anu pocso kattakkada

തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ 20 കാരന് എട്ട് വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. അടിമലതുറ കോട്ടുകാല്‍ സ്വദേശി അനുവിനെയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി വി വിനോദ് ശിക്ഷിച്ചത്.

പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും വിധിന്യായത്തില്‍ കോടതി നിര്‍ദേശിച്ചു. പിഴ അടച്ചില്ലെങ്കില്‍ പ്രതി നാല് മാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

15 കാരി അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. പ്രതി പലതവണ പെണ്‍കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞ് ശല്യപ്പെടുത്തിയിരുന്നു. സംഭവദിവസം പെണ്‍കുട്ടിയെ കാണണമെന്ന് വാശിപിടിച്ച് പ്രതി കുട്ടി പഠിക്കുന്ന സ്‌കൂളിലെത്തി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ബൈക്കില്‍ കയറാന്‍ പ്രതി നിര്‍ബന്ധിച്ചു. ആദ്യം വിസമ്മതിച്ച കുട്ടിയെ നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി. തുടര്‍ന്ന് ഉച്ചയോടെ കല്ലുമല ബൈപ്പാസിന് സമീപം എത്തിച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ പോലീസില്‍ പരാതി നല്‍കി. ഇക്കാര്യം അറിഞ്ഞ പ്രതി കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയതായും പ്രോസിക്യൂഷന്‍ ആരോപിച്ചു. തുടര്‍ന്ന് രാത്രിയില്‍ പോലീസ് പ്രതിയുടെ വീട്ടിലെത്തി കുട്ടിയെ കണ്ടെത്തി കൂട്ടിക്കൊണ്ടുപോയി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഡി ആര്‍ പ്രമോദ് ഹാജരായി. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകളും നാല് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. അന്നത്തെ കാഞ്ഞിരംകുളം പോലീസ് ഇന്‍സ്‌പെക്ടര്‍ ജിജിന്‍ ജി. ചാക്കോയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

By Editor

Leave a Reply

Your email address will not be published. Required fields are marked *