Daayra

മേഘ്‌ന ഗുൽസാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഏറെ പ്രതീക്ഷയുള്ള ക്രൈം ത്രില്ലർ ചിത്രം ‘ദായ്‌റ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബോളിവുഡ് താരം കരീന കപൂർ ഖാനും മലയാളത്തിന്റെ പ്രിയനടൻ പൃഥ്വിരാജ് സുകുമാരനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ സസ്പെൻസ് നിറഞ്ഞ അന്തരീക്ഷത്തെക്കുറിച്ചും കഥാപരിസരത്തെക്കുറിച്ചും വലിയ ദുരൂഹത ഉണർത്തുന്ന രീതിയിലാണ് പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 31-ന് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങാനിരിക്കെ, ഇരു കഥാപാത്രങ്ങളും തമ്മിലുള്ള ബന്ധമെന്താണെന്ന ചോദ്യം സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.

പോലീസ് ടേപ്പിന്റെ നിരവധി പാളികൾക്കിടയിൽ പരസ്പരം പുറംതിരിഞ്ഞ് നിൽക്കുന്ന കരീന കപൂർ ഖാനെയും പൃഥ്വിരാജ് സുകുമാരനെയുമാണ് പോസ്റ്ററിൽ ദൃശ്യമാക്കിയിരിക്കുന്നത്. പശ്ചാത്തലത്തിൽ അവ്യക്തമായ ഒരു മുഖവും കാണാം. രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളിലേക്കും വൈരുദ്ധ്യമുള്ള ചിന്തകളിലേക്കും വിരൽചൂണ്ടുന്നതാണ് ഈ രംഗം. പോലീസ് ടേപ്പുകൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ എന്തൊക്കെയാണ്, ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന യഥാർത്ഥ കണ്ണിയെന്താണ് തുടങ്ങിയ അനവധി ചോദ്യങ്ങളാണ് ചിത്രം പ്രേക്ഷകരിലേക്ക് എറിഞ്ഞുതരുന്നത്.

കാണാനാകുന്ന ദൃശ്യങ്ങൾക്കും മറച്ചുവെച്ചിരിക്കുന്ന വസ്തുതകൾക്കും ഇടയിൽ വലിയൊരു ദുരൂഹത നിലനിർത്താൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ട്രെയിലർ റിലീസിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രേക്ഷകരുടെ ആകാംക്ഷയും ഇരട്ടിയായിരിക്കുകയാണ്. ജംഗ്ലീ പിക്‌ചേഴ്‌സും പെൻസ്റ്റുഡിയോസും ആദ്യമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് ‘ദായ്‌റ’. ‘തൽവാർ’, ‘റാസി’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജംഗിൾ പിക്‌ചേഴ്‌സും ദേശീയ പുരസ്‌കാര ജേതാവായ സംവിധായിക മേഘ്‌ന ഗുൽസാറും വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ വലിയ ലേബലാണ്.

ഇന്ത്യൻ സിനിമയിലെ തന്നെ രണ്ട് മികച്ച അഭിനേതാക്കളായ കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും ആദ്യമായി ഒരുമിച്ച് സ്‌ക്രീനിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് യഷ് കേസ്വാനി, സീമ അഗർവാൾ, മേഘ്‌ന ഗുൽസാർ എന്നിവർ ചേർന്നാണ്. പെൻ മറുധർ വിതരണത്തിനെത്തിക്കുന്ന ‘ദായ്‌റ’ 2026 സെപ്റ്റംബർ 18-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പി.ആർ.ഒ: സതീഷ് എരിയാളത്ത്.

By Editor

Leave a Reply

Your email address will not be published. Required fields are marked *