോയി ചേർന്ന് ഇവന്മാരെ ഉൻമൂലനം ചെയ്യാൻ തോന്നാഞ്ഞത് ഭാഗ്യം എന്ന് മാത്രം കരുതിയാൽ മതി.

Content Highlights: Jihadis nowadays profess a tremendous love for Sree Narayana Guru’s ideal of universal love, for his disciple Sahodaran Ayyappan, and, above all, for the Constitution. However, this affection is merely seasonal. Until around 2010, two books critical of Sree Narayana Guru—published by Jamaat-e-Islami’s IPH—used to be available at their bookstalls.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *