mammootty 9

ശത്രുക്കളെ നേരിടാൻ ആയുധങ്ങളല്ല, സ്നേഹവും സൗഹൃദവുമാണ് വേണ്ടതെന്ന വ്യത്യസ്തമായ സന്ദേശവുമായി നടൻ മമ്മൂട്ടി. “ശത്രുക്കളെ നശിപ്പിക്കാൻ എനിക്ക് ചെറിയ വിദ്യയുണ്ട്, അവരെ എന്റെ മിത്രങ്ങളാക്കും” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ശ്രേഷ്ഠ ബാവാ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യപ്രവർത്തനങ്ങളിൽ തന്നോട് ഏറെ സഹകരിച്ച വ്യക്തിയായിരുന്നു ശ്രേഷ്ഠ ബാവാ തിരുമേനിയെന്നും അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമായി തോന്നിയതുകൊണ്ടാണ് ചടങ്ങിൽ എത്തിയതെന്നും മമ്മൂട്ടി പറഞ്ഞു. തന്റെ അഭിനയപ്രകടനത്തിൽ പലർക്കും തൃപ്തിയും അതൃപ്തിയുമുണ്ടാകാമെന്നും ഇത്തരമൊരു പുരസ്കാരം നൽകാൻ തീരുമാനിച്ചതിന് പിന്നിൽ ഒരുപാട് അർഥങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിൽ വർധിച്ചുവരുന്ന വെറുപ്പിനെയും പരസ്പര വിദ്വേഷത്തെയും കുറിച്ചും മമ്മൂട്ടി ശക്തമായി സംസാരിച്ചു. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ പരസ്പരം വെറുക്കാനും മനസ്സിലേക്ക് വിദ്വേഷം കുത്തിക്കയറ്റാനും അപരവിദ്വേഷം വളർത്താനും പ്രേരിപ്പിക്കുന്ന നിരവധി കാര്യങ്ങളാണ് നമ്മൾ കണ്ടുകൊണ്ടും കേട്ടുകൊണ്ടുമിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്പരം ശത്രുക്കളായി കാണുന്നവരാണ് പലരും. എന്നാൽ നമ്മുടെ യഥാർഥ ശത്രു തിന്മയാണെന്നും നന്മയല്ലെന്നും മമ്മൂട്ടി പറഞ്ഞു. തിന്മയെ പല പേരുകളിൽ വിളിച്ചാലും അതിന്റെ സ്വഭാവം മാറില്ലെന്നും വെറുപ്പ് തിന്മയുടെ മറ്റൊരു വാക്കാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ശത്രുക്കളെ ഇല്ലാതാക്കാനുള്ള തന്റെ ചെറിയ വിദ്യയെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് മമ്മൂട്ടിയുടെ വാക്കുകൾ കൂടുതൽ ശ്രദ്ധേയമായത്. “ബോംബിട്ടുകൊല്ലുകയോ, ആളെവിട്ട് തല്ലിക്കുകയോ, വെടിവച്ചുകൊല്ലുകയോ അല്ല. അറിയുന്ന എല്ലാ ശത്രുക്കളെയും ഞാൻ ഇല്ലാതാക്കുന്നത് അവരെ എന്റെ മിത്രങ്ങളാക്കിയാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കാൻ കഴിയുമെന്നും അതിന് അവർ മുൻകൈ എടുക്കുന്നതുവരെ കാത്തിരിക്കാതെ നമ്മൾ തന്നെ മുൻകൈ എടുക്കണമെന്നും മമ്മൂട്ടി പറഞ്ഞു. പ്രതികാരത്തിനും വിദ്വേഷത്തിനും പകരം സൗഹൃദം തിരഞ്ഞെടുക്കണമെന്ന അദ്ദേഹത്തിന്റെ ഈ സന്ദേശം പുരസ്കാരവേദിയിലെ പ്രസംഗത്തിനപ്പുറം സമൂഹത്തിന് നൽകുന്ന വലിയൊരു ഓർമപ്പെടുത്തലായി മാറുകയാണ്.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *