deepa jolly kcrm

തൊടുപുഴ: മൂലമറ്റം സെന്റ് ജോർജ് യു.പി. സ്കൂളിലെ അധ്യാപികയായ ശ്രീമതി ദീപാ ജോളിക്ക് പിന്തുണയുമായി കേരള കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനം (KCRM) രംഗത്ത്. മുൻ കന്യാസ്ത്രീ ആയ ദീപാ ജോളിക്ക് പിന്തുണ അറിയിച്ച് KCRM നേതാക്കൾ തൊടുപുഴ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തി. കെ. ജോർജ് ജോസഫ്, ഷാജി ഫ്രാൻസിസ്, AP ജോളി, C.O. ഫ്രാൻസിസ് എന്നിവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.

മൂലമറ്റം സെന്റ് ജോർജ് യു.പി. സ്കൂളിലെ അധ്യാപികയായ ശ്രീമതി ദീപാ ജോളി, തന്റെ ഭർത്താവിനെതിരെ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി ജോർജ് കള്ളക്കേസ് കൊടുത്തതിൽ പ്രതിഷേധിച്ച് ഹെഡ്മിസ്ട്രസിന്റെ മഠത്തിനു മുൻപിൽ തന്റെ കുഞ്ഞുങ്ങളെയും ഭർതൃപിതാവിനെയും കൂട്ടി, 13/10/2026 രാത്രിയിൽ ആയിരുന്നു കുത്തിയിരിപ്പ് സമരം നടത്തിയത്. അതുമായി ബന്ധപ്പെട്ട് കെ സി ആർ എം നടത്തി അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞ കാര്യങ്ങൾ പൊതുജനങ്ങളെ അറിയിക്കാനും തങ്ങളുടെ നിലപാട് വ്യക്തമാക്കാനും വേണ്ടിയാണ് പത്രസമ്മേളനം നടത്തിയത്.

ദീപാ ജോളി പ്ലസ് ടു പാസായശേഷം 2002-ൽ സി.എം.സി. സഭയിൽ സന്യാസിനിയായി ചേർന്നയാളാണ്. എന്നാൽ മഠത്തിലെ ദുരനുഭവങ്ങളും ഡിസ്ക് തേയ്മാനം മൂലം കിടപ്പിലായപ്പോൾ അവഗണിച്ചതും വേദനിപ്പിച്ചതും, അവധി നിഷേധിച്ചതും മൂലം അവർ മടങ്ങിപ്പോകാനാഗ്രഹിച്ചെങ്കിലും പാലായിൽനിന്ന് മാറ്റി അട്ടപ്പാടി സഹിയോൻ ധ്യാനകേന്ദ്രത്തിൽ തടവിലാക്കുകയാണ് സി.എം.സി. സഭ ചെയ്തത്.

പീഡനം സഹിക്കവയ്യാതെ വീട്ടിൽ പോകാൻ ദീപ വാശിപിടിച്ചതോടെ, “മര്യാദയ്ക്കാണെങ്കിൽ ഇവിടെ കഴിയാം. അല്ലെങ്കിൽ നീ ജീവനോടെ ഇവിടുന്ന് പുറത്തുപോകില്ല” എന്ന് അവിടത്തെ പ്രധാന ‘സുവിശേഷകൻ’ ബ്ര. ബിനോയ് ഭീഷണിപ്പെടുത്തിയെന്നും തന്റെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ ദീപ, ഏതാണ്ട് എട്ടു മാസത്തിനുശേഷം ഒരു ദിവസം കാവൽക്കാർ ഉറങ്ങിയ തക്കം നോക്കി വെളുപ്പിന് മൂന്നര മണിക്ക് സഹിയോനിൽനിന്ന് രക്ഷപ്പെട്ട്, രാത്രിയിൽ കാട്ടിൽ ഒളിച്ചിരുന്ന്, ഒരു വിധത്തിൽ നാട്ടിലെത്തിയാണ് തന്റെ ജീവൻ രക്ഷിച്ചത്. അങ്ങനെ 2017-ൽ മഠം വിടുകയും ഏതാനും മാസങ്ങൾക്കുശേഷം വിവാഹിതയാകുകയും ചെയ്തു. അതോടെ ദീപ പൂർണമായും സഭയുടെ കണ്ണിലെ കരടായി.

2012-ൽ തുടങ്ങനാട് ജോലിയിൽ പ്രവേശിച്ച ദീപയെ വിവാഹശേഷം മൂലമറ്റത്തേക്ക് സ്ഥലം മാറ്റി. 2018 മുതൽ അവിടെ ജോലി തുടരുകയാണ്. ആദ്യത്തെ ഹെഡ്മിസ്ട്രസ് വളരെ നല്ല ഇടപെടലായിരുന്നു എന്നും യാതൊരു പ്രശ്നവുമില്ലാതെ ജോലി ചെയ്യാമായിരുന്നു എന്നും സിസ്റ്റർ ജിജി ജോർജ് HM ആയി വന്നതോടെയാണ് കുഴപ്പങ്ങൾ ആരംഭിച്ചതെന്നും ദീപ ടീച്ചർ പറഞ്ഞു.

തന്റെ ക്ലാസിലെ രണ്ടു കുട്ടികൾ തമ്മിലുണ്ടായ വഴക്കിൽ ഒരു കുട്ടിക്ക് പരിക്കേറ്റപ്പോൾ വഴക്കുണ്ടാക്കിയ കുട്ടിയുടെ ചെവിക്ക് ടീച്ചർ നുള്ളിയെന്ന പരാതിയുമായി കുട്ടിയുടെ രക്ഷിതാവ് വരികയുണ്ടായി. അപ്പോൾ അയാളെക്കൊണ്ട് പോലീസിൽ കേസ് കൊടുപ്പിച്ച് ടീച്ചറെ ദ്രോഹിക്കാൻ സിസ്റ്റർ ജിജി ശ്രമിച്ചത്രേ! പരിക്കേറ്റ കുട്ടിയുടെ പിതാവ് ദീപ ടീച്ചർക്ക് പിന്തുണ നൽകുകയും സ്കൂളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരസ്യപ്പെടുത്തുമെന്ന് ദീപ ടീച്ചർ പറയുകയും ചെയ്തതോടെ ആ കേസ് പിൻവലിക്കപ്പെടുകയായിരുന്നു.

ദീപ ടീച്ചറുടെ കുട്ടിയെ വയസു തികയാതെ സ്കൂളിൽ ചേർത്ത് ഡിവിഷൻ നിലനിർത്താൻ ശ്രമിച്ചത് കുട്ടിയുടെ പഠനത്തെ ബാധിച്ചപ്പോൾ ടീച്ചർ കുട്ടിക്ക് പുനഃപ്രവേശനം ആവശ്യപ്പെട്ടെങ്കിലും HM അനുവദിച്ചില്ല. അവധി അപേക്ഷകൾ അനുവദിക്കാതെ ബുദ്ധിമുട്ടിച്ചു. സഹപ്രവർത്തകരെ ദീപ ടീച്ചർക്കെതിരെ തിരിച്ചു. വഴങ്ങാത്തവരെ സ്ഥലം മാറ്റിച്ചു. സിസ്റ്റർ ജിജിയെ ഭയന്ന അധ്യാപകർ ദീപ ടീച്ചർക്കെതിരെ നിൽക്കാൻ നിർബന്ധിതരായി.

ഒരു പാർട്ടിയുടെ നേതാവിനെ കൂട്ടുപിടിച്ച് സിസ്റ്റർ ജിജി അവാർഡുകളും അനുമോദനങ്ങളും സംഘടിപ്പിച്ച് താരപരിവേഷം നേടാൻ നിരന്തരം ശ്രമിച്ചെങ്കിലും കുട്ടികൾ കുറഞ്ഞുവരികയും ഡിവിഷൻ നഷ്ടമായി അധ്യാപകർ പുറത്താകുകയും ചെയ്യുന്നത് തുടർകഥയായി. അതിനും ദീപ ടീച്ചർ കുറ്റക്കാരിയാകുന്ന സ്ഥിതിയായി.

നിരന്തരം കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും ഉണ്ടായപ്പോൾ ദീപ ടീച്ചർ മാനസികമായി തകർന്നു.
അങ്ങനെയിരിക്കെ, അസുഖബാധിതയായ ദീപ ടീച്ചർ അവധി അപേക്ഷയുമായി കഴിഞ്ഞ സെപ്റ്റംബർ 18-ന് സ്കൂളിൽ എത്തി. അവശയായിരുന്ന ടീച്ചർ വണ്ടിയിൽ ഇരിക്കെ, ഭർത്താവായ അജീഷ് ഇളയ കുട്ടിയെയുമെടുത്ത് അപേക്ഷ നൽകാൻ സ്കൂൾ ഓഫീസിലെത്തി സിസ്റ്റർ ജിജിയെ സമീപിച്ചപ്പോൾ അവധി അനുവദിക്കില്ലെന്ന നിലപാടാണ് സിസ്റ്റർ സ്വീകരിച്ചത്. ഇതേച്ചൊല്ലി തർക്കമുണ്ടാകുകയും ഇരുകൂട്ടരും ശബ്ദമുയർത്തി സംസാരിക്കുകയും ബഹളമാകുകയും കുട്ടികൾ എത്തിനോക്കുകയും ചെയ്തത് സിസ്റ്റർക്ക് ക്ഷീണമായി; അവർ പോലീസിൽ പരാതിപ്പെട്ടു.

ഇതോടെ, താൻ പരാതിപ്പെടുമെന്ന് നിരന്തരം പറഞ്ഞിരുന്ന, ഇല്ലാത്ത കുട്ടിക്ക് ഹാജർ നൽകാൻ നിർബന്ധിക്കുന്നതായ കാര്യങ്ങൾ ഉൾപ്പെടെ സ്കൂളിൽ താനനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ AEO, DDE, DGE, HRC, വനിതാ കമ്മീഷൻ, വനിതാ സെൽ, പോലീസ്, എസ്.പി. തുടങ്ങി സാധ്യമായ എല്ലായിടങ്ങളിലും ദീപ ടീച്ചർ പരാതിപ്പെട്ടു. പക്ഷേ, സഭയുടെ കരുത്തിനാലും ആരുടെയൊക്കെയോ ചൂടിനാലും അവയെല്ലാം ആവിയായിപ്പോയി!

എതിർ പരാതിയായി, ദീപ ടീച്ചർക്കെതിരെ 8/10/26-ൽ വനിതാ സെല്ലിൽ സിസ്റ്റർ ജിജി പരാതി നൽകി. PTA പ്രസിഡന്റിനെക്കൊണ്ട് ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി. അധ്യാപകരെക്കൊണ്ട് കോർപ്പറേറ്റ് മാനേജർക്ക് ഭീമഹർജി കൊടുപ്പിച്ചു.

ഇതിനെല്ലാം പുറമെ, 18/9/26-ൽ ദീപ ടീച്ചറുടെ ഭർത്താവായ അജീഷ് സ്കൂളിന്റെ ഓഫീസ് മുറിയിൽ അതിക്രമിച്ച് കയറുകയും ഉച്ചത്തിൽ അസഭ്യം പറഞ്ഞ് തന്നെ അധിഷേപിക്കുകയും മനോവിഷമം ഉണ്ടാക്കുകയും കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ച് സിസ്റ്റർ ജിജി ജോർജ് കാഞ്ഞാർ പോലീസിൽ 13/10/26-ൽ പരാതി നൽകി. പരാതി കിട്ടിയപാടെ പോലീസ് സെക്ഷൻ 173 പ്രകാരം 0482/13/10/26 എന്ന നമ്പറിട്ട് FIR തയ്യാറാക്കി.

ഇതെത്തുടർന്ന് അജീഷിനെ സസ്പെൻഡ് ചെയ്യുമെന്ന വാർത്ത പരന്നതോടെയാണ് ടീച്ചർക്ക് സമരവുമായി മഠത്തിനു മുന്നിലെത്തേണ്ടിവന്നത്. സമരസ്ഥലത്ത് എത്തിയ ജനപ്രതിനിധികൾ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ് ടീച്ചർക്ക് നൽകിയതിനെത്തുടർന്ന് പാതിരാത്രി ഒരു മണിക്കുശേഷം സമരം അവസാനിപ്പിച്ചു.

എന്നാൽ 14/10/26-ൽ ഈ ജനപ്രതിനിധികളെ വിളിച്ചിരുത്തി, സ്കൂൾ പ്രവൃത്തി സമയത്ത് സ്കൂളിന്റെ ഓഫീസ് മുറി പത്രസമ്മേളന വേദിയാക്കി, ടീച്ചർക്കെതിരെ നടപടി എടുക്കണമെന്ന് ഭീഷണി മുഴക്കുകയാണ് സിസ്റ്റർ ജിജി ചെയ്തത്. സ്വന്തം വാക്കിനോട് നീതിപുലർത്താതെ ടീച്ചറെ വഞ്ചിക്കുകയാണ് ജനപ്രതിനിധികളായ ടി. പൊതുപ്രവർത്തകർ ചെയ്തത്. ഇത് തികച്ചും അപലപനീയമാണ്.

കൂടാതെ ദീപ ടീച്ചർ സ്കൂളിനെതിരെ പരാതി നൽകി സ്കൂളിന്റെ സൽപ്പേര് നശിപ്പിക്കാൻ ശ്രമിച്ചു എന്നും ഇക്കൂട്ടർ ആരോപിച്ചു. ക്രിസ്തീയ മാർഗത്തിൽ പ്രവർത്തിക്കേണ്ട സ്ഥാപനത്തിലെ ക്രമക്കേടുകൾ അവിടെത്തന്നെ പരിഹരിക്കാൻ ശ്രമിച്ചിട്ടും സാധിക്കാതെ വന്നപ്പോൾ അത് മേലധികാരികളെ അറിയിച്ചത് സൽപ്പേര് സംരക്ഷിക്കാനുള്ള ആഗ്രഹമായല്ലേ കണക്കാക്കേണ്ടത്?

ഇതിന്റെ ഭാഗമായി ചിലർ ബാലാവകാശത്തെക്കുറിച്ചൊക്കെ വാചാലമാകുന്ന വീഡിയോ കാണാനിടയായി. മാതാപിതാക്കളെ വഴിയാധാരമാക്കാൻ ശ്രമിച്ചുകൊണ്ടുള്ള ബാലാവകാശ സംരക്ഷണത്വരയുടെ ഉദ്ദേശ്യശുദ്ധി സംശയകരമാണ്.

ക്ഷമിക്കാനും വിട്ടുവീഴ്ച ചെയ്യാനും ശത്രുവിനെ സ്നേഹിക്കാനും പഠിപ്പിച്ച യേശുവിന്റെ അനുയായി എന്ന് അവകാശപ്പെടുന്ന സന്യാസിനിയായ സിസ്റ്റർ ജിജി, കള്ളക്കേസ് കൊടുത്തും രാഷ്ട്രീയ നേതാക്കളുമായുള്ള തനിക്കുള്ള വിപുലമായ ബന്ധങ്ങളുപയോഗിച്ചും ദീപ ടീച്ചറെ ‘ശരിയാക്കിക്കളയും’ എന്ന മട്ടിൽ ശക്തിപ്രകടനം നടത്തുന്നതും തന്റെ സ്ഥാനത്തിനും വ്രതത്തിനും ഭൂഷണമാണോ എന്ന് ആത്മപരിശോധന നടത്തി, ടി. ഉദ്യമത്തിൽനിന്ന് അവർ പിന്മാറണമെന്ന് ഈശോയുടെ നാമത്തിൽ ഞങ്ങൾ സിസ്റ്റർ ജിജിയോട് അഭ്യർഥിക്കുന്നു എന്ന് കെസി ആർ എം പ്രവർത്തകർ പറഞ്ഞു.

തങ്ങൾ ആഗ്രഹിച്ച ഉദ്യോഗം നേടിയെടുത്തശേഷം സന്യാസവസ്ത്രം സൗകര്യപൂർവം ഉപേക്ഷിക്കുന്നവരുണ്ട് എന്ന മുൻവിധിയോടെ ദീപ ടീച്ചറെയും കുടുംബത്തെയും കണ്ട് അവസരം ഒറ്റപ്പെടുത്തി ഇല്ലാതാക്കാമെന്ന സഭാമേധാവികളുടെ പാരമ്പരാഗത നിലപാട് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല.

കുടുംബം പോറ്റാൻ പണിയെടുത്ത്, അതിന് പൊതുജനങ്ങളുടെ നികുതിപ്പണത്തിൽനിന്ന് സർക്കാർ തരുന്ന ശമ്പളം വാങ്ങുന്നത് അതിന് യോഗ്യതയും കഴിവുമുള്ളതിനാലാണ്. അല്ലാതെ അത് സഭാമേധാവികളുടെ ഔദാര്യമല്ല.

അതിനാൽ ദീപ ടീച്ചർക്കും കുടുംബത്തിനുമെതിരെയുള്ള കള്ളക്കേസും പ്രതികാര നടപടികളും അവസാനിപ്പിച്ച് സമാധാനത്തോടെ അവർക്ക് ജോലി ചെയ്യാനും ജീവിക്കാനുമുള്ള അവസരമുണ്ടാക്കണമെന്നും അല്ലാത്തപക്ഷം അവകാശ സംരക്ഷണത്തിനായി മറ്റൊരു ‘വഞ്ചിസ്ക്വയർ സമരത്തിന്’ KCRM മടിക്കില്ലെന്നും ഓർമ്മിപ്പിക്കുന്നു എന്ന് അവർ പറഞ്ഞു.

Content Highlights: The Kerala Catholic Church Reformation Movement (KCRM) has come forward in support of Smt. Deepa Jolly, a teacher at St. George U.P. School, Moolamattom. KCRM leaders held a press conference at the Thodupuzha Press Club to express their support for Deepa Jolly, who is a former nun. K. George Joseph, Shaji Francis, A.P. Jolly, and C.O. Francis participated in the press conference.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *