കോഴിക്കോട്: സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേര് പറയാന്‍ വീണയെ നിര്‍ബന്ധിച്ചെന്ന് മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസ്. തന്റെ സുഹൃത്ത് ഹസന് വാരിസിനെ ഇഡി ഭീഷണിപ്പെടുത്തിയതായും റിയാസ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിണറായി വിജയന്റെ ഇടപാടെന്ന് പറയാനാണ് ഇഡി വാരിസിനോട് ആവശ്യപ്പെട്ടത്. ഇതിന് കഴിയില്ലെന്ന് പറഞ്ഞതോടെ വീണയുടെ ഇടപാട് ആണെന്ന് പറയാന്‍ പറഞ്ഞു. ഇല്ലെങ്കില്‍ വാരിസിന്റെ 22കാരിയായ മകളെ ഹവാലക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് തന്റെ പേരുള്ള ഇഡിയുടെ പേപ്പറില്‍ വാരീസ് ഒപ്പിട്ട് നല്‍കിയതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. സിഎംആര്‍എല്‍- എക്സാലോജിക്കില്‍ സേവനം ചെയ്തതിന്റെ ഭാഗമായാണ് വീണ അക്കൗണ്ട് വഴി പണം വാങ്ങിയത്. പണം വാങ്ങുമ്പോള്‍ അടയ്ക്കേണ്ട എല്ലാ നികുതികളും വീണ അടച്ചിട്ടുണ്ട്. അത് മാസപ്പടിയാണെന്ന് ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചു. സേവനം നല്‍കിയിട്ടില്ലെന്ന് സിഎംആര്‍എല്‍ എം ഡി മൊഴി കൊടുത്തിട്ടുണ്ടെന്ന് ചിലര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അങ്ങനെ ഒരു മൊഴി കൊടുത്തിട്ടില്ലെന്ന അഭിപ്രായമാണ് തനിക്കുളളത്. വീണ എന്താണ് മിണ്ടാത്തതെന്ന് പലരും ചോദിച്ചു. ഒരു ഇന്ത്യന്‍ പൗര എന്നുള്ള നിലയില്‍ പ്രതികരിക്കാന്‍ അവകാശമുള്ളതുപോലെ പ്രതികരിക്കാതിരിക്കാനുള്ള അവകാശവും വീണയ്ക്കുണ്ട്. ഒരു തെറ്റും ചെയ്തിട്ടില്ല, സത്യം ജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെങ്കില്‍ പ്രതികരിക്കാം. പ്രതികരിക്കാതിരിക്കാം. അത് അവരുടെ ഭരണഘടന അവകാശമാണ്. മൗനം പാലിക്കുന്നത് എന്തോ തെറ്റ് ചെയ്തിട്ടാണെന്ന സ്ഥിതിയുണ്ടായെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തനിക്കെതിരെയും കുടുംബത്തിനെതിരെയും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഭാര്യ വീണ വിജയനെതിരെ ഇ ഡി വ്യാജ മൊഴികള്‍ ചമയ്ക്കുകയാണ്. പിണറായി വിജയന്റെ മകളായതുകൊണ്ട് മാത്രം വീണയെ നിരന്തരം വേട്ടയാടുകയാണ്. വീടുകളില്‍ നടത്തിയ റെയ്ഡുകളില് ഇരുപത്തഞ്ച് പൈസ പോലും പിടിച്ചെടുക്കാന്‍ ഇഡിയ്ക്ക് കഴിഞ്ഞിട്ടില്ല. സ്വന്തം മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സുഹൃത്ത് ഹസന് വാരിസിനെക്കൊണ്ട് തനിക്കെതിരെ മൊഴി പറയിപ്പിച്ചതെന്നും റിയാസ് പറഞ്ഞു. വാരിസിന്റെ വീട്ടില്‍ റെയ്ഡ് നടത്തി ഒന്നും കിട്ടാതായപ്പോള്‍ പിണറായി വിജയന്റെ ഇടപാടാണ് ഇതെന്ന് പറയാന്‍ ഇഡി നിര്‍ദേശിച്ചു. പിണറായി, മുഹമ്മദ് റിയാസ്, വീണ എന്നിവരില്‍ ഒരാളുടെ പേര് പറഞ്ഞില്ലെങ്കില്‍ മകളെ പ്രതിയാക്കും എന്ന് ഭീഷണിപ്പെടുത്തിയതോടെ തന്റെ പേര് പറയുകയായിരുന്നുവെന്നും റിയാസ് വിശദീകരിച്ചു. അടുത്ത ദിവസം മാനസികമായി പ്രയാസത്തിലായ വാരിസ് ഇഡിക്ക് കത്ത് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ സന്ദര്‍ശനം ഹവാല ഇടപാടിനായിരുന്നെന്ന പ്രചാരണവും മുഹമ്മദ് റിയാസ് തള്ളി. വീണ പലപ്പോഴും ദുബൈയില്‍ പോയിട്ടുണ്ട്. താനും പോയിട്ടുണ്ട്. പലരും പോയിട്ടുണ്ടാകും. അതെല്ലാം ഹവാല കടത്താനാണോയെന്നും റിയാസ് ചോദിച്ചു. ഭീഷണിപ്പെടുത്തി ആരുടെ കയ്യില്‍ നിന്നും എന്ത് കള്ളമൊഴി എടുത്താലും സത്യം ജയിക്കും. ജീവിക്കുന്ന തന്റെ ഇറച്ചി കടിച്ചു തിന്നുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണ ഏജന്‍സികളുടെ നടപടികളെ നിയമപരമായി നേരിടും. ഒരു തെറ്റും ചെയ്തിട്ടില്ല. അതിനാല്‍ ഭയമില്ല. മാധ്യമസ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പടെ ഇഡിയെ പേടിയുണ്ടാകും. എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇഡിയെ പേടിക്കേണ്ടതില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. Post navigation മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: അഡീഷണല്‍ ചീഫ് സെക്രട്ടറി ഹാജരായില്ല; അതൃപ്തി അറിയിച്ച് ഹൈക്കോടതി