r mohanan2

കോഴിക്കോട്: കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ. മോഹനൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു. എൺപതുകളിൽ കോഴിക്കോട്ടെ സാംസ്കാരിക വേദികളിൽ കവിതകളുടെ ചൊൽക്കാഴ്ചകളിലൂടെ ശ്രദ്ധേയനായ ആർ. മോഹനന്റെ വിയോഗം സാംസ്കാരിക രംഗത്തിന് നഷ്ടമായി.

ആലപ്പുഴ സ്വദേശിയായ ആർ. മോഹനൻ ദീർഘനാളായി കോഴിക്കോട്ടാണ് താമസിച്ചിരുന്നത്. ദേശാഭിമാനി വാരികയിൽ പ്രൂഫ് റീഡറായി സേവനമനുഷ്ഠിച്ച അദ്ദേഹം മികച്ച അധ്യാപകനുമായിരുന്നു. ‘ഉറുമ്പുകൾക്ക് ഒളിത്താവളങ്ങൾ വേണ്ട’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ആനുകാലികങ്ങളിൽ അദ്ദേഹത്തിന്റെ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.

ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്’ നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുള്ള ആർ. മോഹനൻ, എൺപതുകളിലെ കോഴിക്കോട് സാംസ്കാരിക വേദികളിലെ സജീവ സാന്നിധ്യമായിരുന്നു. കവിതയും സാംസ്കാരിക പ്രവർത്തനവും അധ്യാപനവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോയ അദ്ദേഹം സാഹിത്യരംഗത്തും തന്റേതായ ഇടം നേടിയിരുന്നു.

ഭൗതികശരീരം വ്യാഴാഴ്ച രാവിലെ 8.30 വരെ ബിലാത്തിക്കുളം ഹൗസിങ് കോളനി ഫ്ലാറ്റ് നമ്പർ 5222ൽ സൂക്ഷിക്കും. തുടർന്ന് രാവിലെ 9 മുതൽ 10 വരെ ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ 10.30ന് മാവൂർ റോഡ് സ്‌മൃതിപഥത്തിലാണ് സംസ്കാരം. ഭാര്യ കെ. പ്രഭ. മക്കൾ എം. സിതാര, എം. നാഗിന. സഹോദരങ്ങൾ മുകുന്ദൻ, ശ്രീധരൻ, പരേതരായ പത്മനാഭൻ, സുകുമാരൻ, സോമൻ, ഭാസ്കരൻ.

By Editor

Leave a Reply

Your email address will not be published. Required fields are marked *