Wed. Jun 10th, 2026

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറിന് മന്ത്രിമാരുടെ അന്തിമ പട്ടിക കൈമാറിയ ശേഷമാണ് വി ഡി സതീശൻ വാർത്താസമ്മേളനം നടത്തി പ്രഖ്യാപനം നടത്തിയത്. ഘടകകക്ഷികളുമായുള്ള നീണ്ട ചർച്ചകൾക്കും ഗ്രൂപ്പ് സമവാക്യങ്ങൾക്കും ഒടുവിലാണ് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള പട്ടിക തയ്യാറാക്കിയത്. കോൺഗ്രസ്, മുസ്ലിംലീഗ്, കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് ജേക്കബ്, കെഡിപി എന്നീ കക്ഷികൾക്കെല്ലാം മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ട്.

കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുക. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവർക്കൊപ്പം എ പി അനിൽ കുമാർ, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ്, റോജി എം ജോൺ, ടി സിദ്ദിഖ്, കെ എ തുളസി എന്നിവരാണ് കോൺഗ്രസ് പ്രതിനിധികളായി മന്ത്രിസഭയിലെത്തുന്നത്. കൂടാതെ, രണ്ടര വർഷത്തിന് ശേഷം ടേം വ്യവസ്ഥയിൽ വയനാട്ടിൽ നിന്നുള്ള ഐ സി ബാലകൃഷ്ണനും മന്ത്രിയാകുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ പദവിയിലേക്കും ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കും പാർട്ടി നിശ്ചയിച്ചു.

മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിംലീഗിൽ നിന്ന് അഞ്ച് മന്ത്രിമാരാണുള്ളത്. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, കെ എം ഷാജി, വി ഇ അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗ് മന്ത്രിമാർ. ആദ്യഘട്ടത്തിൽ കോഴിക്കോട് ജില്ലയിൽ നിന്ന് പ്രതിനിധികളില്ലാത്തത് കണക്കിലെടുത്ത്, പ്രാദേശിക സമവായത്തിന്റെ ഭാഗമായി രണ്ടര വർഷത്തിന് ശേഷം പാറക്കൽ അബ്ദുള്ള ടേം വ്യവസ്ഥയിൽ മന്ത്രിസഭയിലെത്തും.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നുള്ള തർക്കങ്ങൾക്കൊടുവിൽ മോൻസ് ജോസഫ് മന്ത്രിയാകും. പാർട്ടിയിലെ അപു ജോസഫിനെ പുതിയ ചീഫ് വിപ്പായി നിയമിക്കുമെന്നാണ് സൂചന. മറ്റ് ഘടകകക്ഷികളായ ആർഎസ്പിയിൽ നിന്ന് ഷിബു ബേബി ജോണും സിഎംപിയിൽ നിന്ന് സി പി ജോണും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.

മുഖ്യമന്ത്രിയോടൊപ്പം സമ്പൂർണ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്യുമെന്ന് വി ഡി സതീശൻ പറഞ്ഞു. 20 യുഡിഎഫ് മന്ത്രിമാരുടെ ലിസ്റ്റ് ഗവർണർക്ക് സമർപ്പിച്ചു. നാളെ 21 പേര് സത്യപ്രതിജ്ഞ ചെയ്യും. അർഹതയുള്ള പല ആളുകളേയും പല സമവാക്യങ്ങൾ നോക്കുമ്പോൾ പരിഗണിക്കാന്‍ പറ്റിയിട്ടില്ലെന്നും അതിൽ സങ്കടമുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. നാളെയാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *