Sun. Jun 14th, 2026

ന്യൂഡൽഹി: ഇന്ത്യ മുന്നണി യോഗത്തിൽ മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി രംഗത്ത്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ ആരും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുന്നില്ലെന്നും മറിച്ച് പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്ന മോദി സർക്കാരിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സഹായിയായി മാറുന്നത് അവസാനിപ്പിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും എം എ ബേബി വ്യക്തമാക്കി.

പിണറായി വിജയനെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതിലൂടെ രാഹുൽ ഗാന്ധി ഇ ഡിക്ക് സൗകര്യം ചെയ്തുനൽകുകയാണ്. ഇത് ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ ജോലിയല്ലെന്നും എം എ ബേബി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. കഴിഞ്ഞ ജൂൺ 8 ന് നടന്ന ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ ഓഡിയോ കോൺഗ്രസ് പുറത്തുവിട്ടതിന് പിന്നാലെയാണ് എം എ ബേബിയുടെ പ്രതികരണം.

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടതുപക്ഷത്തിന് ബി ജെ പിയുമായി ധാരണയുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് മുന്നണി യോഗത്തിന് മുന്നോടിയായി എം എ ബേബി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ചിരുന്നു.

എന്നാൽ അടച്ചിട്ട മുറിയിൽ നടന്ന മുന്നണി യോഗത്തിൽ ബി ജെ പിയെ പ്രതിപക്ഷം എങ്ങനെ നേരിടണം എന്ന് വിശദീകരിക്കുന്നതിനിടയിലാണ് രാഹുൽ ഗാന്ധി പിണറായി വിജയനെ പരാമർശിച്ചത്. പ്രതിപക്ഷ പാർട്ടികൾ തമ്മിൽ ഏകോപനമില്ലെന്ന ബി ജെ പിയുടെ പ്രചാരണം തെറ്റാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, ദേശീയതലത്തിലെ സഖ്യകക്ഷികളുമായി പ്രാദേശികമായി രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടാകാമെന്ന് ചൂണ്ടിക്കാട്ടി.

കേരളത്തിലെ സാഹചര്യം ഉദാഹരണമായി പറഞ്ഞ അദ്ദേഹം, തനിക്ക് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി രാഷ്ട്രീയ പോരാട്ടം നിലനിൽക്കുന്നുണ്ടെന്നും അതിനാൽ അദ്ദേഹത്തെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്നും വ്യക്തമാക്കുകയായിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രസർക്കാർ തകർക്കുമ്പോൾ കോൺഗ്രസ് അതിനെതിരെ കൂടുതൽ ശക്തമായി പോരാടുമെന്നും രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *