ഡൽഹി: പാട്ടും നൃത്തവും പരമ്പരാഗത വേഷങ്ങളും നിറഞ്ഞ ആഘോഷരാവ്! ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ നേപ്പാൾ എംബസിയിൽ അരങ്ങേറിയത് നേപ്പാളിന്റെ തനതായ തിഹാർ ഉത്സവത്തിന്റെ മനോഹരമായ കാഴ്ചകൾ. ദേവുസി–ഭൈലോ എന്ന പരമ്പരാഗത നാടൻ പാട്ടും നൃത്തവും അവതരിപ്പിക്കാൻ നേപ്പാൾ സമൂഹത്തിലെ ആയിരത്തോളം പേരാണ് ന്യൂഡൽഹിയിലെ എംബസിയിൽ ഒത്തുചേർന്നത്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള സാംസ്കാരിക ബന്ധം വിളിച്ചോതുന്നതായിരുന്നു ആഘോഷം. ഇന്ത്യയിലെ നേപ്പാൾ എംബസിയുടെ ചാർജ് ഡി അഫയേഴ്സ് ഡോ. സുരേന്ദ്ര ഥാപ്പയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഏകദേശം ആയിരത്തോളം നേപ്പാൾ വംശജർ ആഘോഷത്തിൽ പങ്കെടുത്തതായി അദ്ദേഹം വ്യക്തമാക്കി. നേപ്പാളിന്റെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുകയും പ്രവാസികൾക്കിടയിൽ ആഘോഷങ്ങളുടെ ആവേശം നിലനിർത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്നും ഇന്ത്യയും നേപ്പാളും ഒരേ സാംസ്കാരിക പൈതൃകം പങ്കിടുന്ന രാജ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞെത്തിയ സ്ത്രീകളും പുരുഷന്മാരും കുട്ടികളും എംബസി വളപ്പിൽ പാട്ടും നൃത്തവുമായി ആഘോഷത്തിൽ പങ്കുചേർന്നു. നേപ്പാളിലെ അഞ്ച് ദിവസം നീളുന്ന പ്രധാന ആഘോഷമാണ് തിഹാർ. യമപഞ്ചക് എന്നും അറിയപ്പെടുന്ന ഈ ഉത്സവത്തിൽ കാക്കകൾ, നായ്ക്കൾ, പശുക്കൾ, കാളകൾ, സഹോദരങ്ങൾ എന്നിവർക്കായി പ്രത്യേക ആചാരങ്ങളുണ്ട്. ലക്ഷ്മീപൂജയും ഭായി ടിക്കയും ആഘോഷത്തിന്റെ പ്രധാന ഭാഗങ്ങളാണ്. വീടുകൾതോറും സംഘങ്ങളായി സഞ്ചരിച്ച് പരമ്പരാഗത പാട്ടുകൾ പാടുകയും നൃത്തം ചെയ്യുകയും അനുഗ്രഹങ്ങൾ നേരുകയും ചെയ്യുന്ന രീതിയാണ് ദേവുസി–ഭൈലോ. പകരമായി പണം, പഴങ്ങൾ, സെൽ റോട്ടി എന്നറിയപ്പെടുന്ന വളയാകൃതിയിലുള്ള അരിയപ്പം തുടങ്ങിയ സമ്മാനങ്ങൾ നൽകും. പരമ്പരാഗതമായി ലക്ഷ്മീപൂജാ രാത്രിയിൽ പെൺകുട്ടികളും സ്ത്രീകളും ഭൈലോ അവതരിപ്പിക്കുമ്പോൾ തുടർന്നുള്ള രാത്രികളിൽ ആൺകുട്ടികളും പുരുഷന്മാരുമാണ് ദേവുസി പാടിയിരുന്നത്. എന്നാൽ ഇപ്പോൾ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഒരുമിച്ച് ഇരു പരിപാടികളും അവതരിപ്പിക്കാറുണ്ട്. രാജാവ് ബാലിയുടെ ഉദാരതയുമായി ബന്ധപ്പെടുത്തിയാണ് ഈ ആചാരത്തിന്റെ ഉത്ഭവം നാടോടിക്കഥകളിൽ വിവരിക്കുന്നത്. നവംബർ എട്ടിന് എംബസിയിൽ കുക്കുർ തിഹാർ ആഘോഷിച്ചതിന് പിന്നാലെയാണ് ദേവുസി–ഭൈലോ പരിപാടിയും സംഘടിപ്പിച്ചത്. തിഹാർ ഉത്സവത്തിന്റെ രണ്ടാം ദിവസമായ അന്ന് നായ്ക്കളെ ചെണ്ടുമല്ലിപ്പൂമാലയണിയിച്ചും നെറ്റിയിൽ ചുവന്ന തിലകം ചാർത്തിയും പ്രത്യേക ഭക്ഷണം നൽകിയും ആദരിച്ചു. നായ്ക്കളുടെ വിശ്വസ്തതയ്ക്കും മനുഷ്യരുമായുള്ള സൗഹൃദത്തിനുമുള്ള ആദരവായാണ് ഈ ആചാരം. നയതന്ത്രപ്രതിനിധികളും എംബസി ജീവനക്കാരും നേപ്പാൾ സമൂഹാംഗങ്ങളും കുക്കുർ തിഹാർ ആഘോഷത്തിലും പങ്കെടുത്തിരുന്നു. ഡൽഹിയിലെ ബരാഖംബ റോഡിലുള്ള നേപ്പാൾ എംബസിയിലെ ഇത്തരം പരിപാടികൾ പ്രവാസികൾക്ക് സ്വന്തം നാട്ടിലെ ആഘോഷാന്തരീക്ഷം വീണ്ടും അനുഭവിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള സാംസ്കാരിക അടുപ്പം നിലനിർത്തുന്നതിലും ഈ ആഘോഷങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. Content Highlights: A festive evening filled with music, dance, and traditional attire! Against the backdrop of Diwali celebrations, the Embassy of Nepal in Delhi hosted a beautiful showcase of Nepal’s unique Tihar festival. Post navigation സായയുടെ മരണം ആത്മഹത്യയോ? ലാപ്ടോപ്പും ഡയറിക്കുറിപ്പുകളും കാണാനില്ലെന്ന് കുടുംബം ‘സര്ക്കാര് നല്കുന്നത് അഴിമതിക്കെതിരെ ശബ്ദിച്ചാല് നിങ്ങളെ കുരുക്കുമെന്ന സന്ദേശം’: എം ബി രാജേഷ്