Sat. May 16th, 2026

‘മാർക്കോ’യ്ക്ക് ശേഷം മലയാളത്തിൽ നിന്നുള്ള മറ്റൊരു ആക്ഷൻ വിരുന്നായി എത്തുന്ന ആന്റണി വർഗീസ് പെപ്പെ ചിത്രം ‘കാട്ടാളന്റെ’ പ്രൊമോ ഗാനം പുറത്തിറങ്ങി. ‘ദി ഹണ്ടർ ആന്തം’ എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിഫൈയിങ് ഗാനം സൂപ്പർസ്റ്റാർ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. നിഹാൽ സാദിഖ് സംഗീതം നൽകിയ ഈ ആവേശം നിറയ്ക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിഹാൽ, ഹനാൻ ഷാ, എസ്‌വിഡിപി, മുൻസ് എന്നിവർ ചേർന്നാണ്. സുഹൈൽ കോയ, വിഘ്‌നേഷ്, എസ്‌വിഡിപി എന്നിവരുടേതാണ് വരികൾ.

ക്യൂബ്‌സ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 28-ന് തിയേറ്ററുകളിലെത്തും. ട്രെയിലറിലൂടെയും ടീസറിലൂടെയും ഇതിനകം ശ്രദ്ധനേടിയ ചിത്രത്തിന് രവി ബസ്രൂറാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ആനയുമായുള്ള സംഘട്ടന രംഗങ്ങൾ വിഎഫ്എക്‌സിന്റെ സഹായമില്ലാതെ യഥാർത്ഥ ആനയെ ഉപയോഗിച്ച് ചിത്രീകരിച്ചു എന്നത് സിനിമയുടെ വലിയ പ്രത്യേകതകളിലൊന്നാണ്.

ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ്, ജഗദീഷ്, സിദ്ധിഖ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ ഉണ്ണി ആറാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കുന്നത്. രെണദേവ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ബി. അജനീഷ് ലോക്നാഥ് ആണ് അഡീഷണൽ സോങ്ങ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രങ്ങളിൽ ഒന്നാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ കാട്ടാളനായി കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *