shahrukhkhan7

പാൻമസാല പരസ്യത്തിൽ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച നടപടിക്കെതിരെ നിർമ്മാണ കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്കെതിരെയുള്ള മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ‘വിമൽ എലൈച്ചി’ നിർമ്മാതാക്കളായ പി.ബി. അഗ്രോ കോടതിയെ സമീപിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിൽ നിരോധിക്കപ്പെട്ട പാൻമസാല ഉൽപ്പന്നത്തിന്റെ പരസ്യത്തിൽ താരങ്ങൾ അഭിനയിച്ചെന്നാരോപിച്ചായിരുന്നു എഫ്.ഡി.എ നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ഇത് കേവലം ഏലം ഉൽപ്പന്നത്തിന്റെ പരസ്യം മാത്രമാണെന്നും, ഈ വിഷയം മഹാരാഷ്ട്ര എഫ്.ഡി.എയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നുമാണ് കമ്പനി കോടതിയിൽ വാദിക്കുന്നത്.

വിമൽ പാൻമസാല നിർമ്മാതാക്കളുടെ തന്നെ ‘വിമൽ ഏലക്കാ ച്യൂയിംഗം’ പരസ്യത്തിലാണ് പ്രമുഖരായ മൂന്ന് താരങ്ങളും ഒന്നിച്ച് അഭിനയിച്ചത്. മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിലാണ് താരങ്ങൾക്ക് നോട്ടീസ് അയച്ചത്. ഏലക്കയുടെ മറവിൽ നിരോധിത ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് മൂല്യം കൃത്രിമമായി ഉയർത്താനാണ് പരസ്യം ശ്രമിക്കുന്നതെന്ന് തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിലുള്ള ഒമ്പത് പേജുള്ള നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. ഈ നിയമനടപടിക്കെതിരെയാണ് കമ്പനി ഇപ്പോൾ ഹൈക്കോടതിയുടെ ഇടപെടൽ തേടിയിരിക്കുന്നത്.

By Editor

Leave a Reply

Your email address will not be published. Required fields are marked *