Mon. Jun 22nd, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കുന്നതില്‍ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വടശ്ശേരി ദാമോദര മനോൻ സതീശന്‍. മുടങ്ങാതെ പെന്‍ഷന്‍ നല്‍കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളോട് നല്‍കിയ വാഗ്ദാനം എത്രയും പെട്ടെന്ന് തന്നെ പാലിക്കും. പെന്‍ഷന്‍ ഗുണഭോക്താക്കളുടെ കാര്യത്തില്‍ അവശ്യമായ പരിശോധന നടത്തും. ലോസ് ആഞ്ചലസില്‍ ഉള്ളയാള്‍ വിളിച്ച് തനിക്ക് പെന്‍ഷന്‍ കിട്ടിയില്ലെന്ന് പറഞ്ഞതായി ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. അനര്‍ഹര്‍ പട്ടികക്കകത്തുള്ളത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം 24 മുതല്‍ ആരംഭിക്കും.

യുഡിഎഫ് അധികാരത്തിലേറിയതിന് പിന്നാലെ സര്‍ക്കാര്‍ ആശുപത്രികള്‍ പൂട്ടിപ്പോകുമെന്നത് വിചിത്രമായ വാദമാണെന്നും യാതൊരു കാരണവശാലും ഇത്തരം വാദങ്ങള്‍ അംഗീകരിച്ചുനല്‍കാനാകില്ലെന്നും സതീശന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളെ പങ്കാളികളാക്കും. സര്‍ക്കാര്‍ എത്ര തുക പ്രീമിയമായി അടക്കുമെന്നത് കരാറില്‍ ഏര്‍പ്പെടുമ്പോഴാണ് തീരുമാനിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് രണ്ട് മാസമല്ലേ ആയുള്ളൂ. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ രണ്ട് ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കി. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ എസ് ആര്‍ ടി സിയിലെ സ്ത്രീ സൗജന്യ യാത്രാ പദ്ധതിക്കെതിരായ ആരോപണങ്ങളിലും മുഖ്യമന്ത്രി മറുപടി നല്‍കുകയുണ്ടായി. സംസ്ഥാനത്തെ ഓര്‍ഡിനറി ബസുകള്‍ ഫാസ്റ്റാക്കി മാറ്റിയെന്ന പ്രതിപക്ഷ ആരോപണം കള്ള പ്രചാരണമാണെന്നും വിഷയം പ്രതിപക്ഷ എം എല്‍ എ നിയമസഭയില്‍ ഉന്നയിച്ചതില്‍ പ്രതിഷേധം അറിയിക്കുന്നെന്നും സതീശന്‍ പറഞ്ഞു. യു പ്രദീപ് എംഎല്‍എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഓര്‍ഡിനറി ഫാസ്റ്റാക്കി മാറ്റിയ ഏതെങ്കിലും സംഭവമുണ്ടെങ്കില്‍ എഴുതിത്തരണമെന്നും പരിശോധിക്കാമെന്നും പ്രദീപിന് ഗതാഗതമന്ത്രി സി പി ജോണ്‍ മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *