Tue. Jun 16th, 2026

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന “ചിന്ന ചിന്ന ആസൈ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. കൊച്ചി ഫോറം മാളിലെ പിവിആർ സിനിമാസിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരും സിനിമാ രംഗത്തെ പ്രമുഖരും ചേർന്ന് ട്രെയ്‌ലർ ലോഞ്ച് നിർവ്വഹിച്ചത്. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത്. ദുൽഖർ സൽമാന്റെ പ്രശസ്ത വിതരണ കമ്പനിയായ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിച്ച ഈ ചിത്രത്തിന് കഴിഞ്ഞ ദിവസം ക്ലീൻ ‘U’ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ചിത്രം ജൂൺ 19-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും.

പൂർണ്ണമായും വാരണാസിയുടെ (കാശി) മനോഹരമായ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം പ്രണയവും വൈകാരിക നിമിഷങ്ങളും സംഗീതവും കോർത്തിണക്കിയ ഒരപൂർവ്വ ദൃശ്യവിരുന്നായിരിക്കുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വലിയ പ്രേക്ഷക പ്രശംസ നേടിയ ‘എന്റെ നാരായണിക്ക്’ എന്ന ഹ്രസ്വചിത്രത്തിന് ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ആദ്യ ഫീച്ചർ ഫിലിം കൂടിയാണിത്. സംവിധായിക തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തിൽ, ഒരിടവേളയ്ക്ക് ശേഷം ശക്തമായ ഒരു കേന്ദ്ര കഥാപാത്രവുമായി നടി മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇന്ദ്രൻസും മധുബാലയും തമ്മിലുള്ള അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണമായിരിക്കും.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് ഈണം പകർന്നിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയാണ്. ചിത്രത്തിലേതായി മുൻപ് പുറത്തുവന്ന “കഥക്”, “കര കവിയാതെ” എന്നീ ഗാനങ്ങൾ ഇതിനകം തന്നെ മ്യൂസിക് ചാർട്ടുകളിൽ ഇടംനേടി വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മധുബാലയ്ക്കും ഇന്ദ്രൻസിനും പുറമെ അപർണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മികച്ചൊരു ഫീൽ ഗുഡ് സിനിമയ്ക്കായി കാത്തിരിക്കുന്ന മലയാളി പ്രേക്ഷകർക്ക് ‘ചിന്ന ചിന്ന ആസൈ’ തിയേറ്ററുകളിൽ വലിയൊരു അനുഭവമായിരിക്കുമെന്നാണ് ട്രെയ്‌ലർ നൽകുന്ന പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *