തിരുവനന്തപുരം: കേരളത്തില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബക്കാര്‍ഡി കമ്പനി എല്‍ ഡി എഫ് സര്‍ക്കാരിനയച്ച കത്തുകളുടെ വിശദാംശങ്ങള്‍ പുറത്ത്. 2021-ല്‍ അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് ബെക്കാര്‍ഡി കമ്പനി അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.
ബിയറിന്റെയും വൈനിന്റെയും നികുതി ഘടനയ്ക്ക് സമാനമായി തങ്ങളുടെ ഉത്പന്നങ്ങളായ “ബക്കാര്‍ഡി പ്ലസ്”, ‘ബക്കാര്‍ഡി ബ്രീസര്‍’ എന്നിവയുടെ നികുതി കുറയ്ക്കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. ടൂറിസം മേഖലകളിലും കോര്‍പ്പറേറ്റ് ഇവന്റുകളിലും ലിംഗവ്യത്യാസമില്ലാതെ ഏവര്‍ക്കും പ്രിയങ്കരമായ ഉല്പന്നമാണ് ബക്കാര്‍ഡി ബ്രീസറും ബക്കാര്‍ഡി പ്ലസ്സുമെന്നും കമ്പനി കത്തില്‍ ചൂണ്ടിക്കാട്ടി.
മറ്റ് സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് ഇത്രയധികം നികുതിയില്ലെന്നും കേരളത്തിലെ 251 ശതമാനം നികുതി അമിതമാണെന്നും കത്തില്‍ പറഞ്ഞു. കടുത്ത നികുതി കാരണം ഇവ ലഭ്യമാകാത്തതിനാല്‍ സ്ത്രീകള്‍ അവരുടെ ആഘോഷങ്ങള്‍ക്കും ഇവന്റുകള്ക്കുമായി ഗോവ, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുകയാണെന്നും ഇത് തടയാന്‍ നികുതി ഇളവ് നല്‍കണമെന്നും കത്തില്‍ പറയുന്നു.
എന്നാല്‍ കത്ത് ലഭിച്ചയുടന്‍ അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി പരിശോധിച്ച് ഉചിതമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍’ ധനകാര്യ സെക്രട്ടറിക്ക് ഫയലില്‍ നിര്‍ദേശം നല്‍കിയിരുന്നു.
തുടര്‍ന്ന് എം പി രാജേഷ് എക്സൈസ് മന്ത്രിയായപ്പോഴും കെ എന്‍ ബാലഗോപാല്‍ ധനമന്ത്രിയായിരുന്നപ്പോഴും ഈ വിഷയം ചര്‍ച്ചയില്‍ വരികയും 550 കോടിയുടെ അധിക വരുമാന സാധ്യത വിലയിരുത്തുകയും ചെയ്തുവെന്ങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ 251 ശതമാനം നികുതിയില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു.

