Fri. Jun 26th, 2026

പാചകം ചെയ്യലും വീട് വൃത്തിയാക്കലുമെല്ലാം സ്ത്രീകളുടെ മാത്രം ചുമതലയാണെന്ന പരമ്പരാഗത ചിന്താഗതികൾക്കെതിരെ ശക്തമായ നിലപാടുമായി ബോളിവുഡ്-ഹോളിവുഡ് താരം പ്രിയങ്കാ ചോപ്ര. വീട്ടുജോലികളെ ലിംഗഭേദവുമായി കൂട്ടിക്കെട്ടുന്നതിനോട് താൻ ഒട്ടും യോജിക്കുന്നില്ലെന്ന് വ്യക്തമാക്കിയ പ്രിയങ്ക, ദൈനംദിന വീട്ടുജോലികൾ പുരുഷനോ സ്ത്രീയോ ഭേദമന്യേ ഓരോ മുതിർന്ന വ്യക്തിയും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന ജീവിത നൈപുണ്യം മാത്രമാണെന്ന് ഓർമ്മിപ്പിച്ചു. പരസ്യ-മാർക്കറ്റിംഗ് രംഗത്തെ ആഗോള വാർഷിക മേളയായ കാൻ ലയൺസ് ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു താരം.

മാറുന്ന സാമൂഹിക മനോഭാവങ്ങളെക്കുറിച്ചും കാലഹരണപ്പെട്ട സ്റ്റീരിയോടൈപ്പുകളെക്കുറിച്ചും സംസാരിക്കവേയാണ് പ്രിയങ്ക നിലപാട് വ്യക്തമാക്കിയത്. “പാചകവും വീട് വൃത്തിയാക്കലും സ്ത്രീകളുടെ മാത്രം ജോലിയല്ല. ലിംഗഭേദമനുസരിച്ച് വീട്ടുജോലികൾ വിഭജിച്ചു നൽകുന്നത് തികച്ചും അർഥശൂന്യമാണ്. ലിംഗഭേദത്തെ ആരും സ്വന്തം മടിയുമായി കൂട്ടിക്കുഴയ്ക്കരുത്,” പ്രിയങ്കാ ചോപ്ര പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തിലും പല വീടുകളിലും ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായി കാണുന്ന പ്രവണതയ്‌ക്കെതിരെയാണ് താരം വിരൽ ചൂണ്ടിയത്.

തുടർന്ന്, ഡിജിറ്റൽ സാങ്കേതികവിദ്യ വിനോദമേഖലയെ എങ്ങനെയാണ് മാറ്റിമറിച്ചതെന്നതിനെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു. ഒരുകാലത്ത് സിനിമ ചെയ്യുക എന്നത് വലിയ സാമ്പത്തികച്ചെലവുള്ളതും സങ്കീർണ്ണവുമായ പ്രക്രിയയായിരുന്നുവെങ്കിൽ ഇന്നത്തെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ആ വ്യവസ്ഥിതിയെ പൂർണ്ണമായി മാറ്റിമറിച്ചുവെന്ന് താരം നിരീക്ഷിച്ചു. പരമ്പരാഗത സിനിമാ നിർമ്മാണ ശൈലികളെയും വലിയ വിതരണക്കാരെയും ആശ്രയിക്കാതെ തന്നെ ക്രിയേറ്റർമാർക്ക് തങ്ങളുടെ ആശയങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ട്.

“നിങ്ങളുടെ പക്കൽ മികച്ചൊരു ആശയമുണ്ടെങ്കിൽ അത് ഷൂട്ട് ചെയ്ത് യൂട്യൂബിൽ പങ്കുവെക്കൂ. അത് അടുത്തിടെ പുറത്തിറങ്ങി വലിയ വിജയമായി മാറിയ ‘ഒബ്‌സഷൻ’ എന്ന സിനിമയെപ്പോലെ ജനശ്രദ്ധ നേടാം. വിനോദലോകത്ത് സ്വന്തം കഴിവ് തെളിയിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ അതിശയകരമായ സമയമാണിത്,” എന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ലിംഗസമത്വത്തെക്കുറിച്ചും ഡിജിറ്റൽ വിപ്ലവത്തെക്കുറിച്ചുമുള്ള പ്രിയങ്കയുടെ വാക്കുകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *