Sat. Jun 27th, 2026

✍️ ലിബി.സി.എസ്

അടിയുറച്ച കമ്മ്യൂണിസ്റ്റും നിർഭയനായ യുക്തിവാദിയും പ്രമുഖ പത്രപ്രവർത്തകനുമായിരുന്നു പവനൻ. 1954 മുതൽ 64 വരെ പവനൻ ദേശാഭിമാനിയുടെ പത്രാധിപസമിതി അംഗമായിരുന്നു. പാര്‍ട്ടി പിളരുംവരെ ‘ദേശാഭിമാനി’യുടെ തലസ്ഥാന ലേഖകനായിരുന്നു. പിളര്‍പ്പിനുശേഷം സി.പി.ഐയില്‍ തുടര്‍ന്നു. 1975- 84 കേരള സാഹിത്യ അക്കാദമിയുടെ ജന സെക്രട്ടറി, കേരള പത്രപ്രവർത്തകസമിതിയുടെ ജന. സെക്രട്ടറി , മനോരാജ്യം ജന.എഡിറ്റർ, യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പവനൻ പ്രവർത്തിച്ചിരുന്നു.

1985 ൽ പവനനും ഇ.എം.എസും തമ്മിൽ നടത്തിയ മാർക്സിസ്റ്റ് – യുക്തിവാദ സംവാദം ഒരു പക്ഷെ, സാഹിത്യത്തിലെ പ്രാസവാദ സംവാദങ്ങൾക്കു ശേഷം, കേരള സാംസ്കാരികരംഗത്തു നടന്ന ശ്രദ്ധേയമായ ഒന്നായിരുന്നു.

കേരളത്തിൽ മതത്തിനെതിരായ കുരിശ് യുദ്ധത്തിന്റെ തുടക്കം 1926 ൽ സ്ഥാപിക്കപ്പെട്ട ‘യുക്തിവാദി സഭ’ യുടെ ആരംഭത്തോടെയാണ് തുടങ്ങുന്നത്. ആസംഘടനയുടെ മുഖപത്രമായി ആരംഭിച്ച് പിന്നീട് എം.സി ജോസഫ് നീണ്ട 53 വർഷക്കാലം പത്രാധിപരായി മുടങ്ങാതെ പ്രസിദ്ധീകരിച്ചിരുന്ന ‘യുക്തിവാദി’ മാസികയാണ് മതവിരുദ്ധാശയം കേരള ജനങ്ങളിൽ എത്തിച്ചത്. പിന്നീട് സോഷ്യൽ മീഡിയ വരുന്നതിന് മുൻപ് പലതും പൂട്ടിപ്പോയ ശേഷവും കേരളത്തിൽ ഒരു ഡസനിലധികം മതവിരുദ്ധ മാസികകൾ ഉണ്ടായിരുന്നു. ഇപ്പോൾ അവശേഷിക്കുന്ന ഏക പ്രിന്റഡ് മാധ്യമം പവനൻ ആരംഭിച്ച യുക്തിരേഖ മാത്രമാണ്.കേരളത്തിലെ യുക്തിവാദി സംഘത്തിന്റെ വളർച്ചയിൽ മേൽസൂചിപ്പിച്ച മാധ്യമങ്ങളൊക്കെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

യുക്തിവാദി സംഘത്തിൽ ചേരുമ്പോൾ ഒരു സത്യപ്രതിജ്ഞ ചെയ്യാറുണ്ട്.(സോഷ്യൽമീഡിയ യുക്തിവാദികളുടെ കാര്യമല്ല പറഞ്ഞത്, യുക്തിവാദികളായി ജീവിക്കുന്നവരുടെ കാര്യമാണ്) ആ പ്രതിജ്ഞ ഇങ്ങനെയാണ് ഞാൻ “വ്യക്തി ജീവിതത്തിൽ മതം വിശ്വസിക്കുകയോ ആചരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതല്ല. ജാതി മത ചിന്തകൾക്കതീതമായി ഒരു നവ മാനവലോകം പടുത്തുയർത്തുന്നതിനായി ഞാൻ പ്രവർത്തിക്കും.” ഈ സംഘത്തിലുള്ളവർ ഈ ലക്‌ഷ്യത്തിനായി സംഘടിതമായി പ്രവർത്തിക്കുന്നു. ഓരോരുത്തരും വ്യക്തി ജീവിതത്തിൽ ഇതു കർശനമായി പാലിക്കുന്നു. ജനനം മുതൽ മരണം വരെയുള്ള മതചടങ്ങുകൾ ഒഴിവാക്കുന്നു. ജാതിയും മതവും ജാതകവും മുഹൂർത്തവുമെല്ലാം ഉപേക്ഷിച്ചു സ്പെഷ്യൽ മാര്യജ് ആക് ട് പ്രകാരമുള്ള വിവാഹവും മരണാനന്തരം ബോഡി മെഡിക്കൽ കോളേജിന് ദാനം ചെയ്യുകയോ മതചടങ്ങുകൂടാതെ സംസ്ക്കരിക്കുകയോ ചെയ്യുന്നു. ഒരു യുക്തിവാദി വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും മതരഹിതവും ശാസ്ത്രീയവുമായ ജീവിതം നയിക്കുന്നു. ഇങ്ങനെയുള്ള ഒരു കൂട്ടരാണ് മുൻപ് യുക്തിവാദികൾ എന്നറിയപ്പെട്ടിരുന്നത്.

എന്നാൽ പവനന്റെ കാര്യത്തിൽ ഒരു യുക്തിവാദിയായി പവനന് അന്ത്യവിശ്രമം കൊള്ളാൻ കഴിഞ്ഞില്ല. മരണാനന്തരം പവനന്റെ സംസ്കാരം യുക്തിവാദി സംഘം പ്രവർത്തകരെ ഒഴിവാക്കി സി.പി.ഐ പാർട്ടി പിടിച്ചെടുത്തു. ചെങ്കൊടിയൊക്കെ പുതപ്പിച്ചു “ഇല്ല ഇല്ല മരിക്കില്ല ഞങ്ങളിലൂടെ ജീവിക്കും” എന്ന പതിവ് മുദ്രാവാക്യമുയർത്തി പവനനെ പാർട്ടി പ്രവർത്തകർ സംസ്ക്കരിച്ചു. എന്നാൽ ഏതെങ്കിലും സിപിഐ ക്കാരനിലൂടെ പവനൻ ജീവിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഇപ്പോൾ എനിക്ക് പരിചയമുള്ള എല്ലാവരും തന്നെ ഭക്തിവാദികളാണ്.

കലാനാഥൻ മാഷിൻറെ കാര്യത്തിൽ സിപിഎംകാരും അങ്ങിനെ ഞങ്ങളിലൂടെ ജീവിക്കും എന്ന മുദ്രാവാക്യം വിളിയൊക്കെ കഴിഞ്ഞു ഡെഡ്ബോഡി യുക്തിവാദികൾക്ക് വിട്ടുകൊടുക്കുകയും യുക്തിവാദി സംഘക്കാരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിന് നൽകുകയുമായിരുന്നു.
പവനന്റെ ഓർമ്മദിനമാണ് ഇന്ന്, പവനന്റെ ഓർമകൾ എന്നും യുക്തിവാദികൾക്കു പ്രചോദനമാണ്.
(ചിത്രം പവനനും എ ടി കോവൂരും ഒരേവേദിയിൽ)

Leave a Reply

Your email address will not be published. Required fields are marked *