ന്യൂഡല്‍ഹി: വികസ്വര-അവികസിത രാജ്യങ്ങളുടെ കൂട്ടായ്മ (Global south) തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരായി മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ അംഗരാജ്യത്തിനും സ്വന്തം ശബ്ദമുണ്ടാകേണ്ടതിന്റെ ആവശ്യകത ഡല്‍ഹിയില്‍ നടന്ന ബ്രിക്സ് (BRICS) ഉച്ചകോടിയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യവെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘ആഗോള സംഘടനകളില്‍ മുന്‍നിരയില്‍ ഇടംപിടിക്കുമ്പോഴും, തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ ‘ഗ്ലോബല്‍ സൗത്ത്’ പിന്നിലാണ്. ‘വിശേഷാധികാരങ്ങളുടെ പിരമിഡ്’ എന്ന അവസ്ഥയില്‍ നിന്ന് മാറി, പങ്കാളിത്തത്തിന്റെ വേദിയായി ഇതിനെ നാം മാറ്റണം. അവിടെ ഓരോ രാജ്യത്തിനും ശബ്ദമുണ്ടാകണം, ഓരോ അംഗത്തിനും പങ്കാളിത്തമുണ്ടാകണം, ഒപ്പം മാനവരാശിയുടെ പുരോഗതിയായിരിക്കണം എല്ലാ പ്രവര്‍ത്തനങ്ങളുടെയും കാതല്‍.’- പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രാദേശിക കൂട്ടായ്മയുടെ അടുത്ത ഉച്ചകോടിക്ക് മുമ്പായി 10 ഇന പരിഷ്കരണ കര്‍മപദ്ധതി തയ്യാറാക്കണമെന്നും നരേന്ദ്ര മോദി നിര്‍ദേശിച്ചു. പ്രാതിനിധ്യം, പ്രതികരണശേഷി, നിയമ നിര്‍മാണം എന്നീ മൂന്ന് പ്രധാന തൂണുകളെ അടിസ്ഥാനമാക്കിയുള്ളതാകണം ഈ കര്‍മപദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ‘പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലെ പരിഷ്കരണങ്ങള്‍ ഇനി വൈകിപ്പിക്കാനാവില്ല. ഇക്കാര്യത്തില്‍, രേഖാമൂലമുള്ള ചര്‍ച്ചകളെ കൃത്യമായ സമയക്രമവുമായും വ്യക്തവും പ്രകടവുമായ ഫലങ്ങളുമായും ബന്ധിപ്പിക്കേണ്ടതുണ്ട്.’- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. Post navigation കോടതിയില്‍ പരാജയപ്പെട്ട ആരോപണങ്ങള്‍ക്ക് ഇ ഡി രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കുന്നു: പിണറായി വിജയൻ