Sun. Jun 14th, 2026

മുംബൈ: മുംബൈ കെഇഎം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനിയായ സേജൽ പവാറിനെതിരെ അധികൃതർ അച്ചടക്കനടപടി സ്വീകരിച്ചു. ഒരു സ്റ്റാൻഡപ് കോമഡി ഷോയ്ക്കിടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചതിനെത്തുടർന്നാണ് നടപടി. പതിനഞ്ച് ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ച അധികൃതർ, ഈ കാലയളവിൽ കോളേജ് ക്യാംപസിലേക്കോ ഹോസ്റ്റലിലേക്കോ പ്രവേശിക്കുന്നതിന് വിദ്യാർഥിനിക്ക് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

അവതാരകനായ പ്രണിത് മോറെയുടെ കോമഡി ഷോയിൽ പങ്കെടുത്ത സേജൽ, പോസ്റ്റ്മോർട്ടം ചെയ്യുന്നതിനിടെ പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ച് തമാശ രൂപേണ സംസാരിച്ചത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നതിനെത്തുടർന്ന് മഹാരാഷ്ട്ര സൈബർ പൊലീസ് സേജലിനെതിരെ കേസെടുത്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കെഇഎം കോളേജ് അധികൃതർ അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും, വിഡിയോയിലുള്ളത് സേജൽ തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനുപിന്നാലെ വിദ്യാർഥിനിയുടെ മാതാപിതാക്കളെ കോളജിലേക്ക് വിളിച്ചുവരുത്തി സ്ഥിതിഗതികൾ ബോധ്യപ്പെടുത്തിയിരുന്നു.

വിവാദങ്ങൾക്കൊടുവിൽ സേജൽ പരസ്യമായി മാപ്പുപറഞ്ഞ് വിഡിയോ പങ്കുവെച്ചെങ്കിലും, അന്വേഷണ കമ്മീഷൻ ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. അതേസമയം, വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളെത്തുടർന്നുണ്ടായ മാനസിക സമ്മർദം പരിഗണിച്ച്, വിദ്യാർഥിനിയെ കൗൺസലിങ്ങിന് വിധേയയാക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *